വിശുദ്ധ തോമസിനെ ഓർമ്മിക്കുന്ന ഇന്നേ ദിവസം ഏറ്റവും അധികമായി പറയാൻ സാധ്യതയുള്ളത് അവന്റെ അവിശ്വാസത്തെക്കുറിച്ചാണ്. അത് പറഞ്ഞിട്ടേ തോമസെന്ന യേശുശിഷ്യന്റെ വിശ്വാസത്തെ സംബന്ധിച്ച പരാമർശം ഉണ്ടാവുകയുള്ളൂ. ഏതെല്ലാം രീതിയിൽ വിശുദ്ധ തോമസിനെ അവിശ്വാസിയെന്ന ലേബൽ നൽകി വിളിച്ചാലും, അതെല്ലാം അവസാനിപ്പിക്കുന്നത് അവൻ എത്തിച്ചേർന്ന ആഴമായ വിശ്വാസത്തിലാണെന്നതാണ് സത്യം.
കർത്താവിന്റെ തിരഞ്ഞെടുക്കപ്പെട്ടവനായി മൂന്ന് വർഷം കൂടെ ജീവിച്ചതുകൊണ്ട് തോമസിന് സംശയങ്ങൾ ഉണ്ടാകാൻ പാടില്ലായിരുന്നു എന്ന് പ്രസംഗിച്ചിട്ടുള്ളവരെ കേട്ടിട്ടുണ്ട്, എന്തോ എനിക്കവരോടൊപ്പം ചേരാൻ ഇപ്പോഴും മനസില്ല. വിശുദ്ധ തോമസിനെ ഞാൻ ഇഷ്ടപ്പെടാനുള്ള ഏറ്റവും പ്രധാന കാരണം തുടങ്ങുന്നതുതന്നെ അവൻ കർത്താവിന്റെ ഉത്ഥാനത്തെ സംശയിച്ചു എന്നതിൽ നിന്നാണ്. എത്ര സുന്ദരമായാണ് ആ സംശയത്തിന് പരിസമാപ്തിയുണ്ടാകുന്നത്. അതുപോലെ, “എന്റെ കർത്താവേ എന്റെ ദൈവമേ” എന്ന ഏറ്റുപറച്ചിലിലൂടെ എത്ര വിശുദ്ധമായാണ് തോമസ് ഈശോയിലേക്ക് പൂർണമായി ഇഴുകിച്ചേർന്നത് എന്നൊക്കെ സുവിശേഷം വിളിച്ചോതുന്നത് എങ്ങിനെ നമുക്ക് കാണാതിരിക്കാനാകും. എങ്ങനെ വിശുദ്ധ തോമസിനെ ഇഷ്ടപ്പെടതിരിക്കാൻ കഴിയും.
ഉള്ളിലുയരുന്ന സംശയവും, അതിനെ ദൂരികരിക്കുമ്പോൾ ലഭ്യമാകുന്ന വിശ്വാസവും ജീവിതത്തിനേകുന്ന ആത്മീയമായ തേജസ് വളരെ വലുതായിരിക്കും. ഇതിനുള്ള ജീവിതമാതൃകയാണ് വിശുദ്ധ തോമസ്. തോമസ് സത്യമായും ഈശോയുടെ ഉത്ഥാനത്തിൽ സംശയിച്ചു, പിന്നീട് ഉത്ഥിതനായ കർത്താവിനെ നേരിൽ കണ്ടുകഴിഞ്ഞപ്പോൾ വിശ്വസിച്ചു, അതവൻ പ്രഘോഷിച്ചു, അതിൽ അവൻ ജീവിച്ചു, അതിൽ അവൻ മണ്ണിലെ ജീവിതം പൂർത്തിയാക്കി. അങ്ങനെ കാലങ്ങൾ കഴിയുമ്പോഴും അനേകർക്ക് വിശ്വാസത്തിൽ ആഴപ്പെടാനുള്ള പ്രചോദനം നൽകുന്ന ജീവിതമായി ജ്വലിച്ചുനിൽക്കുന്നു.
