വത്തിക്കാന്‍ സിറ്റി:യേശു ഒരിക്കലും ജനക്കൂട്ടത്തിന്റെ ആവശ്യങ്ങളില്‍ നിന്ന് ഒഴിഞ്ഞുമാറിയിരുന്നില്ലെന്നും എന്നാല്‍ അപ്പോഴും അവിടുന്ന് ഏകനായി പ്രാര്‍ത്ഥനാനിരതനായിരുന്നുവെന്നും നിശ്ശബ്ദതയിലും പിതാവിനോടുള്ള ഉറ്റബന്ധത്തിലും ചെലവഴിച്ചിരുന്നുവെന്നും ഫ്രാന്‍സിസ് മാര്‍പാപ്പ. അതുകൊണ്ട് തൊഴില്‍പരമായ ഓട്ടങ്ങള്‍ക്ക് അവധി കൊടുത്ത് നിശ്ചലരാകാനും മൗനം പാലിക്കാനും പ്രാര്‍ത്ഥിക്കാനും നമുക്ക് കഴിയണം..ആശുപത്രിവാസത്തിന് ശേഷം വത്തിക്കാനില്‍ തിരികെയെത്തിയ ഫ്രാന്‍സിസ് മാര്‍പാപ്പ മധ്യാഹ്നപ്രാര്‍ത്ഥനയ്ക്കിടയില്‍ വചനസന്ദേശം നല്കുകയായിരുന്നു.
കാര്യപരിപാടികള്‍ നിര്‍ബന്ധിക്കുന്ന ഭ്രാന്തമായ ഓട്ടങ്ങള്‍ നമുക്ക് അവസാനിപ്പിക്കണം. പ്രകൃതിയെക്കുറിച്ച് ധ്യാനിക്കുന്നതിനും ദൈവവുമായുള്ള സംഭാഷണത്തിലൂടെ പുതിയ വീര്യം ആര്‍ജ്ജിക്കുന്നതിനും നമുക്ക് കഴിയണം. അതിനുവേണ്ടി ഓട്ടം താല്ക്കാലികമായി നിര്‍ത്താനും മൊബൈല്‍ ഫോണ്‍ നിശ്ശബ്ദമാക്കാനും നമുക്ക് കഴിയണം.
അനുകമ്പ ദൈവത്തിന്റെ രീതിയാണ്. സാമീപ്യവും അനുകമ്പയും ആര്‍ദ്രതയും ദൈവത്തിന്റെ ശൈലിയാണ്. അനുകമ്പയുള്ളവരാകാനും പ്രാര്‍ത്ഥനയും ധ്യാനവും ഊട്ടിവളര്‍ത്താനും പരിശുദ്ധ അമ്മയുടെ മാധ്യസ്ഥം തേടണമെന്നും പാപ്പ ഓര്‍മ്മിപ്പിച്ചു.