എറണാകുളം-അങ്കമാലി അതിരൂപതയിലെ ഭൂമിക്കച്ചവടവും അന്തര്‍നാടകങ്ങളും-വക്കീലിന്റെ വീഡിയോ വൈറലാകുന്നു

കൊച്ചി: വിവാദമായ എറണാകുളം- അങ്കമാലി അതിരൂപതയിലെ ഭൂമിക്കച്ചവടത്തിന്റെ അണിയറ രഹസ്യങ്ങള്‍ വെളിപ്പെടുത്തിക്കൊണ്ടുള്ള അഭിഭാഷകന്റെ വീഡിയോ വൈറലാകുന്നു. ഭൂമിയിടപാടില്‍ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്കെതിരെ ആദ്യമായി ക്രിമിനില്‍ കേസ് കൊടുത്ത വ്യക്തിയായ അഡ്വ. പോളച്ചന്‍ പുതുപ്പാറയുടേതാണ് ഈ വീഡിയോ.

ആലഞ്ചേരി പിതാവിനെ ക്രൂശിച്ചതില് ഖേദമുണ്ടെന്ന് അറിയിച്ച അദ്ദേഹം, അടുത്തകാലത്ത് താന്‍ വസ്തുനിഷ്ഠമായി നടത്തിയ അന്വേഷണത്തിലാണ് ഞെട്ടിക്കുന്ന സത്യങ്ങള്‍ മനസ്സിലാക്കിയതെന്നും വ്യക്തമാക്കുന്നു. അതിരൂപതയുടെ നന്മയ്ക്കുവേണ്ടി ആലഞ്ചേരി പിതാവ് ചെയ്ത പ്രവൃത്തിയെ ചില തല്പരകക്ഷികള്‍ നെഗറ്റീവായി വളച്ചൊടിക്കുകയും പിതാവിനെ ക്രൂശിക്കുകയുമാണ് ചെയ്തതെന്ന് അദ്ദേഹം വിശദീകരിക്കുന്നു.

ഭൂമിക്കച്ചവടത്തില്‍ അതിരൂപതയ്ക്ക് യാതൊരു നഷ്ടവും സംഭവിച്ചിട്ടില്ല. എന്നാല്‍ രേഖകളില്‍ ചില അബദ്ധങ്ങള്‍ സംഭവിച്ചിട്ടുമുണ്ട്. ഇക്കാര്യത്തില്‍ ആലഞ്ചേരി പിതാവ് ഖേദപ്രകടനം നടത്തിയിട്ടുമുണ്ട്. എന്നാല്‍ അത് മൂടിവച്ചുകൊണ്ടാണ് എറണാകുളം അങ്കമാലി അതിരൂപതയിലെ ഒരു വിഭാഗം വൈദികര്‍ ആലഞ്ചേരിപിതാവിനെതിരെ രംഗത്തെത്തിയിരിക്കുന്നത്.

അതിരൂപത ഒരു മെഡിക്കല്‍ കോളജ് തുടങ്ങാന്‍ വേണ്ടി 25 ഏക്കര്‍ ഭൂമി വാങ്ങുകയും അതിന്റെ ഫണ്ട് കണ്ടെത്തുന്നതിന്റെ ഭാഗമായി ബാങ്ക് ലോണ്‍ എടുക്കുകയും പിന്നീട് ലോണ്‍ അടയ്ക്കാനായി അതിരൂപതയുടെ കീഴിലുള്ള അഞ്ചു വസ്തുക്കള്‍ വില്ക്കാന്‍ അതിരൂപതാ സമിതികള്‍ തീരുമാനിക്കുകയുമായിരുന്നു. 27 കോടി രൂപയുടെ ഇടപാടാണ് നടത്തിയത്. എന്നാല്‍ 9 കോടി മാത്രമേ വസ്തു ആധാരം ചെയ്തു കൊടുക്കുമ്പോള്‍ കിട്ടിയിരുന്നുള്ളൂ. ബാക്കി ലഭിക്കാനുള്ള തുകയ്ക്കു വേണ്ടി രണ്ടുവസ്തുക്കള്‍ ആധാരം ചെയ്തു വാങ്ങിക്കുകയാണ് ആലഞ്ചേരി പിതാവ് ചെയ്തത്. 18 കോടി തരുമ്പോള്‍ തിരികെ നല്കാമെന്ന ധാരണയില്‍ കോട്ടപ്പടിയില്‍ 25 ഏക്കറും ദേവികുളത്ത് 13 ഏക്കറും ജാമ്യവസ്തുവായി സ്വീകരിക്കുകയായിരുന്നു,

ഈ വസ്തു ജാമ്യവസ്തുവാണെന്ന് ആലോചനാസമിതിക്കും ഫിനാന്‍സ് കൗണ്‍സിലിനും കൃത്യമായി അറിവുള്ള കാര്യവുമായിരുന്നു. പതിനെട്ട് കോടി തുക കിട്ടാതെ വന്നത് പ്രൊക്കുറേറ്ററുടെ വീഴ്ചയാണ്. കോട്ടപ്പടിയിലെ ഭൂമി 36 കോടിക്ക് ഉടമ തന്നെ തിരിച്ച് എടുത്തുകൊള്ളാം എന്നും ദേവികുളത്തെ വസ്തു മൂന്നോ നാലോ ഇരട്ടി വിലക്ക് വാങ്ങാന്‍ ആളുണ്ടായിട്ടും അവയുടെ കച്ചവടം നടത്താന്‍ ചിലര്‍ സമ്മതിക്കുന്നില്ലെന്നും വീഡിയോയില്‍ ആരോപിക്കുന്നു.

വസ്തുവില്പനയില്‍ രൂപതയ്ക്കു നഷ്ടം സംഭവിച്ചിട്ടില്ലെന്ന് തെളിവുകളുടെ അടിസ്ഥാനത്തില്‍ അഡ്വ. പോളച്ചന്‍ വീഡിയോയില്‍ പലതവണ ആവര്‍ത്തിക്കുന്നുണ്ട്. ഈ വീഡിയോ കൃത്യമായി മനസ്സിലാക്കുന്നതോടെ കര്‍ദിനാള്‍ മാര്‍ ആലഞ്ചേരിക്ക് മീതെ പതിഞ്ഞ കരിനിഴല്‍ മാറിക്കിട്ടും എന്ന കാര്യത്തില്‍ യാതൊരു സംശയവും വേണ്ട.

തന്റെ യൂട്യൂബ് ചാനല്‍ വഴിയാണ് അഡ്വ. പോളച്ചന്‍ ഇക്കാര്യം തുറന്നുപറയുന്നത്.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.
Leave A Reply

Your email address will not be published.