ഒരാൾക്ക് ദൈവത്തിലുള്ള വിശ്വാസത്തിൽ സംശയങ്ങൾ ഉണ്ടാവുന്നത് സ്വാഭാവികമായ ഒരു കാര്യമായിട്ടാണ് ഞാൻ കാണുന്നത്. ഇതെല്ലാക്കാലത്തും സഭവിക്കുന്നതും സംഭവിച്ചിട്ടുള്ളതുമായ യാഥാർത്ഥ്യമാണ്. എന്നാൽ, തന്റെ ജീവിതത്തിൽ കടന്നുവരുന്നതും വിശ്വാസവുമായി ബന്ധപ്പെട്ടതുമായ ഇത്തരം സംശയങ്ങളെ എപ്രകാരമാണ് ആ വ്യക്തി കൈകാര്യം ചെയ്യുന്നത് എന്നതിനെ ആശ്രയിച്ചാണ് പിന്നീടുള്ള ജീവിതം വിലയിരുത്തപ്പെടുന്നത്, വിശുദ്ധ തോമസിനെപ്പോലെ.
കോവിഡ്-19 മൂലം കുറേയധികം വൈദീകരും സമർപ്പിതരും ഇന്ത്യയിൽ മരണമടഞ്ഞതിനെക്കുറിച്ചുള്ള കണക്കുകൾ ഇപ്പോൾ പുറത്തുവന്നിട്ടുണ്ട്. അവരിൽ നമ്മുടെ പ്രിയപ്പെട്ടവരും പരിചിതരുമൊക്കെയുണ്ടാകാം. ഇത്തരം വാർത്തകൾ വന്നുകൊണ്ടിരുന്നപ്പോൾ, ദൈവശാസ്ത്രത്തിൽ അവഗാഹമുള്ള ഒരാൾ പറഞ്ഞത്, നമ്മുടെ പ്രാർത്ഥനയൊക്കെ ഉപകാരമില്ലാതെപോകുന്നു, ദൈവം അതൊന്നും കേൾക്കുന്നില്ലായെന്നും, കേട്ടിരുന്നെങ്കിൽ പല മരണങ്ങളും ഒഴിവാകുമായിരുന്നെന്നുമാണ്.
എത്രയോ ബാലിശമായ പ്രതികരണമാണിത്. ഒരിക്കലും ഒരു യഥാർത്ഥ ക്രിസ്തുവിശ്വാസിയുടെ അധരത്തിൽ നിന്നും വരേണ്ട വാക്കുകളല്ലായിത്. മണ്ണിൽ അഴുകി തീരുന്നതാണ് മനുഷ്യജീവിതമെന്നും അതിനപ്പുറം പ്രത്യാശിക്കുവാൻ യാതൊന്നും ഇല്ലായെന്നും കരുതുന്നവരുടെ ചിന്താരീതിയാണിത്. വിശുദ്ധ തോമസ് ഉത്ഥിതനെ കണ്ടെത്തിയതുപോലെ, കർത്താവിനെ കാണാനുള്ള ആഗ്രഹമോ പ്രാർത്ഥനയോ ഇല്ലാത്ത മനസിന്റെ പ്രതിഫലനവുമാണിത്.
കേരളത്തിൽ പ്രളയമുണ്ടായപ്പോഴും പിന്നീട് കോവിഡ്-19 ആരംഭിച്ചപ്പോഴും അനേകർ പ്രത്യാശയോടെ പാടിയ “ഒരു മഴയും തോരാതിരുന്നിട്ടില്ല, ഒരു കാറ്റും അടങ്ങാതിരുന്നിട്ടില്ല, ഒരു രാവും പുലരാതിരുന്നിട്ടില്ല, ഒരു നോവും കുറയാതിരുന്നിട്ടില്ല” എന്ന ഗാനത്തിന്റെ അടുത്തവരിയിൽ ഫാദർ സാജൻ പി മാത്യു കുറിച്ചതിങ്ങനെയാണ് “തിരമാലയിൽ ഈ ചെറുതോണിയിൽ അമരത്തെന്നരികെ അവനുള്ളതാൽ”. കർത്താവ് ഒപ്പമുള്ളതിനാലാണ് പ്രതികൂലമായ പലതിലും തളരാതെ മുന്നോട്ട്പോകാൻ വിശ്വാസികൾക്ക് കഴിയുന്നത് എന്ന ഓർമ്മപ്പെടുത്തൽ കൂടിയായിരുന്നു ഈ ഗാനം. വിശുദ്ധ തോമസിനെപ്പോലെ ആഴമേറിയ ക്രിസ്തുവിശ്വാസം ഉള്ളിൽ പേറുന്ന ഒരാൾക്ക്മാത്രം എഴുതിവയ്ക്കാൻ കഴിയുന്ന ചിന്തകളാണത്.
