ഒഡീസ സര്‍ക്കാര്‍ കത്തീഡ്രല്‍ ദേവാലയത്തിന്റെ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ക്കായി 20 മില്യന്‍ രൂപ അനുവദിച്ചു

ഭൂവനേശ്വര്‍: സെന്റ് വിന്‍സെന്റ് പ്രോ കത്തീഡ്രല്‍ ദേവാലയത്തിന്റെ പുനരുദ്ധാരണപ്രവര്‍ത്തനങ്ങള്‍ക്കും മോടി വര്‍ദ്ധിപ്പിക്കലിനുമായി ഒഡീസ സര്‍ക്കാര്‍ 20 മില്യന്‍ രൂപ അനുവദിച്ചു. കട്ടക് -ഭൂവനേശ്വര്‍ അതിരൂപതയിലെ സെന്റ് തോമസ് ദിനാചരണത്തോട് അനുബന്ധിച്ച് നടന്ന ചടങ്ങിലാണ് ജനപ്രതിനിധി അനന്ത നാരായണ ജെന ഇക്കാര്യം പ്രഖ്യാപിച്ചത്.

സംസ്ഥാനത്തെ ക്രൈസ്തവ തീര്‍ത്ഥാടനകേന്ദ്രങ്ങള്‍ക്ക് പുതിയ മുഖം നല്കാനും സര്‍ക്കാര്‍ പദ്ധതികള്‍ ആവിഷ്‌ക്കരിക്കുന്നതായി അദ്ദേഹം അറിയിച്ചു. ഇതിനായി ആധുനികരീതിയില്‍ മൂന്നുനില കെട്ടിടങ്ങള്‍പണിയും. ക്രൈസ്തവസമൂഹത്തിന്റെ വളര്‍ച്ചയ്ക്കും വികസനത്തിനുമായി ജാതിയുടെയോ മതത്തിന്റെയോ വേര്‍തിരിവുകള്‍ കൂടാതെ എല്ലാവരും സഹകരണം മുഖ്യമന്ത്രി നവീന്‍ പട്‌നായിക് തേടുന്നതായും അദ്ദേഹം വ്യക്തമാക്കി. കട്ടക് ഭുവനേശ്വര്‍ ആര്‍ച്ച് ബിഷപ് ജോണ്‍ ബര്‍വ മുഖ്യമന്ത്രിക്ക് നന്ദി അറിയിച്ചു. സംസ്ഥാനത്തിന്റെ വളര്‍ച്ചയ്ക്കുവേണ്ടി മുഖ്യമന്ത്രിയുടെ പ്രവര്‍ത്തനങ്ങള്‍ക്കുള്ള പ്രാര്‍ത്ഥനകളും അദ്ദേഹം വാഗ്ദാനം ചെയ്തു.

ഭൂവനേശ്വറിലെ ക്രൈസ്തവരുടെ സംസ്‌കാരച്ചടങ്ങുകള്‍ക്കായി സ്ഥലം അനുവദിക്കണമെന്നും അദ്ദേഹം മുഖ്യമന്ത്രിയോട് അപേക്ഷിച്ചു. സിസ്‌റ്റേഴ്‌സ് ഓഫ് സെന്റ് ജോസഫ് ഓഫ് ആനീ സമൂഹത്തിന്റെ വരവോടെയാണ് പ്രോ കത്തീഡ്രലിന്റെ ചരിത്രം ആരംഭിക്കുന്നത്. 1951 ല്‍ അവര്‍ പ്രാര്‍ത്ഥനയ്ക്കായി ഒരു സ്വകാര്യ ചാപ്പല്‍പണിതു. 1963 ലാണ് നിലവിലുള്ള ദേവാലയത്തിന്റെ ശില പാകിയത്.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.
Leave A Reply

Your email address will not be published.