നമ്മില്‍ പ്രവര്‍ത്തിക്കാന്‍ ദൈവത്തെ അനുവദിക്കുന്നതിനുള്ള വഴിയാണ് പ്രാര്‍ത്ഥന: മാര്‍പാപ്പ

വത്തിക്കാന്‍ സിറ്റി: നമ്മില്‍ പ്രവര്‍ത്തിക്കാന്‍ ദൈവത്തെ അനുവദിക്കുന്നതിനുള്ള വഴിയാണ് പ്രാര്‍ത്ഥനയെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ.

ജീവിതപ്രശ്‌നങ്ങളിലും സങ്കീര്‍ണ്ണ സാഹചര്യങ്ങളിലും മുഴുകിയിരിക്കുന്ന നമ്മള്‍ തകര്‍ന്നുകിടക്കാന്‍ ആഗ്രഹിക്കുന്നില്ലെങ്കില്‍ മുകളിലേക്ക് നോക്കണം. പ്രാര്‍ത്ഥന ചെയ്യുന്നതും അതാണ്. അതൊരിക്കലും ഒളിച്ചോട്ടമല്ല. മാന്ത്രികാചാരമോ മനപ്പാഠമാക്കിയ മന്ത്രങ്ങളുടെ ആവര്‍ത്തനമോ അല്ല.

മറിച്ച് ഏറ്റവുംപ്രയാസകരമായ സാഹചര്യങ്ങളില്‍ പോലും അവിടുന്ന് നമ്മോട് പറയാന്‍ ആഗ്രഹിക്കുന്നത് എന്താണോ അത് ഗ്രഹിക്കാന്‍ കഴിയുന്നതിന് വേണ്ടി നമ്മില്‍ പ്രവര്‍ത്തിക്കാന്‍ ദൈവത്തെ അനുവദിക്കുന്നതിനുള്ള മാര്‍ഗ്ഗമാണ്. ജീവിതപ്രശ്‌നങ്ങളുടെ മുമ്പില്‍, കര്‍ത്താവേ മുന്നോട്ടുപോകാന്‍ എനിക്ക് ശക്തിയേകൂ എന്ന് പ്രാര്‍ത്ഥിക്കൂക.

പ്രാര്‍ത്ഥന നമ്മെ ദൈവവുമായി ഒന്നിപ്പിക്കുകയും അവിടുന്നുമായുളള കൂടിക്കാഴ്ചയിലേക്ക് ക്ഷണിക്കുകയും ചെയ്യുന്നു. നമ്മുടെ ഹൃദയങ്ങളെ കര്‍ത്താവിലേക്കു തുറക്കാന്‍ പ്രാര്‍ത്ഥന സഹായിക്കുന്നു. കര്‍ത്താവിലേക്ക് ഹൃദയം തുറക്കുന്ന താക്കോലാണ് പ്രാര്‍ത്ഥന. അത് ദൈവവുമായുള്ള സംഭാഷണവും അവിടുത്തെ ശ്രവിക്കലും ആരാധിക്കലുമാണ്.

അതോടൊപ്പം ജീവിതത്തെ ദൈവത്തിന് സമര്‍പ്പിച്ചുകൊണ്ടുള്ള മൗനം പാലിക്കലുമാണ്. ചില സമയങ്ങളില് ജോബിനെപോലെ അവിടുത്തോട് നിലവിളിക്കുക. ദൈവത്തിന് നമ്മെ മനസ്സിലാവും. അതുകൊണ്ട് അവിടുന്ന് ഒരിക്കലും നമ്മോട് കോപിക്കുന്നില്ല.

പ്രാര്‍ത്ഥന സ്വര്‍ഗ്ഗം തുറക്കുകയും ജീവിതത്തിന് പ്രാണവായു നല്കുകയും ചെയ്യുന്നു. കാര്യങ്ങളെ കൂടുതല്‍ വിശാലമായി കാണാനും ആശങ്കകള്‍ക്കിടയില്‍ ശ്വാസം നല്കാനും സഹായിക്കുന്നു. പിതാവിനാല്‍ സ്‌നേഹിക്കപ്പെടുന്ന മക്കളാണ് നാമെന്ന ബോധ്യവും പ്രാര്‍ത്ഥന നല്കുന്നു. പാപ്പ പറഞ്ഞു.

ഈശോയുടെ ജ്ഞാനസ്‌നാനതിരുനാളില്‍ നയിച്ച മധ്യാഹ്നപ്രാര്‍ത്ഥനയ്ക്ക് ഒരുക്കമായി നടത്തിയ വിചിന്തനത്തിലാണ് പാപ്പ ഇക്കാര്യങ്ങള്‍ പങ്കുവച്ചത്.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.
Leave A Reply

Your email address will not be published.