സാത്താനെ ക്രിസ്തു തോല്പിച്ചത് വചനം ഉദ്ധരിച്ചുകൊണ്ടാണെന്ന് നമുക്കറിയാം. സാത്താനോട് തര്‍ക്കിക്കരുത് എന്നാണ് ഫ്രാന്‍സിസ് മാര്‍പാപ്പ നമ്മെ ഓര്‍മ്മിപ്പിക്കുന്നത്. ഇതില്‍ നിന്നെല്ലാം നാം മനസ്സിലാക്കേണ്ട ഒരു കാര്യം ഇതാണ്. ജീവിതത്തില്‍ പലപ്പോഴും തിന്മ നമ്മെ വേട്ടയാടാം. പൈശാചികപീഡകള്‍ക്ക് നാം ഇരകളായേക്കാം. അപ്പോഴെല്ലാം നഷ്ടധൈര്യരാകാതെ വചനത്തെ കൂട്ടുപിടിക്കുക.വചനം തന്നെയായ ദൈവത്തെയാണ് നാം അതുവഴി കൂട്ടുപിടിക്കുന്നത്.
തിരുവചനം പറഞ്ഞ് നാം സാത്താനെ നേരിടുക. അതിന് വേണ്ടിയുള്ള ഏതാനും ചില തിരുവചനങ്ങള്‍ നാം ഹൃദിസ്ഥമാക്കിയിരിക്കണം.
ഇതാ തിന്മയുടെ ശക്തികള്‍ക്കെതിരെ പോരാടാനുള്ള തിരുവചനങ്ങളില്‍ ചിലത്:
യേശു കല്പിച്ചു, സാത്താനേ ദൂരെ പോവുക, അപ്പോള്‍ പിശാച് അവനെ വിട്ടുപോയി ( മത്താ 4: 10)
സമാധാനത്തിന്റെ ദൈവം ഉടന്‍ തന്നെ പിശാചിനെ നിങ്ങളുടെ കാല്‍ക്കീഴിലാക്കി തകര്‍ത്തുകളയും ( റോമ 16:20)
ആരും കയറിയിറങ്ങി നടക്കാതിരിക്കാന്‍ ഞാന്‍ എന്റെ ഭവനത്തിന് ചുറ്റും പാളയമടിച്ച് കാവല്‍നില്ക്കും. ഒരു മര്‍ദ്ദകനും ഇനി അവരെ കീഴടക്കുകയില്ല. എന്റെ കണ്ണ് അവരുടെ മേല്‍ ഉണ്ട്.( സഖ 9:8)
നമുക്കെതിരെ വരുന്ന ശത്രുക്കളെയും ലോകം മുഴുവനെതന്നെയും അംഗുലീചലനം കൊണ്ടു തറപറ്റിക്കാന്‍ കഴിയുന്ന സര്‍വ്വശക്തനായ ദൈവത്തിലാണ് നമ്മുടെ പ്രത്യാശ( 2 മക്ക 8: 18)
ഈശോയേ ഈ വചനത്തിന്റെ ശക്തിയാല്‍ തിന്മയുടെ എല്ലാവിധ ആക്രമണങ്ങളില്‍ നിന്നും എന്നെ മോചിപ്പിക്കണമേ എന്ന് ഓരോ വചനത്തിന് ശേഷവും പറയുക.