കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ വിദ്യാഭ്യാസമേഖലയെ പ്രശ്‌നസങ്കീര്‍ണ്ണമാക്കുന്നു: സിബിസിഐ ലെയ്റ്റി കൗണ്‍സില്‍


കൊച്ചി: കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ രാഷ്ട്രീയ അജണ്ടകള്‍ നടപ്പിലാക്കുവാന്‍ വിദ്യാഭ്യാസമേഖലയെ തീറെഴുതുവാന്‍ ശ്രമിക്കുന്നത് എതിര്‍ക്കപ്പെടണമെന്ന് സിബിസിഐ ലെയ്റ്റി കൗണ്‍സില്‍ സെക്രട്ടറി ഷെവലിയാര്‍ അഡ്വ.വി.സി.സെബാസ്റ്റ്യന്‍ അഭ്യര്‍ത്ഥിച്ചു.

കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ വിദ്യാഭ്യാസനയങ്ങളും ഉത്തരവുകളും പരസ്പരവിരുദ്ധങ്ങളായി മാറിയിരിക്കുന്നു. സംസ്ഥാനസര്‍ക്കാര്‍ വിദ്യാഭ്യാസമേഖലയാകെ വലിയൊരു അനിശ്ചിതത്വത്തിലേയ്ക്കും സംഘര്‍ഷത്തിലേയ്ക്കും തള്ളിവിട്ടുകൊണ്ട് ഡോ.എം.എ.ഖാദര്‍ കമ്മിറ്റിയുടെ റിപ്പോര്‍ട്ട് നടപ്പിലാക്കി പന്ത്രണ്ടാം ക്ലാസുവരെയുള്ള സ്‌കൂള്‍ വിദ്യാഭ്യാസത്തിന്റെ നിയന്ത്രണവും ഏകോപനവും പുനഃസംഘടിപ്പിച്ച് ഉത്തരവും ഇറക്കി, ഈ ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തിരിക്കുമ്പോള്‍ വിദ്യാഭ്യാസമേഖലയില്‍ വലിയ പ്രതിസന്ധിയാണ് സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്.

കേന്ദ്രസര്‍ക്കാര്‍ ദേശീയ വിദ്യാഭ്യാസനയത്തിന്റെ കരട് പ്രസിദ്ധീകരിച്ചു. ജൂണ്‍ 30 വരെ അഭിപ്രായങ്ങള്‍ സ്വീകരിക്കുന്നുണ്ട്. ഈ അഭിപ്രായങ്ങള്‍ ഒരു നടപടിക്രമത്തിനപ്പുറം ഫലവത്താകില്ലെന്നുറപ്പാണ്. രാജ്യാന്തര വിദ്യാഭ്യാസരീതികളോട് കിടപിടിച്ച് മത്സരക്ഷമത കൈവരിക്കുന്ന നിര്‍ദ്ദേശങ്ങള്‍ കരട് വിദ്യാഭ്യാസനയത്തിലില്ല. മറിച്ച് വിദ്യാഭ്യാസമേഖലയൊന്നാകെ കാലക്രമേണ സര്‍ക്കാര്‍ സംവിധാനങ്ങളുടെ നിയന്ത്രണത്തിലാക്കുന്ന അജണ്ടയാണ് കരട് നയത്തിന്റെ പിന്നിലൊളിഞ്ഞിരിക്കുന്നത്.

ഭരണം നടത്തുന്നവരുടെ നിക്ഷിപ്ത താല്‍പര്യങ്ങള്‍ക്കനുസൃതമായിട്ടുള്ള പരിഷ്‌കരണനിര്‍ദ്ദേശങ്ങള്‍ വിദ്യാഭ്യാസമേഖലയെ പരീക്ഷണശാലയാക്കി ഒരു തലമുറയുടെ ഭാവിക്കുമേല്‍ കരിനിഴല്‍ വീഴ്ത്തുവാന്‍ മാത്രമേ ഉപകരിക്കുകയുള്ളൂ. രാഷ്ട്രീയ അധികാര താല്‍പര്യങ്ങള്‍ക്കും പ്രത്യയശാസ്ത്ര വര്‍ഗ്ഗീയ നിലപാടുകള്‍ക്കും അനുസൃതമായി വിദ്യാഭ്യാസമേഖലയെ തള്ളിവിടുന്നതില്‍ നിന്ന് കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ പിന്തിരിയണമെന്നും കേന്ദ്രസര്‍ക്കാരിന്റെ കരടുവിദ്യാഭ്യാസനയത്തിന്മേല്‍ കൂടുതല്‍ ചര്‍ച്ചകള്‍ക്കും നിര്‍ദ്ദേശങ്ങള്‍ക്കുമായി സമയപരിധി നീട്ടണമെന്നും വി.സി.സെബാസ്റ്റ്യന്‍ ആവശ്യപ്പെട്ടു.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.
Leave A Reply

Your email address will not be published.