കൊളംബിയ: ബ്രിട്ടീഷ് കൊളംബിയായിലെ കോപ്റ്റിക് ഓര്‍ത്തഡോക്‌സ് ദേവാലയം അഗ്നിബാധയില്‍ കത്തിനശിച്ചു. ഏതാനും ദിവസങ്ങള്‍ക്ക് മു്മ്പ് ദേവാലയത്തിന്റെ വാതില്‍ തകര്‍ക്കാന്‍ ശ്രമം നടന്നിരുന്നു. ഇതിന് തൊട്ടുപിന്നാലെയാണ് അഗ്നിബാധയുണ്ടായത്.
ഇതോടെ ആരോ ആസൂത്രിതമായി ദേവാലയത്തിന് തീവച്ചതാണെന്ന സംശയം ബലപ്പെട്ടിരിക്കുകയാണ്. ഇക്കഴിഞ്ഞ തിങ്കളാഴ്ച വെളുപ്പിന് 3.17 നാണ് സെന്റ് ജോര്‍ജ് കോപ്റ്റിക് ഓര്‍ത്തഡോക്‌സ് ചര്‍ച്ചില്‍ അഗ്നിബാധയുണ്ടായത്. ഒരു വശത്തെ ഭിത്തിയൊഴികെ ദേവാലയം പൂര്‍ണ്ണമായും കത്തിനശിച്ചു. ആര്‍ക്കും പരിക്ക് പറ്റിയതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല.
1960 ലാണ് ദേവാലയം നിര്‍മ്മിക്കപ്പെട്ടത്. ദേവാലയത്തിന്റെ വാതില്ക്കല്‍ സംശയാസ്പദമായി നില്ക്കുന്ന ഒരു സ്ത്രീയെ വീഡിയോ ദൃശ്യങ്ങളില്‍ കാണാന്‍ കഴിയുന്നുണ്ട്. എന്നാല്‍ ഇവരെ തിരിച്ചറിഞ്ഞിട്ടില്ല. ദേവാലയത്തിന് നേരെ മുമ്പേ ആക്രമണശ്രമം ഉണ്ടായിട്ടുണ്ടെങ്കിലും അഗ്നിബാധ മനപ്പൂര്‍വ്വമായിരിക്കാം എന്ന് ദേവാലയ അധികൃതര്‍ ഇതുവരെയും ആരോപണം ഉന്നയിച്ചിട്ടില്ല.
സംശയാസ്പദമായ രീതിയില്‍ അഗ്നിബാധയുണ്ടായ ദേവാലപരമ്പരകളില്‍ ഏറ്റവും ഒടുവിലത്തേതാണ് സെന്റ് ജോര്‍ജ് കോപ്റ്റിക് ദേവാലയത്തിലുണ്ടായിരിക്കുന്നത്.