അനാഥാലയത്തില്‍ നിന്ന് കുട്ടികളെ ഒഴിപ്പിക്കാനുള്ള ഉത്തരവിന് മധ്യപ്രദേശ് ഹൈക്കോടതിയുടെ സ്‌റ്റേ

ജബല്‍പ്പൂര്‍: അനാഥാലയത്തില്‍ നിന്നും മതിയായ കാരണങ്ങള്‍ ഇല്ലാതെ കുട്ടികളെ ഒഴിപ്പിക്കാനുള്ള ശിശുക്ഷേമ സമിതി ഉത്തരവിന് മധ്യപ്രദേശ് ഹൈക്കോടതിയുടെ സ്‌റ്റേ.

സാഗറിലെ സെന്റ് ഫ്രാന്‍സിസ് അനാഥാലയത്തില്‍ നിന്നും മൂന്ന് കുട്ടികളെ മാറ്റാനുള്ള തീരുമാനത്തിനാണ് സ്റ്റേ. കുട്ടികളെ അനാഥാലയത്തില്‍ നിന്നും മാറ്റണമെന്ന ശിശുക്ഷേമസമിതി ഉത്തരവ് ചോദ്യം ചെയ്ത് സമര്‍പ്പിച്ച ഹര്‍ജിയിലാണ് കോടതി നടപടി.

സെന്റ് ഫ്രാന്‍സിസ് അനാഥാലയത്തിന്റെ സെക്രട്ടറി ഫാ. സിന്റോ വര്‍ഗീസാണ് ഹൈക്കോടതിയെ സമീപിച്ചത്. ഉത്തരവില്‍ പറഞ്ഞ മൂന്നു കുട്ടികളെ മാത്രമല്ല മറ്റ് 41 കുട്ടികളെയും ഇവിടെ നിന്ന് മാറ്റാനാണ് ശിശുക്ഷേമ സമിതി ശ്രമിച്ചതെന്നും ഹര്‍ജിക്കാര്‍ കോടതിയില്‍ വാദിച്ചു. ഇതോടെ ഡിസംബര്‍ 29 ന് കുട്ടികളെ മാറ്റാന്‍ ശിശുക്ഷേമ സമിതി പുറത്തിറക്കിയ ഉത്തരവ് ഹൈക്കോടതി സ്‌റ്റേ ചെയ്തു.

ജനുവരി ആറിന് ഉച്ചയ്ക്ക് ഒരു മണിക്കാണ് ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി അംഗങ്ങള്‍ സബ് ഡിവിഷനല്‍ മജിസ്‌ട്രേറ്റ്, പോലീസ് എന്നിവര്‍ക്കൊപ്പം അനാഥാലയത്തില്‍ എത്തിയതെന്ന് സാഗര്‍ രൂപത വക്താവ് ഫാ. തോമസ് ഫിലിപ്പ് പറഞ്ഞു. അനാഥാലയത്തിന്റെ രജിസ്‌ട്രേഷന്‍ കാലാവധി 2020 ല്‍ അവസാനിച്ചു എന്നതാണ് കാരണമായി അവര്‍ പറഞ്ഞതെന്നും അദ്ദേഹം വ്യക്തമാക്കി. സേവാസദന്‍ എന്ന ചാരിറ്റബിള്‍ സൊസൈറ്റിയുടെ പേരിലാണ് അനാഥാലയം പ്രവര്‍ത്തിക്കുന്നത്. ആദിവാസി ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും വേണ്ടിയുള്ളതാണ് ഈ സ്ഥാപനം.പത്താം ക്ലാസ് വരെയുള്ള ഹിന്ദി മീഡിയം സ്‌കൂളും നടത്തുന്നുണ്ട്.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.
Leave A Reply

Your email address will not be published.