ലണ്ടൻ . വിശുദ്ധ സൈമൺ സ്റ്റോക്കിന് ഉത്തരീയം നൽകികൊണ്ട് പരിശുദ്ധ ‘കന്യകാമറിയം നൽകിയ പ്രത്യക്ഷീകരണത്തിന്റെ സജീവ അടയാളമായി നിലകൊള്ളുന്ന എയിൽസ്‌ഫോർഡ് മരിയൻ തീർഥാടന കേന്ദ്രത്തിലേക്ക് ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയുടെ ആഭിമുഖ്യത്തിൽ നടത്തിയ രണ്ടാമത് എയിൽസ്‌ഫോർഡ് തീർഥാടനം ഭകതിസാന്ദ്രമായി . രൂപതയുടെ വിവിധ പ്രദേശങ്ങളിൽ നിന്നും എത്തിച്ചേർന്ന ആയിരകണക്കിന് വിശ്വാസികൾ അണിചേർന്ന തീർഥാടനത്തിനു രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ നേതൃത്വം നൽകി .
പന്ത്രണ്ടു മണിക്ക് ജപമാല പ്രദിക്ഷണത്തോട് കൂടി തീർഥാടനം ആരംഭിച്ചു. തുടർന്ന്തീർഥാടനത്തോടനുബന്ധിച്ചു വരും വർഷങ്ങളിലും നടത്താനുദ്ദേശിക്കുന്ന മരിയൻ പ്രഭാഷണത്തിന്റെ ഭാഗമായയുള്ള ഒന്നാമത് പ്രഭാഷണം ലോകപ്രശസ്ത സുവിശേഷ പ്രഘോഷകൻ ഫാ. ജോർജ് പനക്കൽ വി. സി. നടത്തി .തുടർന്ന് രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കലിന്റെ കാർമികത്വത്തിൽ സമൂഹ ബലിയർപ്പണം നടന്നു .
ഞാൻ പൂർണ്ണമായും മാറിയത്തിന്റേതാണ് എന്ന് പ്രഖ്യാപിച്ച വിശുദ്ധ ജോൺ പോൾ മാർപാപ്പയെ പോലെ വളരെ താഴ്മയോടെ , വിനീതനായി മറിയത്തിന്റെ ദാസരായി മാറുവാൻ ഓരോ വിശ്വാസിയും തയ്യാറാകണമെന്ന് വിശുദ്ധ കുർബാന മദ്ധ്യേയുള്ള സുവിശേഷ സന്ദേശത്തിൽ മാർ ജോസഫ് സ്രാമ്പിക്കൽ വിശ്വാസികളെ ഉത്‌ബോധിപ്പിച്ചു .ഓരോ ശിഷ്യനും , ശിഷ്യന്മാരുടെ കൂട്ടായ്മയായ തിരുസഭയും പരിശുദ്ധ അമ്മയുടെ മുൻപിൽ ദാസന്മാരായി മാറണം .ഈശോയുടെ വാക്കുകേട്ട് പരിശുദ്ധ അമ്മയെ തന്റെ അമ്മയായി സ്വീകരിച്ച യോഹന്നാനെപ്പോലെ മറിയത്തെ അമ്മയായി നാം എല്ലാവരും സ്വീകരിക്കണം. പരിശുദ്ധ അമ്മയെ സ്വീകരിക്കുമ്പോൾ എല്ലാ കുറവുകളും നിറവുകളായി മാറും. ഉറയുള്ള ഉപ്പായി, ദൈവം കത്തിച്ച വിളക്കായി പരിശുദ്ധ അമ്മയെ ഹൃദയത്തിൽ പ്രതിഷ്ഠിക്കുമ്പോൾ വിഭജനത്തിന്റെയും ,ദുഖത്തിന്റെയും , സങ്കടങ്ങളുടെയും എല്ലാം കയ്പ്പ് മാറി ജീവിതങ്ങൾ മറ്റുള്ളവർക്ക് പ്രകാശം ചൊരിയുന്നവയായി മാറും . അദ്ദേഹം കൂട്ടിച്ചേർത്തു .
ഗ്രേറ്റ് ബ്രിട്ടൻ രൂപത വികാരി ജെനെറൽ ഫാ. ജിനോ അരീക്കാട്ട് എം. സി. ബി. എസ്., ഫാ. ജോർജ് പനക്കൽ വി. സി., ചാൻസിലർ ഫാ. മാത്യു പിണക്കാട്ട് , തീർഥാടനത്തിന്റെ ഈ വർഷത്തെ കൺവീനർ ഫാ. ടോമി എടാട്ട് ,ഫാ. ഹാൻസ് പുതിയകുളങ്ങര , രൂപതയിലെ വിവിധ ഭാഗങ്ങളിൽ നിന്നെത്തിയ വൈദികർ എന്നിവർ സഹ കാർമ്മികൻ ആയിരുന്നു. ഫാ. സെബാസ്റ്റ്യൻ ചാമക്കാലായുടെ നേതൃത്വത്തിൽ ഉള്ള രൂപത ഗായക സംഘം ഗാന ശുശ്രൂഷക്കു നേതൃത്വം നൽകി.
വിശുദ്ധ കുർബാനക്ക് ശേഷം സീറോ മലബാർ സഭയുടെ പരമ്പരാഗത ശൈലിയിൽ തിരുസ്വരൂപങ്ങളും വഹിച്ചുകൊണ്ടുള്ള പ്രദക്ഷിണവും നടത്തി.