ലാഹോര്‍: ഈ മാസം 30 ന് മൈക്കല്‍ നാസിര്‍ അലി എന്ന ആംഗ്ലിക്കന്‍ ബിഷപ് കത്തോലിക്കാസഭയില്‍ ചേര്‍ന്ന് വൈദികനായി അഭിഷിക്തനാകും. ആംഗ്ലിക്കന്‍ സഭയിലെ മുതിര്‍ന്ന ബിഷപ്പാണ് ഇദ്ദേഹം. പാക്കിസ്ഥാനിലാണ് ജനനം. ഇംഗ്ലണ്ടിലെ റോച്ചെസ്റ്ററിലെ ആംഗ്ലിക്കന്‍ ബിഷപ്പായിരുന്നു.
പേഴ്‌സണല്‍ ഓര്‍ഡിനറിയേറ്റ് ഓഫ് ഔര്‍ ലേഡി ഓഫ് വാല്‍സിംങ്ഹാമിലേക്ക് ഇദ്ദേഹത്തെ സ്വീകരിച്ചത് സെപ്തംബര്‍ 29 നായിരുന്നു. ആംഗ്ലിക്കന്‍ കമ്മ്യൂണിറ്റിയുമായുള്ള സഹകരണത്തിന് വേണ്ടി പോപ്പ് ബെനഡിക്ട് പതിനാറാമന്‍ 2011 ലാണ് ഇത് സ്ഥാപിച്ചത്. 28 ന് ആര്‍ച്ച് ബിഷപ് ബെര്‍നാര്‍ഡ് ലോംങ്‌ലിയുടെ മുഖ്യകാര്‍മ്മികത്വത്തില്‍ നടക്കുന്ന ചടങ്ങില്‍ വച്ച് ഡീക്കന്‍ പട്ടം സ്വീകരിക്കും. ഒക്ടോബര്‍ 30 ന് കര്‍ദിനാള്‍ വിന്‍സെന്റ് നിക്കോള്‍സിന്റെ കൈവയ്പ് ശുശ്രൂഷ വഴി പുരോഹിതനാകും, വിവാഹിതനും രണ്ടുകുട്ടികളുടെ പിതാവുമാണ്.
2009 ല്‍ വിരമിച്ചുവെങ്കിലും 2010 മുതല്‍ സൗത്ത് കരോലിനയിലെ ആംഗ്ലിക്കന്‍ രൂപതകളില്‍ വിസിറ്റിംങ് ബിഷപ്പായി സേവനം ചെയ്തുവരികയായിരുന്നു.