വിശുദ്ധ തോമസ് ആദ്യം സംശയിക്കുകയും പിന്നീട് വിശ്വസിക്കുകയും അതിൽ ജീവിക്കുകയും ചെയ്തു, എന്നാൽ ഞാനോ? “മരപ്പണിക്കാരനായിരുന്ന ക്രിസ്തുവിന്റെ പിൻഗാമികളാണ്, കേരളത്തിൽ തങ്ങളുടെ പൂർവ്വികർ നമ്പൂതിരിമാരായിരുന്നുവെന്നു വീമ്പിളക്കുന്നത്” എന്ന് ഈ അടുത്തനാളിൽ ഒരു പത്രത്തിൽ വായിക്കാനിടയായി. ചിലരുടെ ക്രിസ്തുവിശ്വാസം ഇങ്ങനെയാണ്.
പേരിലുള്ള ക്രിസ്ത്യാനി എന്നതിനപ്പുറം മറ്റൊന്നുമില്ല. വിശുദ്ധ തോമസിൽനിന്നും നേരിട്ടുള്ള പൈതൃകവും പാരമ്പര്യം ലഭിച്ചിട്ടുള്ളവരായി പറയുന്നവർ പലപ്പോഴും അഭിമാനിക്കുന്നത് കർത്താവിലോ അവന്റെ വചനത്തിലോ അല്ലാ എന്ന അപ്രിയസത്യം നമ്മുടെ മുൻപിലുണ്ട്. ക്രിസ്തുവിലുള്ള വിശ്വാസമെന്നത് ജീവിതമാകാതിരിക്കുമ്പോൾ അപരന് ഉതപ്പായത് മാറും. നിത്യജീവന് വകയില്ലാതെ ഈ മഹാമാരിക്കാലത്ത് അനേകർ ഉഴലുമ്പോൾ, അവരെയെല്ലാം വിസ്മരിച്ച്, വിശ്വാസി സ്വയം പറയുന്നവർ കൂടുതൽ കൂടുതൽ സ്ഥലങ്ങൾ വാങ്ങുകയും, വലിയ കെട്ടിടങ്ങൾ കെട്ടിപ്പടുക്കുകയും ചെയ്യുമ്പോൾ, വിശുദ്ധ തോമസിന്റെ അവിശ്വാസം ദൂരികരിക്കാനയി വന്ന ഉത്ഥിതൻ ഒരിക്കലും അവരുടെ മുൻപിൽ പ്രത്യക്ഷനാകില്ല. കാരണം, അവർ കർത്താവിൽ നിന്നും ഏറെ ദൂരെയാണ്, അവരുടെ ഹൃദയം ഒരിക്കലും കർത്താവിനെ അംഗീകരിക്കാത്തതുമാണ്.
എന്റെ കർത്താവേ എന്റെ ദൈവമേ എന്നു പറഞ്ഞുകൊണ്ട് തന്റെ ഗുരുവിലുള്ള വിശ്വാസം പരസ്യമായി പ്രഖ്യാപിച്ച ക്രിസ്തുശിഷ്യനെ പ്രത്യേകമായി ഓർമ്മിക്കുമ്പോൾ, നമ്മുടെ വിശ്വാസം എത്രമാത്രം ആത്മാർത്ഥമാണെന്ന് തിരിച്ചറിയാൻ നമുക്കും സാധിക്കട്ടെ. എല്ലാവർക്കും ഭാരതത്തിന്റെ അപ്പസ്തോലനെന്നറിയപ്പെടുന്ന വിശുദ്ധ തോമസിന്റെ തിരുനാൾ മംഗളങ്ങൾ ആശംസിക്കുന്നു.
പോൾ കൊട്ടാരം കപ്പൂച്ചിൻ