ടോളെഡോ: നഗരത്തിലെ കത്തീഡ്രല്‍ ദേവാലയം മ്യൂസിക് വീഡിയോയ്ക്കു വേണ്ടി ദുരുപയോഗിച്ചതില്‍ ആര്‍ച്ച് ബിഷപ് ഫ്രാന്‍സിസ്‌ക്കോ സെറോ വിശ്വാസികളോട് മാപ്പ് ചോദിച്ചു. കത്തീഡ്രലിനുള്ളില്‍ വച്ചുള്ള ഗാനരംഗമാണ് വിവാദമായത്. തുടര്‍ന്നാണ് സംഭവത്തില്‍ ഖേദം പ്രകടിപ്പിച്ച് ആര്‍ച്ച് ബിഷപ് രംഗത്തെത്തിയത്. വീഡിയോയുടെ ഉള്ളടക്കത്തെക്കുറിച്ച് രൂപതയ്ക്ക് അറിയില്ലായിരുന്നുവെന്നാണ് വിശദീകരണം.
സ്പാനീഷ് റാപ്പര്‍ സി ടാന്‍ഗാന റീലിസ് ചെയ്ത പുതിയ മ്യൂസിക് വീഡിയോയാണ് വിവാദമായത്. നിരീശ്വരവാദി എന്നാണ് ആല്‍ബത്തിന്റെ പേര്. ടാന്‍ഗാനയും അര്‍ജന്റീന സ്വദേശി നാഥി പെല്‍യൂസോയും ചേര്‍ന്ന് കത്തീഡ്രലിനുള്ളില്‍ വളരെ പ്രകോപനപരമായ രീതിയിലാണ് നൃത്തം ചെയ്യുന്നത്.
എന്നാല്‍ കത്തീഡ്രല്‍ ഡീന്‍ ഫാ. ജുവാന്‍ മീഗല്‍ സംഭവത്തെയും വീഡിയോ ചിത്രീകരണത്തെയും ന്യായീകരിച്ചുകൊണ്ട് രംഗത്ത് വന്നിട്ടുണ്ട്. മനുഷ്യസ്‌നേഹത്തിലൂടെ മാനസാന്തരം സംഭവിച്ച ഒരു വ്യക്തിയുടെ കഥയാണ് വീഡിയോ പറയുന്നതെന്നും വരികള്‍ വളരെ മനോഹരമാണെന്നും വരികളെ ഉദ്ധരിച്ചുകൊണ്ട് അദ്ദേഹം ന്യായീകരിക്കുന്നു. ഞാനൊരു നിരീശ്വരവാദിയായിരുന്നു എന്നാല്‍ ഇപ്പോള്‍ ഞാന്‍ വിശ്വാസിയാണ്, എന്തുകൊണ്ടെന്നാല്‍ നിന്നെപ്പോലൊരു അത്ഭുതം സ്വര്‍ഗ്ഗം വിട്ട് എന്റെ അരികിലെത്തി എന്നാണ വരികള്‍. അസഹിഷ്ണുതയുടെ ഭാഗമായിട്ടാണ് ഈ വിമര്‍ശനമെന്നും അദ്ദേഹം ന്യായീകരിക്കുന്നു.