കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി രൂപതയിലെ മുതിര്‍ന്ന വൈദികനും സഭൈക്യപ്രസ്ഥാനങ്ങളുടെ മുന്നണിപ്രവര്ത്തകനും വിദ്യാഭ്യാസ വിദഗ്ദ്ധനുമായ റവ.ഡോ.ആന്റണി നിരപ്പേല്‍ (85) നിര്യാതനായി. മൃതസംസ്കാര ശൂശ്രൂഷകള്‍ ഇന്ന് ഉച്ചകഴിഞ്ഞ് 1 മണിക്ക് സഹോദരന് ഇമ്മാനുവേല്‍ നിരപ്പേലിന്റെ ചെങ്ങളത്തുള്ള ഭവനത്തില്‍ ചങ്ങനാശ്ശേരി അതിരൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് പെരുന്തോട്ടം മെത്രാപ്പോലീത്താ, തക്കല രൂപതാധ്യക്ഷന്‍ മാര്‍ ജോര്‍ജ് രാജേന്ദ്രന് എന്നിവരുടെ കാര്‍മ്മികത്വത്തില്‍ ആരംഭിക്കുന്നതാണ്. തുടര്‍ന്ന് ചെങ്ങളം സെന്റ് ആന്റണീസ് പള്ളിയില്‍ 2 മണിക്ക് ആരംഭിക്കുന്ന കര്‍മ്മങ്ങള്‍ക്ക് കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷന്‍ മാര്‍ ജോസ് പുളിക്കല്‍, മാര്‍ മാത്യു അറയ്ക്കല്‍ എന്നിവര്‍ കാര്‍മ്മികത്വം വഹിക്കും.
ചെങ്ങളം ഇടവക നിരപ്പേല്‍ കുഞ്ഞുമത്തായിയുടെയും റോസമ്മയുടെയും മകനായി ജനിച്ച് 1963 മാര്‍ച്ച് 11ന് തിരുപ്പട്ടം സ്വീകരിച്ചു. ആലുവ സെന്റ് ജോസഫ്സ് പൊന്തിഫിക്കല്‍ സെമിനാരിയില്‍ വൈദിക പരിശീലനം പൂര്‍ത്തിയാക്കിയ അദ്ദേഹം ബല്‍ജിയത്തെ ലൂവൈന്‍ യൂണിവേഴ്സിറ്റിയിലും ലൂമെന്‍ വീത്തേ കാറ്റക്കെറ്റിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലും ഉപരിപഠനം നടത്തി. ചങ്ങനാശ്ശേരി കത്തീദ്രല്‍ പള്ളിയില്‍ അസിസ്റ്റന്റ് വികാരി, ചങ്ങനാശ്ശേരി സന്ദേശനിലയം അസിസ്റ്റന്റ് ഡയറക്ടര്‍, ചങ്ങനാശ്ശേരി അതിരൂപതാ പാസ്റ്ററല്‍ കൗണ്‍സില്‍ സെക്രട്ടറി, കാഞ്ഞിരപ്പള്ളി രൂപതയിലെ താമരക്കുന്ന്, പൊന്‍കുന്നം, ആനക്കല്ല്, വെളിച്ചിയാനി, എലിക്കുളം, കൂവപ്പള്ളി എന്നിവിടങ്ങളില്‍ വികാരി എന്നീ നിലകളില്‍ സേവനമനുഷ്ഠിച്ചു. ആനക്കല്ല് സെന്റ് ആന്റണീസ് പബ്ലിക് സ്കൂള്‍, ചെങ്ങളം മേഴ്സി ഹോസ്പിറ്റല്‍, എസ്.എച്ച്.സ്കൂള്‍, ചിറക്കടവ് സെന്റ് എഫ്രേംസ് ഹൈസ്കൂള്‍, സെന്റ് അപ്രേംസ് മെഡിക്കല്‍ സെന്റര്‍, കാഞ്ഞിരപ്പള്ളി സെന്റ് ആന്റണീസ് കോളജ് എന്നിവ സ്ഥാപിക്കുന്നതിന് അച്ചന് നേതൃത്വം വഹിച്ചു. കാഞ്ഞിരപ്പള്ളി വിയാനി ഹോമില്‍ വിശ്രമജീവിതം നയിച്ചുവരികയായിരുന്നു അദ്ദേഹം.
മാത്യു (കണ്ണൂര്‍), സ്കറിയ (കാസര്‍ഗോഡ്), ഇമ്മാനുവേല്‍ (ചെങ്ങളം), ഫിലോമിന വെട്ടിക്കുഴിയില്‍ (ഇളങ്ങുളം), പരേതരായ ജോസഫ് (പാണപിലാവ്), സി.വില്ലനോവ എഫ്.സി.സി., സി.സോഫി റോസ് എസ്.എച്ച്. അന്നമ്മ തെക്കേമുറി (ആലക്കോട്), എന്നിവര്‍ സഹോദരങ്ങളാണ്.
ഫാ.ജോബി നിരപ്പേല്‍ (കാഞ്ഞിരപ്പള്ളി), ഫാ.മാത്യു നിരപ്പേല്‍ (ചാന്ദാ) എന്നിവര്‍ സഹോദര പുത്രന്മാരും ഫാ.ആന്റണി തെക്കേമുറി (തലശ്ശേരി), ഫാ.ജോസ് തെക്കേമുറി (ബിജ്നോര്‍) എന്നിവര്‍ സഹോദരീ പുത്രന്മാരും സി.അനുരൂപ ഡി.എം. സഹോദരീ പുത്രിയുമാണ്.
മൃതസംസ്കാരശുശ്രൂഷകള്‍ കൃത്യമായ കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ചുകൊണ്ടായിരിക്കും നടത്തപ്പെടുന്നത്.
ഫാ.സ്റ്റാന്‍ലി പുള്ളോലിക്കല്‍
പി.ആര്.ഓ
കാഞ്ഞിരപ്പള്ളി രൂപത