ബാംഗഌര്: ക്രിസ്തുമസിന് ക്ലാസില്‍ മാംസ്യവും വൈനും വിളമ്പിയെന്ന ആരോപണത്തെ തുടര്‍ന്ന് സ്കൂള്‍ അടച്ചിടാന്‍ ഉത്തരവിട്ട നടപടി വിവാദത്തെ തുടര്‍ന്ന് കര്‍ണ്ണാടക വിദ്യാഭ്യാസ വകുപ്പ് പിന്‍വലിച്ചു. ബാഗല്‍കോട്ട് ഹുന്‍ഗുണ്ടിലെ സെന്റ് പോള്‍ സ്കൂളിന് എതിരെയായിരുന്നു നടപടി. മാംസവും വൈനും ബൈബിളും നല്കി വിദ്യാര്‍ത്ഥികളെയും രക്ഷിതാക്കളെയും മതം മാറ്റാന്‍ ശ്രമിച്ചെന്ന തീവ്രഹിന്ദു സംഘടനകളുടെ പരാതിയില്‍ ഹുന്‍ഗുണ്ട് ബ്ലോക്ക് എജ്യൂക്കേഷന്‍ ഓഫീസറാണ് 26 ന് വിവാദ ഉത്തരവിറക്കിയത്.
പിന്നാക്കവിഭാഗങ്ങളെ സ്കൂളിന്റെ നേതൃത്വത്തില്‍ വര്‍ഷങ്ങളായി മതപരിവര്‍ത്തനം നടത്തുകയാണെന്ന് വിദ്യാഭ്യാസവകുപ്പിന്ററെ റിസോഴ്സ് ഓഫീസറും റിപ്പോര്‍ട്ട് നല്‍കിയിരുന്നു. എന്നാല്‍ നിര്‍ബന്ധിത മതപരിവര്‍ത്തനം തടയാനുള്ള ബില്‍ നിയമമാകും മുമ്പ് ഇതിലെ വ്യവസ്ഥകള്‍ പ്രകാരം നടപടിയെടുത്തതിനെതിരെ പ്രതിഷേധമുയര്‍ന്നിരുന്നു. ഈ സാഹചര്യത്തിലാണ് സ്കൂളിനെതിരെയുള്ള നടപടി പിന്‍വലിച്ചത്.