ദൈവം കൂടെയുള്ളപ്പോഴും പ്രശ്‌നങ്ങള്‍ ഉണ്ടാവാം: ഫാ. ഡാനിയേല്‍ പൂവണ്ണത്തില്‍

ജീവിതത്തില്‍ പ്രതിസന്ധികളും പ്രയാസങ്ങളും ഉണ്ടാവുമ്പോള്‍ ഭൂരിപക്ഷത്തിന്റെയും വിചാരം ദൈവം എന്റെകൂടെയില്ല, ദൈവം എന്നെ കൈവിട്ടു, ദൈവം എന്റെ പ്രാര്‍ത്ഥന കേള്‍ക്കുന്നില്ല എന്നെല്ലാമാണ്. എന്നാല്‍ നമ്മുടെ ഈ വിചാരം തെറ്റാണ്. കാരണം ദൈവം കൂടെയുണ്ടെങ്കിലും പ്രതിസന്ധികളുണ്ടാവാം,പ്രയാസങ്ങള്‍ നേരിടാം.

അതിനുള്ള ഉദാഹരണമാണ് വിശുദ്ധ മത്തായിയുടെ സുവിശേഷം എട്ടാം അധ്യായം 23 ാം തിരുവചനം. അവിടെ യേശു കൂടെയുള്ളപ്പോഴും കൊടുങ്കാറ്റില്‍ വഞ്ചിയിലിരിക്കുന്ന ശിഷ്യന്മാര്‍ ആടിയുലയുന്നതായി നാം കാണുന്നു. ദൈവം കൂടെയില്ലാത്തതുകൊണ്ട് ജീവിതത്തില്‍ ചിലപ്പോഴൊക്കെ പല അനിഷ്ടസംഭവങ്ങളും സംഭവിക്കാം. എന്നാല്‍ ജീവിതത്തില്‍ സംഭവിക്കുന്ന എല്ലാ മോശം കാര്യങ്ങളും ദൈവം കൂടെയില്ലാത്തതുകൊണ്ടല്ല. ദൈവം ഉണ്ടെങ്കിലും പ്രശ്‌നം വരും.

നീ എന്നും കൊന്ത ചൊല്ലിയാലും വിശുദ്ധ കുര്‍ബാനയില്‍ പങ്കെടുത്താലും പ്രാര്‍ത്ഥിച്ചാലും പ്രശ്‌നം വരാം. നീ പ്രാര്‍ത്ഥിച്ചതുകൊണ്ട് പ്രശ്‌നം വരില്ല എന്ന് ബൈബിളില്‍ ഒരിടത്തും പറയുന്നില്ല. കാരണം ഇത് അപൂര്‍ണ്ണമായ ഭൂമിയാണ്. ഈശോ യാത്ര ചെയ്ത വഞ്ചിയിലും കാറ്റടിച്ചു. ഈശോ കൂടെയുള്ളപ്പോഴും വഞ്ചി ആടിയുലഞ്ഞു. ഇതുകണ്ട് ഭയന്നുവിറച്ച ശിഷ്യന്മാരോട് ഈശോ ചോദിച്ചത് ഇതാണ്. അല്പവിശ്വാസികളേ നിങ്ങളെന്തിന് ഭയക്കുന്നു? അവന്‍ എഴുന്നേറ്റ് കാറ്റിനെയും കടലിനെയും ശാസിച്ചതായും നാം തുടര്‍ന്ന് വായിക്കുന്നു.

ഈശോ കൂടെയുള്ളപ്പോഴും കുടുംബത്തില്‍ പ്രശ്‌നങ്ങളുണ്ടാവാം. പക്ഷേ ഈശോ നമ്മോട് ചോദിക്കുന്നത് അല്പവിശ്വാസികളേ നിങ്ങളെന്തിന് ഭയപ്പെടുന്നു എന്നാണ്? അപ്പ. പ്രവ 12: 1-8 വചനങ്ങള്‍ എന്നെ വ്യക്തിപരമായി ഏറെ സ്പര്‍ശിച്ചവയാണ്. ആദിമസഭയിലെ ക്രൈസ്തവരെ ഹേറോദോസ് രാജാവ് പീഡിപ്പിക്കുന്ന സമയമാണ് അത്.പത്രോസും മറ്റ് അപ്പസ്‌തോലന്മാരും ജെറുസലേമില്‍ ജീവിച്ചിരിപ്പുണ്ട്.യാക്കോബ് ശ്ലീഹ കൊല്ലപ്പെട്ടതും ഈ സമയത്താണ്.

ഈശോയോട് ഏറ്റവും അടുത്തുനിന്നിരുന്ന മൂന്നു ശിഷ്യന്മാരാണ് പത്രോസും യോഹന്നാനും യാക്കോബും. അതില്‍ യാക്കോബാണ് കൊല്ലപ്പെട്ടിരിക്കുന്നത്. യാക്കോബിനെ കൊന്ന് കലിതീരാതിരുന്നിട്ടും ഹേറോദോസ് പത്രോസിനെ പിടിച്ച് ജയിലിലിട്ടു. കുറച്ചുദിവസം കഴിയുമ്പോള്‍ പത്രോസിനെ കൊല്ലാനായിരുന്നു ഹേറോദോസിന്റെ പ്ലാന്‍. പത്രോസ് കാരാഗൃഹത്തില്‍ കഴിയുന്ന സമയം സഭമുഴുവന്‍ പത്രോസിന് വേണ്ടി തീക്ഷ്ണമായി പ്രാര്‍ത്ഥിക്കുകയായിരുന്നു.

വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് തടവറയില്‍ കഴിയുന്ന ഒരു മനുഷ്യന്‍ സാധാരണയായി എന്തു ചെയ്യുകയായിരിക്കും. അയാള്‍ ഉറങ്ങുകയില്ല, അയാള്‍ മരണത്തിന് മുമ്പില്‍പേടിച്ചുവിറയ്ക്കും. പക്ഷേ ഇത്തരം ധാരണകളെല്ലാം പത്രോസിന്റെ കാര്യത്തില്‍ തകിടം മറിയുന്നു.

വിചാരണ ചെയ്യുന്നതിന്റെ തലേരാത്രി പത്രോസ് ഇരുചങ്ങലകളാല്‍ ബന്ധിക്കപ്പെട്ട് പടയാളികളുടെ മധ്യേ സ്വസ്ഥമായി ഉറങ്ങുകയായിരുന്നു. ഈ വാചകമാണ് എന്നെ ആഴത്തില്‍ സ്പര്‍ശിച്ചത്. കൊല്ലാന്‍ പോകുന്നുവെന്ന് ഉറപ്പുള്ളതി്‌ന്റെ തലേരാത്രി കയ്യും കാലും ബന്ധിക്കപ്പെട്ട നിലയിലായിരുന്നിട്ടും , ഉറങ്ങാതെ,നിലവിളിച്ചു കഴിയുകയായിരുന്നോ പത്രോസ്? അല്ല. പത്രോസ് സുഖമായി ഉറങ്ങുകയായിരുന്നു. അതായത് ജീവനോടെയിരിക്കാന്‍ യാതൊരുവഴികളുമില്ലെന്ന് നൂറുശതമാനം ഉറപ്പുള്ള ഒരു സാഹചര്യത്തിലും പത്രോസ് എന്ന ദൈവപുരുഷന്‍ ദൈവത്തില്‍ മാത്രം ശരണംവച്ച് അവിടുന്നിലുളള വിശ്വാസം നഷ്ടപ്പെടുത്താതെ സ്വസ്ഥമായി, സുഖമായി ഉറങ്ങുകയായിരുന്നു.

ഇത് നമ്മെ ചിന്തിപ്പിക്കേണ്ടതാണ്. ദുരിതങ്ങള്‍, പ്രശ്‌നങ്ങള്‍, രോഗങ്ങള്‍, സാമ്പത്തികതകര്‍ച്ചകള്‍, ജോലി നഷ്ടം… നിന്റെ ജീവിതത്തിലേക്ക് പെയ്യുന്ന സങ്കടപ്പെരുമഴ എന്തുമായിരുന്നുകൊള്ളട്ടെ അവിടെയെല്ലാം നിനക്ക് ശാന്തതയോടെ, കഴിയാന്‍ സാധിക്കും. സമാധാനത്തോടെ ഹല്ലേലൂയ്യ പറയാന്‍ പറ്റും. അതാണ് ദൈവവചനത്തിന്റെ ശക്തി. ദൈവകൃപയുടെ ശക്തി.

ഇങ്ങനെയുള്ള അനേകം മനുഷ്യരെ ഞാന്‍ ലോകത്തിന്റെ വിവിധഭാഗങ്ങളില്‍ കണ്ടിട്ടുണ്ട്. മാനുഷികമായി പരിഹരിക്കാന്‍ കഴിയാത്ത നൂറുകൂട്ടം പ്രശ്‌നങ്ങളുടെ നടുവിലും ദൈവത്തില്‍ വിശ്വസിച്ചുകൊണ്ട്, ദൈവകൃപയില്‍ ശരണംവച്ചുകൊണ്ട് സമാധാനത്തോടെ ഉറങ്ങാന്‍ കഴിയുന്നവരാണ് അവര്‍.

അതുകൊണ്ട് ജീവിതത്തിലേക്ക് കടന്നുവരുന്ന പ്രയാസങ്ങളും ബുദ്ധിമുട്ടുകളും എന്തുതന്നെയുമായിരുന്നുകൊള്ളട്ടെ അവിടെയെല്ലാം ദൈവത്തില്‍ വിശ്വസിച്ച്, അവിടുന്നില്‍ ആശ്രയിച്ച് ശാന്തതയോടെ ജീവിക്കാന്‍ നമുക്ക് കഴിയണം. നാം മറക്കരുതാത്ത ഒരു കാര്യം ഇതാണ്. ദൈവം കൂടെയുളളപ്പോഴും നമ്മുടെ ജീവിതത്തിലേക്ക് പ്രശ്‌നങ്ങള്‍ കടന്നുവരാം. പക്ഷേ ദൈവം കൂടെയുണ്ടെന്ന് വിശ്വസിച്ച് നമുക്ക് ശാന്തമായി ജീവിക്കാന്‍ കഴിയണം.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.
Leave A Reply

Your email address will not be published.