ന്യൂഡല്‍ഹി: ഫാ.സ്റ്റാന്‍സ്വാമിയുടെ മരണത്തിലുള്ള പ്രതിഷേധം രാജ്യമെങ്ങും ആഞ്ഞടിക്കുന്നു. കേരളം ഉള്‍പ്പെടെയുള്ള ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ പ്രതിഷേധങ്ങള്‍ നടന്നുകൊണ്ടിരിക്കുകയാണ്. ഫാ. സ്റ്റാന്‍സ്വാമിയുടെ മരണത്തിന് ഉത്തരവാദികളായവര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് പത്തോളം പ്രതിപക്ഷ കക്ഷികള്‍ രാഷ്ട്രപതിക്ക് കത്ത് നല്‍കിയിരുന്നു.
പ്രമുഖ പ്രതിപക്ഷ പാര്‍ട്ടികളെല്ലാം വിഷയത്തില്‍ ശക്തമായ പ്രതിഷേധവുമായി രംഗത്തുണ്ട്. യുഎന്‍ ഉള്‍പ്പടെ അന്താരാഷ്ട്രതലത്തില്‍ വൈദികന്റെ മരണത്തില്‍ നടുക്കം രേഖപ്പെടുത്തി. മനുഷ്യാവകാശ സംഘടനകളും പ്രതിഷേധവുമായി രംഗത്തുണ്ട്. ഇക്കഴിഞ്ഞ തിങ്കളാഴ്ചയാണ് മുംബൈയിലെ ഹോളിഫാമിലി ആശുപത്രിയില്‍ വച്ച് ഫാ. സ്റ്റാന്‍സ്വാമിയുടെ അന്ത്യം. 2020 ഒക്ടോബര്‍ എട്ടിന് നക്സല്‍ ബന്ധം ആരോപിച്ച എന്‍ഐഎ അറസ്റ്റ് ചെയ്ത് ജയിലില്‍ അടച്ചിരിക്കുകയായിരുന്നു.
പാര്ക്കിന്സണ് ഉള്‍പ്പടെയുള്ള നിരവധി രോഗങ്ങള്‍ അദ്ദേഹത്തിന്റെ സ്ഥിതി വഷളാക്കി. പലതവണ ജാമ്യാപേക്ഷ നല്‍കിയെങ്കിലും അവയെല്ലാം നിരസിക്കപ്പെടുകയായിരുന്നു. അവസാന നാളുകളില്‍ കോവിഡും പിടികൂടിയിരുന്നു. ബോംബെ ഹൈക്കോടതി ഇടപെട്ടാണ് തലോജ ജയിലില്‍ നിന്ന് അദ്ദേഹത്തെ ആശുപത്രിയിലേക്ക് മാറ്റിയത്. ഒരുമാസം ആശുപത്രിയില്‍ ചികിത്സയില്‍ കഴിയവെയായിരുന്നു അന്ത്യം.
മനുഷ്യാവകാശ പ്രവര്‍ത്തകനും ഈശോസഭ വൈദികനുമായിരുന്ന ഫാ. സ്റ്റാന്‍സ്വാമിയുടെ മരണം വലിയ ജനവികാരം ഉണര്ത്തുമ്പോഴും അറസ്റ്റിനെ ന്യായീകരിച്ചുകൊണ്ടുള്ള പ്രതികരണമാണ് കേന്ദ്രസര്‍ക്കാര്‍ രേഖപ്പെടുത്തിയിരിക്കുന്നത്.