കൊച്ചി: ഫാ.സ്റ്റാന്‍സ്വാമിയുടെ മരണത്തില്‍ കേരള കത്തോലിക്കാ മെത്രാന് സമിതി അനുശോചനം രേഖപ്പെടുത്തി. ഫാ. സ്റ്റാന്‍സ്വാമിയുടെ മരണത്തില്‍ അനേകര്‍ തീവ്രദു:ഖത്തിലാണ്. അദ്ദേഹത്തിന്റെ സേവനം സ്വീകരിച്ച അനേകായിരങ്ങളുടെയും ഈശോ സഭാ സമൂഹത്തിന്റെയും വേദനയില്‍ കേരള കത്തോലിക്കാ മെത്രാന് സമിതി പങ്കുചേരുന്നു.ഫാ. സ്റ്റാന്‍ സ്വാമിക്ക് നിത്യശാന്തി നേര്‍ന്നു പ്രാര്‍ത്ഥിക്കുന്നു. കെസിബിസി പ്രസിഡന്റ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി പറഞ്ഞു.
രാജ്യദ്രോഹക്കുറ്റം ചുമത്തി ജയിലില്‍ അടയ്ക്കപ്പെട്ട ഫാ. സ്റ്റാന്‍സ്വാമിയുടെ മരണവാര്‍ത്ത ഏറെ വേദനയോടെയാണ് കേട്ടതെന്ന് മലങ്കര കത്തോലിക്കാ സഭ മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ പറഞ്ഞു. ഇന്ത്യയിലെ പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട ജനകോടികള്‍ക്ക് വികസനവും നീതിയും തേടിയുള്ള യാത്രയായിരുന്നു ഫാ. സ്റ്റാന്‍സ്വാമിയുടെ ജീവിതമെന്ന് കേരള ലത്തീന്‍ കത്തോലിക്കാ മെത്രാന്‍സമിതി അധ്യക്ഷന്‍ ബിഷപ് ഡോ ജോസഫ് കരിയില്‍ പറഞ്ഞു.ഫാ. സ്റ്റാന്‍ സ്വാമിയുടെ മരണം രക്തസാക്ഷിത്വമാണെന്ന് പാലാ രൂപത സഹായമെത്രാന്‍ മാര്‍ ജേക്കബ് മുരിക്കന്‍ പറഞ്ഞു.
ഫാ. സ്റ്റാന്‍സ്വാമിയുടെ നിര്യാണത്തില്‍ അഗാധമായ ദു:ഖം രേഖപ്പെടുത്തുന്നതായി മുഖ്യമന്ത്രി പിണറായി വിജയന് അറിയിച്ചു. ഫാ. സ്റ്റാന്‍സ്വാമിയുടെ മരണത്തിലേക്ക് നയിച്ച കാര്യങ്ങള്‍ നീതിനിഷേധം മാത്രമല്ല ക്രൂശിക്കപ്പെട്ട നീതികൂടിയാണെന്ന് സുപ്രീംകോടതി മുന്‍ ജഡ്ജി കുര്യന് ജോസഫ് അഭിപ്രായപ്പെട്ടു.
സീറോ മലബാര്‍ മാതൃവേദി, കെഎല്‍സിഎ, കെസിഎഫ്, കെആര്‍എല്‍സിസി, ഡിസിഎംഎസ് തുടങ്ങിയവയും അനുശോചനം അറിയിച്ചു.