പ്രാര്‍ത്ഥിച്ചിട്ട് കൃത്യസമയത്ത് ഉത്തരം കിട്ടിയില്ലെങ്കില്‍ നിരാശപ്പെടുന്നവരാണ് ഭൂരിപക്ഷവും. നിരാശയ്ക്ക് പിന്നാലെ മറ്റൊരു ചിന്തയും ഉള്ളിലേക്ക് കടന്നുവരും.
ഞാന്‍ പാപിയായതുകൊണ്ടായിരിക്കും ദൈവം എന്റെ പ്രാര്‍ത്ഥന കേള്‍ക്കാത്തത്. ഇങ്ങനെയൊരു ചിന്ത മനസ്സില്‍ രൂപപ്പെടുന്നതോടെ വീണ്ടും നാം നിരാശയ്ക്ക് അടിമപ്പെട്ടുപോകും. എന്നാല്‍ നാം ഇത്തരം സാഹചര്യങ്ങളില്‍ മനസ്സിലാക്കേണ്ട ഒരു കാര്യമുണ്ട്. ആരോഗ്യമുള്ളവര്‍ക്കല്ല രോഗികള്‍ക്കാണ് വൈദ്യനെക്കൊണ്ടാവശ്യം. നീതിമാന്മാരെയല്ല പാപികളെ വിളിക്കാനാണ് ഞാന്‍ വന്നത്.( മര്‍ക്കോസ് 2:17)
നാം പാപികളാണ് എന്നത് സമ്മതിച്ചു. പക്ഷേ അതുകൊണ്ട് ദൈവം നമ്മെ സ്‌നേഹിക്കാതിരിക്കുന്നില്ല. ചെളിയില്‍ പുരണ്ടു കയറിവരുന്ന കുഞ്ഞിനെയും നാം മാറോട് ചേര്‍ക്കാറുണ്ട്. കാരണം അവന്‍ നമ്മുടെ കുഞ്ഞാണ്. അതിന് ശേഷം നാം പറയും പോയി കുളിച്ചുവൃത്തിയാകൂ എന്ന്.
ഇതുപോലെയാണ് ദൈവത്തിന്റെ കാര്യവും. നമ്മുടെ പാപങ്ങളും യോഗ്യതകളും നമ്മെ സ്‌നേഹിക്കുന്നതില്‍ നിന്ന് ദൈവത്തെ വിലക്കുന്നില്ല. നാം പാപികളായിരിക്കുമ്പോഴും ദൈവം നമ്മെ സ്‌നേഹിക്കുന്നു.
പക്ഷേ നാംനമ്മുടെ പാപങ്ങള്‍ ദൈവത്തോട് ഏറ്റുപറയണം. അപ്പോള്‍ ദൈവം നമ്മോട് ക്ഷമിക്കും. മാപ്പ് നല്കുന്ന, നമ്മുടെ കണ്ണീരു തുടച്ചുതരുന്ന ദൈവമാണ് നമ്മുടേത്. ആ ദൈവത്തില്‍ നമുക്ക് ശരണം വയ്ക്കാം. താഴെ പറയുന്ന വചനങ്ങള്‍ ആവര്‍ത്തിച്ചു ചൊല്ലുക. പാപത്തെ പ്രതിയുള്ള നമ്മുടെ കുറ്റബോധങ്ങള്‍ ദൂരെയകറ്റാന്‍ ഇവ നമ്മെ സഹായിക്കും.
ഈ വചനങ്ങളുടെ ശക്തിയാല്‍ നമ്മുടെ കുറ്റബോധങ്ങള്‍ മാറിപ്പോകും. നമ്മുടെ നഷ്ടപ്പെട്ടുപോയ ഐശ്വര്യം ദൈവം പുന:സ്ഥാപിച്ചു തരും.ദൈവം നമ്മുടെ പ്രാര്‍ത്ഥന കേള്‍ക്കകയും ചെയ്യും.
എന്നെ പ്രതി നിന്റെ തെറ്റുകൾ തുടച്ചു മാറ്റുന്ന ദൈവം ഞാൻ തന്നെ;നിന്റെ പാപങ്ങൾ ഞാൻ ഓർക്കുകയില്ല (എശയ്യാ 43 :25 )
അവരുടെ അകൃത്യത്തിനു ഞാൻ മാപ്പു നൽകും;അവരുടെ പാപം മനസ്സിൽ വെക്കുകയില്ല (ജെറമിയ 31 :34 )
കാർമേഘം പോലെ നിന്റെ തിന്മകളെയും മൂടൽ മഞ്ഞുപോലെ നിന്റെ പാപങ്ങളെയും ഞാൻ തുടച്ചു നീക്കി. (എശയ്യാ 44 :22 ).
അവളുടെ അടിമത്വം അവസാനിച്ചു ; തിന്മകൾ ക്ഷമിച്ചിരിക്കുന്നു.(എശയ്യാ 40 :2 )
പൂർവസ്ഥിതിയിൽ അവരെ ഞാൻ പണിതുയർത്തും. എനിക്കെതിരായി ചെയ്ത എല്ലാ പാപങ്ങളിൽനിന്നും ഞാൻ അവരെ ശുദ്ധികരിക്കും .അവർ എന്നോട് മറുതലിച്ചു ചെയ്ത അകൃത്യങ്ങളെല്ലാം ഞാൻ ക്ഷമിക്കും (ജെറമിയ 33 :7 -8 )