പരിശുദ്ധ കന്യകയുടെ സ്വന്തമായ ഏക പ്രാര്‍ത്ഥന ഏതാണ് എന്നറിയാമോ, അത് മറിയത്തിന്റെ സ്തോത്രഗീതമാണ്. മാതാവിന്റെ അധരങ്ങള്‍ വഴി സംസാരിച്ചത് ഈശോ ആയിരുന്നതിനാല്‍ ഈശോ തന്നെയാണ് ഈ പ്രാര്‍ത്ഥനയുടെ കര്‍ത്താവ് എന്ന് പറയുന്നതാവും കൂടുതല്‍ ശരി.
കൃപാവരത്തിന്റെ തലത്തില്‍ പരിശുദ്ധമായ സൃഷ്ടിയില്‍ നിന്ന് ഇതായിരുന്നു ദൈവം സ്വീകരിച്ച ഏറ്റവും വിശിഷ്ടമായ സ്തുതിയുടെ ബലി. ഒരേ സമയം വിനീതവും കൃതജ്ഞതാനിര്ഭരവുമായ പ്രാര്‍ത്ഥനയാണ് അത്. അതുപോലെ ഗീതങ്ങളില്‍ വച്ചേറ്റവും ശ്രേഷ്ഠവും പ്രൗഢവുമാണ് അത്. മാലാഖമാര്‍ക്ക് പോലും അഗ്രാഹ്യമായ മഹത്തരവും അതിനിഗൂഢവുമായ രഹസ്യങ്ങളാണ് മറിയത്തിന്റെ സ്ത്രോത്രഗീതത്തിന്റെ ഉള്ളടക്കം.
അതുകൊണ്ടുതന്നെ മറിയത്തിന്റെ സ്ത്രോത്രഗീതം ചൊല്ലിയാല്‍ പ്രകടമായ പല അത്ഭുതങ്ങളും നടക്കുക തന്നെ ചെയ്യും. പണ്ഡിതനായ ബെന്സോനിയൂസ് ഈ പ്രാര്‍ത്ഥനയെക്കുറിച്ച് വ്യാഖ്യാനിക്കുകയും ഇതിന്റെ ശക്തി കൊണ്ട് സംഭവിച്ച പല അത്ഭുങ്ങളെപ്പറ്റി വിവരിക്കുകയും ചെയ്യുന്നുണ്ട്.
അവിടുന്ന് തന്റെ ഭുജബലം കൊണ്ട് ശക്തി പ്രകടിപ്പിച്ചു, ഹൃദയവിചാരത്താല് അഹങ്കരിക്കുന്നവരെ ചിതറിച്ചു എന്ന വചനം കേള്‍ക്കുമ്പോള്‍ പിശാചുക്കള്‍ പോലും വിറച്ചുകൊണ്ടോടിപോകുമെന്നാണ് ഇദ്ദേഹം പറയുന്നത്.
അതുകൊണ്ട് നമ്മുടെ ജീവിതത്തിലെ പല നിര്‍ണ്ണായക നിമിഷങ്ങളിലും മറിയത്തിന്റെ സ്തോത്രഗീതം ചൊല്ലിപ്രാര്‍ത്ഥിക്കുക. മാതാവ് നമ്മെ കാത്തുരക്ഷിക്കുക തന്നെ ചെയ്യും.