ചങ്ങനാശ്ശേരി: കസ്തൂരി രംഗന്‍ റിപ്പോര്‍ട്ട് പ്രകാരം പശ്ചിമഘട്ടത്തിലെ പരിസ്ഥിതി ലോലപ്രദേശങ്ങള്‍ നിര്‍ണ്ണയിച്ചുകൊണ്ടുള്ള അന്തിമ വിജ്ഞാപനം കേന്ദ്രസര്‍ക്കാര്‍ ഇറക്കുന്നതുമായി ബന്ധപ്പെട്ട് നിലനില്ക്കുന്ന അവ്യക്തതകള്‍ പരിഹരിക്കണമെന്ന് ചങ്ങനാശ്ശേരി ആര്‍ച്ച് ബിഷപ് മാര്‍ ജോസഫ് പെരുന്തോട്ടം.
സംസ്ഥാന സര്‍ക്കാര്‍ ഇതിനായി കേന്ദ്രത്തില്‍ സമര്‍പ്പിച്ച ശുപാര്‍ശയില്‍ കേരളത്തിലെ മലയോര മേഖലയിലെ 123 വില്ലേജുകളില്‍ 31 എണ്ണം ചില മാനദണ്ഡങ്ങള്‍ പ്രകാരം ഒഴിവാക്കിയെങ്കിലും ബാക്കി 9 വില്ലേജുകളുടെ കാര്യം ആശങ്കാജനകമാണ്. അതേ മാനദണ്ഡപ്രകാരം തന്നെ ഒഴിവാക്കപ്പെടേണ്ട പ്രദേശങ്ങള്‍ ഇവയിലും ഉള്‍പ്പെട്ടിരിക്കുന്നു. തിരുവനന്തപുരം ജില്ലയിലെ അമ്പൂരി, കള്ളിക്കാട്, വാഴിച്ചാല്‍ വില്ലേജുകള്‍ ഇതിനുദാഹരണമാണ്.
കര്‍ഷകര്‍ ഒരിക്കലും പരിസ്ഥിതിയെ നശിപ്പിക്കുന്നവരല്ല. അവര്‍ മൃഗപരിപാലനവും സസ്യപരിപാലനവും വഴി പരിസ്ഥിതിയെ സംരക്ഷിക്കുന്നവരാണ്. ഭക്ഷ്യക്ഷാമത്തിന്റെ നാളുകളില്‍ സര്‍ക്കാരുകള്‍ തന്നെ കര്‍ഷകരെ ആശ്രയിക്കുകയും പശ്ചിമഘട്ടത്തിലെ പരിസ്ഥിതി ലോലപ്രദേശങ്ങളിലേക്ക് കുടിയേറ്റം പ്രോത്സാഹിപ്പിക്കുകയും ചെയ്തിട്ടുള്ളവരാണ്. ചരിത്രത്തെ അവഗണിച്ചുകൊണ്ടും കടപ്പാടുകള്‍ മറന്നുകൊണ്ടും കേന്ദ്രസംസ്ഥാന സര്‍ക്കാരുകള്‍ നിലപാടുകള്‍ സ്വീകരിക്കാന്‍ പാടില്ലെന്നും മാര്‍ പെരുന്തോട്ടം ഓര്‍മ്മിപ്പിച്ചു.