ബെയ്ജിംങ്: ചൈനയില്‍ അബോര്‍ഷന്‍ നിയന്ത്രക്കാന്‍ പരക്കെ ആഹ്വാനം. എന്നാല്‍ ഗര്‍ഭസ്ഥശിശുക്കളോടുളള അനുകമ്പയോ സ്‌നേഹമോ അല്ല ഇതിന് കാരണം. സ്ത്രീകളുടെ ആരോഗ്യം മെച്ചപ്പെടുത്തുക എന്ന ഉദ്ദേശ്യത്തോടെയാണ് ഇത്. സ്‌റ്റേറ്റ് കൗണ്‍സില്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടിലാണ് ഇക്കാര്യമുള്ളത്.
ഇത്തരമൊരു നിരോധനത്തിന്റെ മറ്റൊരു വശം ചൈനയില്‍ കുറഞ്ഞുവരുന്ന ജനസംഖ്യയ്ക്ക് പരിഹാരം കാണുക എന്നതുകൂടിയാണ്. ദശാബ്ദങ്ങളായി ചൈനയില്‍ ഒറ്റക്കുട്ടി നയമായിരുന്നു ഉണ്ടായിരുന്നത്. പിന്നീട് രണ്ടുകുട്ടിനയം നിലവില്‍വരുത്തി. ഏറ്റവും ഒടുവില്‍ മൂന്നുകുട്ടികള്‍ വരെയാകാമെന്ന നയവും പാസാക്കിയിരുന്നു. 2011 നും 2020നും ഇടയിലുളള കണക്കുകള്‍ വ്യക്തമാക്കിയത് 1950 മുതല്‍ക്കുളള ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ ജനനനിരക്കായിരുന്നു. 2014 നും 2018 നും ഇടയില്‍ ഒരു വര്‍ഷം ശരാശരി 9.7 മില്യന്‍ അബോര്‍ഷനുകള്‍ നടന്നതായിട്ടാണ് റോയിട്ടര്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. മുന്‍വര്‍ഷങ്ങളിലേതുവച്ചുനോക്കുമ്പോള്‍ 51 ശതമാനം വര്‍ദ്ധനവാണ് ഇവിടെ രേഖപ്പെടുത്തിയിരിക്കുന്നത്. എന്നാല്‍ ഈ അബോര്‍ഷനുകള്‍ക്ക് വൈദ്യശാസ്ത്രപരമായ എന്തെങ്കിലും കാരണങ്ങളുണ്ടായിരുന്നതായി വ്യക്തതയില്ല. നിര്‍ബന്ധിത അബോര്‍ഷനുകളുടെ ഒരു പാരമ്പര്യവുമുണ്ട് ചൈനയ്ക്ക്. വിവാഹിതയാകാത്ത ഒരു സ്ത്രീ നാലാമതും ഗര്‍ഭിണിയാകുമ്പോള്‍ അത് അബോര്‍ഷന്‍ ചെയ്യേണ്ടതായ സാഹചര്യവും ഇവിടെയുണ്ട്. അതെന്തായാലും അബോര്‍ഷന്‍ നിരോധിക്കാനുള്ള ആഹ്വാനം വലിയൊരു പ്രതീക്ഷയാണ് നല്കിയിരിക്കുന്നത്.
ഗര്‍ഭസ്ഥശിശുവിനോടുള്ള സ്‌നേഹമല്ല പ്രകടമാകുന്നതെങ്കിലും ജീവനാണല്ലോ സംരക്ഷിക്കപ്പെടുന്നതെന്നോര്‍ത്ത് നമുക്ക് സന്തോഷിക്കാം.