സഭയുടെ ആധികാരിക പ്രബോധനങ്ങള്‍ പഠിച്ച് സുവിശേഷവല്‍ക്കരണം നടത്തണം: ബ്ര. തോമസ് പോള്‍

യൂറോപ്യന്‍രാജ്യങ്ങളില്‍ 20 വര്‍ഷമായി സുവിശേഷം പ്രഘോഷിക്കുന്ന വ്യക്തിയാണ് ഞാന്‍. തോമസ് പോള്‍ യൂറോപ്പില്‍ വന്നത് സുവിശേഷം പ്രസംഗിക്കാന്‍ വേണ്ടി മാത്രമാണ്. അല്ലാതെ മറ്റൊരു ലക്ഷ്യത്തോടെയുമല്ല. അതിന്റെ തുടക്കം ഇപ്രകാരമായിരുന്നു. 1999 ല്‍ ഇന്ത്യയില്‍ വളരെയധികം പ്രശസ്തമായ കണ്‍വന്‍ഷനുകള്‍ നടക്കുന്ന സമയത്ത് മീററ്റ് രൂപതയിലെ അച്ചന്മാരെ ധ്യാനിപ്പിക്കുന്ന സര്‍ദാനയില്‍ വച്ച് അന്നത്തെ ബിഷപ് പറഞ്ഞു, ഇവിടെ സര്‍ദാനയില്‍ വച്ച് ഒരു യൂറോപ്യന്‍ മിഷനറിയെ കൊന്നിട്ടുണ്ട്.

അതെന്റെ ഹൃദയത്തെ വളരെയധികം വേദനിപ്പിച്ചിട്ടുണ്ട്. ആ മിഷനറിയുടെ കബറിടത്തില്‍ പോയി പ്രാര്‍ത്ഥിക്കാന്‍ ഞാന്‍ ആഗ്രഹിച്ചു. ഭാരതത്തെ മുഴുവന്‍ സുവിശേഷവല്ക്കരിക്കണം എന്ന ലക്ഷ്യമായിരുന്നു എനിക്കുണ്ടായിരുന്നത്. എന്നാല്‍ ആ യുറോപ്യന്‍ മിഷനറിയുടെ കൊലപാതകത്തെക്കുറിച്ച് കേട്ടപ്പോള്‍ എന്റെ മനസ്സില്‍ മറ്റൊരു വിചാരമുണ്ടായി. ഒരു കപ്പൂച്ചിന്‍ വൈദികനായിരുന്നു ആ മിഷനറി.ഫാ. അദിദാത്തൂസ്. അദ്ദേഹത്തിന്റെ കബറിടത്തില്‍ പ്രാര്‍ത്ഥിച്ചുകൊണ്ടിരിക്കുമ്പോള്‍ ഞാനൊരു ദൈവസ്വരം കേട്ടു. അത് ഇങ്ങനെയായിരുന്നു.

ഒരു വിദേശ മിഷനറി ഭാരതത്തില്‍ തന്റെ സുവിശേഷത്തിന് വേണ്ടി ജീവന്‍ വെടിഞ്ഞുവെങ്കില്‍ അതിന് എന്ത് പ്രത്യുത്തരം കൊടുക്കാന്‍ നിനക്ക് കഴിയും? അത് വലിയൊരു കാര്യമാണല്ലോ ഞാന്‍ അതിന് നന്ദി പറയുന്നുവെന്നായിരുന്നു എന്റെ മറുപടി. അപ്പോള്‍ വീണ്ടുമൊരു സ്വരം ഞാന്‍ കേട്ടു. നിനക്ക് എന്റെ കൂടെ യൂറോപ്പിലേക്ക് വരാമോ അവിടെയുള്ള എന്റെ ജനത്തെ സഹായിക്കാമോ. ഞാന്‍ ഉടന്‍തന്നെ അതിന് പ്രത്യുത്തരം നല്കി. യെസ്. അതിന് ശേഷം അത്ഭുതകരമായി ദൈവം എന്നെ യൂറോപ്പിലേക്ക് കൊണ്ടുവന്നു.ദൈവം എന്നെ ഉപയോഗിക്കാന്‍ ആരംഭിക്കുകയായിരുന്നു. സുവിശേഷവല്‍ക്കരണത്തിന്റെ ലൈഫ് ലോംങ് വീസ ഉള്ള ഒരാളാണ് ഞാന്‍.

