ഇരട്ട സഹോദരന്മാര്‍ ഒരുമിച്ച് ബലിവേദിയിലേക്ക്

ഇരട്ട സഹോദരങ്ങളായ ജിയാകോമോയും ദാവിദെയും എല്ലാ നേരവും ഒരുമിച്ചാണ്. ആ പതിവ് ഇക്കഴിഞ്ഞ മെയ് 25 നും തെറ്റിയില്ല. രണ്ടുപേരുടെയും ജീവിതത്തിലെ സവിശേഷമായ സുദിനമായിരുന്നു അത്.

കാരണം ചെറുപ്പം മുതല്‌ക്കേ ഇരുവരും ഒന്നുപോലെ ആഗ്രഹിച്ചിരുന്ന വൈദികാന്തസിലേക്ക് ഇരുവരും പ്രവേശിച്ചത് അന്നായിരുന്നു. ഒരു നേരവും ഒരിടത്തും പിരിയാത്ത ഈ കൂടപ്പിറപ്പുകള്‍ ഒരുമിച്ച് ബലിവേദിയിലേക്ക് വൈദികരായി പ്രവേശിച്ച നിമിഷത്തിന് സാക്ഷ്യം വഹിച്ചവരെയെല്ലാം അത് കൂടുതല്‍ ദൈവികാനുഭവത്തിലേക്ക് നയിക്കുകയും ചെയ്തു. ട്രെവിസോ രൂപതാധ്യക്ഷന്‍ ജിയാന്‍ഫ്രാന്‍കോ ഗാര്‍ഡിന്റെ കൈവയ്പു വഴിയാണ് ഇരുവരും അഭിഷിക്തരായത്.

പതിനൊന്നാം വയസില്‍ ട്രെവിസോയിലെ സെമിനാരിയുമായി അടുപ്പം തുടങ്ങിയതാണ് ഇവരുടെ ജീവിതത്തില്‍ വൈദികനാകണം എന്ന ചിന്ത ഉളവാക്കിയത്. പതുക്കെപതുക്കെ ആ പ്രചോദനം ശക്തമാകുകയും വൈദികനാകണം എന്ന് ഇരുവരും ചേര്‍ന്ന് തീരുമാനമെടുക്കുകയും ചെയ്തു. എങ്കിലും മറ്റെയാളുടെ തീരുമാനത്തിലോ സ്വാതന്ത്ര്യത്തിലോ അവര്‍ കൈകടത്തിയുമില്ല. ദൈവവിളി എപ്പോഴും സ്വതന്ത്ര്യവും വ്യക്തിപരവും സ്വന്തം ഇഷ്ടപ്രകാരവും ആയിരിക്കണമെന്ന് അവര്‍ക്കറിയാമായിരുന്നു. എന്നിട്ടും ഒരേ വഴിയിലൂടെ മുന്നോട്ടുപോകാനായിരുന്നു ദൈവഹിതം.

മക്കളുടെ ദൈവവിളിയെ പിന്തുണയ്ക്കാന്‍ മാതാപിതാക്കളുമുണ്ടായിരുന്നു. സഹോദരിമാരുടെ പ്രോത്സാഹനവും ഈ വൈദികര്‍ നന്ദിയോടെ ഓര്‍മ്മിക്കുന്നു.

സന്തോഷമുള്ള വൈദികരായിരിക്കും ഇവരെന്ന് വചനസന്ദേശത്തില്‍ ബിഷപ് ഗാര്‍ഡിന്‍ പറഞ്ഞു. സന്തോഷം അന്വേഷിക്കുന്ന ജീവിതത്തില്‍ ക്രിസ്തുവുമായുള്ള ഐക്യത്തില്‍ സന്തോഷം കണ്ടെത്തിയവരാണ് ഇവര്‍. ബിഷപ് പറഞ്ഞു.

ഫാ.ജിയാകോമോ മറുപടി പ്രസംഗത്തില്‍ തന്റെ ഇരട്ടസഹോദരന് പ്രത്യേകമായി നന്ദി അറിയിച്ചു. ദൈവം എല്ലാവരെയും സ്‌നേഹിക്കുന്നുണ്ട്, എന്നാല്‍ ചിലരെ പ്രത്യേകമായും കൂടുതലായും സ്‌നേഹിക്കുന്നുണ്ട്.. തന്‍റെ ദൈവവിളിയെ കൂടുതല്‍ ഉറപ്പിച്ചതും അതിന് വ്യക്തമായ നിര്‍ദ്ദേശങ്ങള്‍ നല്കിയതും ഇരട്ട സഹോദരനായിരുന്നുവെന്നും അദ്ദേഹം അനുസ്മരിച്ചു.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.
Leave A Reply

Your email address will not be published.