ബർമിംഗ്ഹാം : 2023 ൽ റോമിൽ നടക്കുന്ന പതിനാറാമത് മെത്രാന്മാരുടെ സൂനഹദോസിന് ഒരുക്കമായി ഫ്രാൻസിസ് മാർപാപ്പായുടെ ആഹ്വാന പ്രകാരം സാർവത്രിക തലത്തിൽ ദൈവജനത്തെ മുഴുവൻ ശ്രവിക്കുന്ന ഒരു പ്രക്രിയ നടത്താൻ ആവശ്യ പെട്ടതിന്റെ അടിസ്ഥാനത്തിൽ ഗ്രേറ്റ് ബ്രിട്ടൺ സീറോ മലബാർ രൂപതയിൽ നടക്കുന്ന സൂനഹദോസിന് ഒരുക്കമായുള്ള പ്രക്രിയയുടെ രൂപതാ തല ഉത്‌ഘാടനം നടന്നു . ബിർമിംഗ്ഹാമിൽ രൂപതാദ്ധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ ആണ് ഉത്‌ഘാടനം നിർവഹിച്ചത് . ‘സൂനഹദോസ് സഭ’ എന്ന് പറഞ്ഞാൽ എല്ലാ മനുഷ്യരും നിത്യജീവനിലേക്ക് ഒന്നിച്ച് യാത്ര ചെയ്യുക എന്നതാണ് . ഈ ഒന്നിച്ചുള്ള യാത്രയിൽ എല്ലാവർക്കും കൂട്ടായ്മയും , പങ്കാളിത്തവും , ദൗത്യവുമുണ്ട് . ഈ പങ്കാളിത്തവും , ദൗത്യവും തിരിച്ചറിഞ്ഞ് ദൈവഹിതം നടപ്പാക്കുക എന്നതാണ് ഓരോരുത്തരുടെയും കടമയെന്ന് ഉൽഘാടന പ്രസംഗത്തിൽ മാർ ജോസഫ് സ്രാമ്പിക്കൽ പറഞ്ഞു. ഇതിനായി ഗ്രേറ്റ് ബ്രിട്ടൺ സീറോ മലബാർ രൂപതയിൽ വിപുലമായ രീതിയിൽ ഒരുക്കങ്ങൾ ക്രമീകരിച്ചിട്ടുള്ളതായും അദ്ദേഹം പറഞ്ഞു. ഒക്ടോബര് പതിനേഴ് മുതൽ നാല് മാസത്തേക്ക് പരസ്പര സംഭാഷണത്തിനായും , കേൾവിക്കയും ,എല്ലാ വൈദികരെയും , സമർപ്പിതരെയും ,വിശ്വാസികളെയും,എല്ലാ ക്രൈസ്തവ വിശ്വാസികളെയും , ഇതര മത വിശ്വാസികളെയും ,മറ്റെല്ലാവരെയും കേൾക്കാനും , അതിലൂടെ ദൈവസ്വരം തിരിച്ചറിഞ്ഞ് ഗ്രേറ്റ് ബ്രിട്ടൺ സീറോ മലബാർ രൂപതയുടെ ഈ കാലഘട്ടത്തിലെ ദൗത്യത്തിന് നേതൃത്വം നൽകാനും ആണ് രൂപത ഉദ്ദേശിക്കുന്നത് . ഇതിനായി രൂപതാ പ്രോട്ടോ സിഞ്ചെല്ലൂസ് റെവ . ഡോ . ആന്റണി ചുണ്ടെലിക്കാട്ടിന്റെ നേതൃത്വത്തിൽ വിപുലമായ കമ്മറ്റിയും രൂപീകരിച്ചിട്ടുണ്ട് .
അടിക്കുറിപ്പ് :
റോമൻ സൂനഹദോസിന് ഒരുക്കമായുള്ള ഗ്രേറ്റ് ബ്രിട്ടൺ രൂപതാ തല പ്രവർത്തനങ്ങൾ രൂപതാദ്ധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ ഉത്‌ഘാടനം ചെയ്യുന്നു . ഫാ. ടെറിൻ മുള്ളക്കര , ഫാ. ജോ മൂലശ്ശേരി വി. സി. ,റെവ. സി. കുസുമം ജോസ് എസ് . എച്ച് , റെവ. സി. റോസ്ലിറ്റ് എസ് .എച്ച് . റെവ. സി. ലിനെറ്റ് എസ് . എച്ച്. തുടങ്ങിയവർ സമീപം .