“ന്യൂനപക്ഷങ്ങളെ വിശ്വാസത്തിലെടുക്കുമെന്ന പ്രധാനമന്ത്രിയുടെ പ്രഖ്യാപനം മുഖവിലയ്‌ക്കെടുക്കും”


കൊച്ചി: ഇന്ത്യയിലെ ന്യൂനപക്ഷങ്ങളെ വിശ്വാസത്തിലെടുത്തുള്ള ഭരണത്തുടര്‍ച്ചയാണ്് ലക്ഷ്യമെന്നുള്ള പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രഖ്യാപനം ക്രൈസ്തവസമൂഹം മുഖവിലയ്‌ക്കെടുക്കുമെന്ന് സിബിസിഐ ലെയ്റ്റി കൗണ്‍സില്‍ സെക്രട്ടറി ഷെവലിയാര്‍ അഡ്വ.വി.സി.സെബാസ്റ്റ്യന്‍.

ഭരണഘടന വിഭാവനം ചെയ്തിരിക്കുന്ന ന്യൂനപക്ഷ സംരക്ഷണം ഉറപ്പാക്കേണ്ടത് രാജ്യം ഭരിക്കുന്നവരടെ കടമയും ഉത്തരവാദിത്വവുമാണ്. നിയമപരമായ ന്യൂനപക്ഷ അവകാശങ്ങള്‍ യാതൊരു കാരണവശാലും നിഷേധിക്കാന്‍ പാടില്ല. വിദ്യാഭ്യാസ, ആരോഗ്യ, ആതുര ശുശ്രൂഷാ രംഗത്ത് ക്രൈസ്തവ സമൂഹം നല്‍കുന്ന വിശിഷ്ടമായ സേവനത്തിന്റെ ഗുണഭോക്താക്കള്‍ പൊതുസമൂഹമൊന്നാകെയാണ്. ഈ സേവനങ്ങളെ കൂടുതല്‍ ശക്തിപ്പെടുത്തുവാനുള്ള നടപടികളാണ് സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് വേണ്ടതും ന്യൂനപക്ഷങ്ങള്‍ പ്രതീക്ഷിക്കുന്നതും.

കേന്ദ്രസര്‍ക്കാരിന്റെ ന്യൂനപക്ഷ ക്ഷേമപദ്ധതികളില്‍ ക്രൈസ്തവ ന്യൂനപക്ഷങ്ങള്‍ക്ക് ജനസംഖ്യാനുപാതികമായ പങ്കാളിത്തമുണ്ടാകണം. നിലവില്‍ ന്യൂനപക്ഷ ക്ഷേമപദ്ധതികള്‍ ന്യൂനപക്ഷത്തിലെ ഭൂരിപക്ഷസമുദായം തട്ടിയെടുക്കുന്ന സാഹചര്യമാണുള്ളത്. ഇതിന് മാറ്റമുണ്ടാകേണ്ടത് അടിയന്തരമാണ്.

വിവിധ രാജ്യങ്ങളില്‍ ക്രൈസ്തവര്‍ക്കുനേരെയുണ്ടായ ഭീകരാക്രമണങ്ങളുടെ തുടര്‍ച്ച ഇന്‍ഡ്യയിലും ആവര്‍ത്തിക്കപ്പെടുമോയെന്ന ആശങ്ക ഭാരതത്തിലെ ക്രൈസ്തവര്‍ക്കിടയിലുണ്ട്. ഭീകരപ്രസ്ഥാനങ്ങള്‍ക്കെതിരെ മുഖംനോക്കാതെ ശക്തമായ നടപടികളെടുക്കുവാന്‍ കേന്ദ്രസര്‍ക്കാരിന് കഴിയണം. ആഗോളഭീകരവാദം ഇന്ത്യയുടെ മണ്ണില്‍ അനുവദിക്കാന്‍ പാടില്ല.

രാജ്യത്തിന്റെ സമഗ്ര വളര്‍ച്ചയ്ക്കും ഐക്യത്തിനും സമാധാനത്തിനും കുട്ടികളും സ്ത്രീകളും കര്‍ഷകരുമുള്‍പ്പെടെയുള്ള ജനവിഭാഗത്തിന്റെ ക്ഷേമത്തിനും ഉതകുന്ന സര്‍ക്കാര്‍ പദ്ധതികളെയും ദീര്‍ഘവീക്ഷണത്തോടെയുള്ള പ്രവര്‍ത്തനങ്ങളേയും രാഷ്ട്രീയത്തിനതീതമായി ഇന്ത്യയിലെ ക്രൈസ്തവ സമൂഹം പിന്തുണയ്ക്കുമെന്നും വി.സി.സെബാസ്റ്റ്യന്‍ പറഞ്ഞു.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.
Leave A Reply

Your email address will not be published.