ഇത്രയും കാലത്തിനിടയില്‍ ഇന്നുവരെ ഒരിക്കല്‍ പോലും ഞാന്‍ എന്റെ ആഗ്രഹമനുസരിച്ചോ പ്രബോധനമനുസരിച്ചോ ഹിതമനുസരിച്ചോ പ്രവര്‍ത്തിച്ചിട്ടില്ല. ഇവിടെയാണ് സുവിശേഷവല്‍ക്കരണത്തിന് വേണ്ടി പ്രവര്‍ത്തിക്കുമ്പോള്‍ നാം ശ്രദ്ധിക്കേണ്ട കാര്യം. സുവിശേഷവല്‍ക്കരണത്തിന് ഒരു പുതിയ ശക്തി ഉണ്ടാവണമെങ്കില്‍ സഭയോട് ചേര്‍ന്ന് പ്രബോധനം നടത്തണം.സഭയുടെ ആധികാരിക പ്രബോധനം നാം പ്രബോധിപ്പിക്കണം. എന്റെ ജീവിതത്തിലുണ്ടായ ഏറ്റവും വലിയ ഭാഗ്യം പോള്‍ ആറാമന്റെ പ്രബോധനം വായിച്ചുകൊണ്ട് സുവിശേഷപ്രഘോഷണം ആരംഭിച്ചു എന്നതാണ്. ഫ്രാന്‍സിസ് മാര്‍പാപ്പയുടെ സുവിശേഷത്തിന്റെ ആനന്ദത്തില്‍ വരെ അതിന്റെ സ്വാധീനം പ്രകടമാണ്. സുവിശേഷവല്‍ക്കരണം കര്‍ത്താവിന്റെ പ്രവൃത്തിയാണ്. യേശുവാണ് സുവിശേഷവല്‍ക്കരണത്തിന്റെ ഏറ്റവും ഉന്നതനായ കര്‍ത്താവ്. സുവിശേഷവല്‍ക്കരണം നാം നടത്തുന്നത് നമ്മുടെ പ്രൈവറ്റ ്കാര്യമല്ല. ഇത് സഭയുടെ കാര്യമാണ്. ഈശോ തന്നെയാണ് ലീഡര്‍. നമ്മള്‍ ഈശോയുടെ കയ്യിലെ പെന്‍സില്‍ മാത്രമാണ്.

സഭയുടെ എല്ലാ പ്രബോധന രേഖകളും നാം പഠിക്കണം. അമേരിക്കയിലോ യൂറോപ്പിലോ നാട്ടിലോ എവിടെയാണെങ്കിലും ജോലി കിട്ടണമെങ്കില്‍ അതാത് ജോലിക്ക് വേണ്ട പഠനം ആവശ്യമാണല്ലോ. അതുപോലെ സുവിശേഷവല്‍ക്കരണത്തിന് ഇറങ്ങിപ്പുറപ്പെട്ടിരിക്കുന്ന നമ്മള്‍ സഭയുടെ ആധികാരികമായ പ്രബോധന രേഖകള്‍ പഠിക്കണം. അങ്ങനെ പഠിക്കുമ്പോള്‍ നമ്മുടെ ആത്മാവ് ആധികാരികമായ പ്രബോധനം കൊണ്ട് നിറയും. അങ്ങനെ ആധികാരികമായപ്രബോധനം കൊണ്ട് നിറയുമ്പോള്‍ അത് താനെ ഒഴുകും, പ്രസരിക്കും നമ്മിലും സഭയിലും പ്രസരിക്കും. വിശ്വാസത്തിന്റെ കരുത്ത് പ്രബോധനത്തിന്റെ ആധികാരികതയിലൂടെപ്രസരിക്കണം.

( സുവിശേഷത്തിന്റെ ആനന്ദം എന്ന പ്രോഗ്രാമില്‍ നടത്തിയപ്രസംഗത്തിന്റെ പ്രസക്തഭാഗങ്ങള്‍)



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.
Leave A Reply

Your email address will not be published.