മക്കള്‍ ദൈവ വിശ്വാസത്തില്‍ നിന്ന് അകന്നു ജീവിക്കുമോയെന്ന് പേടിയുണ്ടോ, ചെറുപ്രായം മുതല്‍ക്കേ ഈ വചനം പറഞ്ഞ് മക്കള്‍ക്കു വേണ്ടി പ്രാര്‍ത്ഥിക്കൂ

വിശ്വാസത്തില്‍ ജീവിക്കുന്ന മാതാപിതാക്കള്‍ക്കുപോലും ഉളളില്‍ പേടിയുണ്ട് വരും കാലങ്ങളില്‍ തങ്ങളുടെ മക്കള്‍ വിശ്വാസത്തില്‍ നിന്ന് അകന്നുജീവിക്കുമോയെന്ന്.. പള്ളിയും പട്ടക്കാരനും ഇല്ലാതെ, കൂദാശകള്‍ സ്വീകരിക്കാതെ, ദൈവത്തെ നിഷേധിച്ചുകൊണ്ടുളള ജീവിതമാണോ അവര്‍ വരും കാലങ്ങളില്‍ ജീവിക്കുന്നതെന്ന്.. മലയാളനാട്ടില്‍ കഴിയുന്ന മാതാപിതാക്കളെക്കാള്‍ ഇത്തരമൊരു ആശങ്കയും ആകുലതയും കൂടുതലുള്ളത് വിദേശനാടുകളില്‍ ജീവിക്കുന്ന മാതാപിതാക്കള്‍ക്കായിരിക്കും.

കാരണം നമ്മുടേതില്‍ നിന്ന് തുലോം വ്യത്യസ്തമായ ജീവിതസാഹചര്യമാണല്ലോ അവിടെയുള്ളത്? അടഞ്ഞുകിടക്കുന്ന ദേവാലയങ്ങളും കൗദാശികജീവിതത്തില്‍ നിന്ന് അകന്നുജീവിക്കുന്ന യുവജനങ്ങളും. ഇത് സാമാന്യവല്ക്കരിക്കുന്ന പ്രസ്താവനയല്ലെങ്കില്‍ പോലും ഇത്തരമൊരു സ്വാധീനത്തിന് വഴിപെടാനുള്ള സാധ്യത നമ്മുടെ കുടുംബങ്ങളിലെ കുട്ടികള്‍ക്ക് ഏറെയാണ്. നിയന്ത്രണങ്ങളില്ലാത്ത ജീവിതം. ഇത്തരമൊരു ജീവിതശൈലിയിലേക്ക് അവര്‍ ആകര്‍ഷിക്കപ്പെടുക സ്വഭാവികം.

ഇങ്ങനെ മക്കളെയോര്‍ത്ത് ആശങ്കപ്പെടുന്ന മാതാപിതാക്കള്‍ ഒരു കാര്യം അറിയേണ്ടതുണ്ട്. മക്കള്‍ മുതിര്‍ന്നതിന് ശേഷം അവരെ വിശ്വാസവഴിയിലേക്ക് നയിക്കാം എന്ന് കരുതരുത്. ചെറുപ്രായം മുതല്‍ക്കേ അവര്‍ക്കുവേണ്ടി ഇതിനായി പ്രാര്‍ത്ഥിക്കുക. നിരവധി ധ്യാനഗുരുക്കന്മാര്‍ മക്കളുടെ വഴിതെറ്റലിനെയോര്‍ത്ത് വേദനിക്കുന്ന മാതാപിതാക്കള്‍ക്കായി പറഞ്ഞുകൊടുക്കുന്ന ഒരു ദൈവവചനമുണ്ട്. ഈ വചനം നമുക്ക് നമ്മുടെ ചെറുപ്രായത്തിലുള്ള മക്കള്‍ക്കുവേണ്ടി ഇപ്പോഴേ പ്രാര്‍ത്ഥിച്ചു തുടങ്ങാം:

നിന്റെ മേലുള്ള എന്റെ ആത്മാവും നിന്റെ അധരങ്ങളില്‍ ഞാന്‍ നിക്ഷേപിച്ച വചനങ്ങളും നിന്റെയോ നിന്റെ സന്താനങ്ങളുടെയോ അവരുടെ സന്താനങ്ങളുടെയോ അധരങ്ങളില്‍ നിന്ന് ഇനി ഒരിക്കലും അകന്നുപോകുകയില്ല. കര്‍ത്താവാണ് ഇത് അരുളിച്ചെയ്യുന്നത്. ( ഏശയ്യ 59: 21)



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.
Leave A Reply

Your email address will not be published.