കൊളംബോ: 2019 ലെ ഈസ്റ്റര്‍ ദിന സ്ഫോടനപരമ്പരയില്‍ യഥാര്‍ത്ഥ പ്രതികളെ കണ്ടെത്താനോ കുറ്റക്കാരെ ശിക്ഷിക്കാനോ കഴിയാത്ത ഗവണ്മെന്റിന്റെ നിസ്സംഗതയ്ക്കെതിരെ ശക്തമായ പ്രതിഷേധവുമായി ശ്രീലങ്കന്‍ ജനത. കറുത്തവസ്ത്രങ്ങള്‍ അണിഞ്ഞും കറുത്ത കൊടികള്‍ സ്ഥാപിച്ചും കരിദിനം ആചരിച്ചാണ് ക്രൈസ്തവര്‍ തങ്ങളുടെ പ്രതിഷേധം അധികാരികളെ അറിയിച്ചത്.
സംഭവത്തെയും കുറ്റക്കാരെയും മൂടിവയ്ക്കാനാണ് ഗവണ്മെന്റ് ശ്രമിക്കുന്നത്. എന്നാല്‍ ദൈവം ഒരിക്കലും അത് അനുവദിക്കുകയില്ല. പ്രാര്‍ത്ഥനാചടങ്ങില്‍ ആര്‍ച്ച് ബിഷപ് കര്‍ദിനാല്‍ മാല്‍ക്കം രഞ്ചിത്ത് പറഞ്ഞു.
മൂന്നു ദേവാലയങ്ങളിലും നാലു ഹോട്ടലുകളിലും ഒരു ഹൗസിംങ് കോപ്ലക്സിലുമായിട്ടാണ് ചാവേറാക്രമണം അരങ്ങേറിയത്. 260 പേര് കൊല്ലപ്പെടുകയും 500 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.
വീടുകളിലും ദേവാലയങ്ങളിലും പൊതുസ്ഥലങ്ങളിലും പ്രതിഷേധസൂചകമായി കറുത്ത കൊടികള്‍ സ്ഥാപിച്ചിരുന്നു. കോവിഡിന്റെ പശ്ചാത്തലത്തില്‍ പ്രാര്ത്ഥനാസമ്മേളനങ്ങളില് നിശ്ചിത എണ്ണം പേര് മാത്രമേ പങ്കെടുത്തിരുന്നുള്ളൂ.