‘മനുഷ്യാ നീ മണ്ണാകുന്നു, മണ്ണിലേക്ക് നീ മടങ്ങും.’ ഇന്ന് ദേവാലയങ്ങളിലെ തിരുക്കര്‍മ്മങ്ങളില്‍ നാം കേട്ടതാണ് ഈ വാചകം. മനുഷ്യന്‍ മണ്ണാകുന്നു, വെറും പൊടി. നിസ്സാരക്കാരന്‍.
പക്ഷേ നമ്മളില്‍ എത്ര പേര്‍ക്ക് അങ്ങനെയൊരു ചിന്തയുണ്ട്? സ്വന്തം നേട്ടങ്ങളിലും വിജയങ്ങളിലും മതിമറന്നുജീവിക്കുമ്പോള്‍, അനേകരുടെ പ്രശംസകള്‍ക്കും സ്‌നേഹത്തിനും പാത്രമാകുമ്പോള്‍ നാം ഒരിക്കല്‍ പോലും വിചാരിക്കുന്നില്ല, നാം നിസ്സാരക്കാരനാണെന്ന്.
മണ്ണില്‍ നാം എന്തെല്ലാം കെട്ടിയുയര്‍ത്താലും കെട്ടിപ്പടുത്താലും അവയെല്ലാം ഒരു നിമിഷം കൊണ്ടു തകര്‍ന്നുവീഴും. ഈ ലോകം മുഴുവന്‍ നേടിയാലും എത്രയെത്ര പ്രശസ്തനും പ്രഗത്ഭനുമായാലും നാം നിത്യതയിലേക്ക് മടങ്ങുന്നത് ഭൗതികസമ്പത്തുകള്‍ ഒന്നും ഇല്ലാതെയാണ്. നശ്വരമായതിനെ ഉപേക്ഷിച്ചും അവഗണിച്ചും അനശ്വരമായത് നേടേണ്ടതിനെയാണ് വിഭൂതി ഓര്‍മ്മിപ്പിക്കുന്നത്.
കാരണം മനുഷ്യന്‍ പൊടിയാണ്. കേവലം പൊടി. മരണമുള്ളവനാണ് മര്‍ത്ത്യന്‍. അങ്ങനെയൊരുമൊരു നിര്‍വചനവുമുണ്ട്. സ്വന്തം മരണത്തെയും നിസ്സാരതയെയും ധ്യാനിക്കാനായിരിക്കണം നാം ഈ ദിവസം ചെലവഴിക്കേണ്ടത്.
ഇന്നേ ദിവസം കിട്ടുന്ന ഉള്‍ക്കാഴ്ചകള്‍ ഇനിയുള്ള ജീവിതത്തിലെല്ലാം നമുക്ക് മുതല്‍ക്കൂട്ടായി മാറണം. മറ്റുള്ളവരെ കൂടുതല്‍ സഹായിക്കാനും സ്‌നേഹിക്കാനും നമുക്ക് സാധിക്കണം. വീട്ടിനുള്ളില്‍ തന്നെ എത്രയോ പേരോടാണ് നാം ശത്രുതതയോടെ പെരുമാറുന്നതെന്ന് സ്വയം ആത്മവിശകലനം നടത്തിയാല്‍ മതി. എന്നാല്‍ അതൊന്നും നാം തന്നെ ഗൗനിക്കുന്നില്ല. നിത്യവും വിശുദ്ധ കുര്‍ബാനയില്‍ പങ്കെടുത്തും നോ്മ്പ് ആചരിച്ചും ഉപവാസമെടുത്തും നീണ്ടനേരം സ്വകാര്യപ്രാര്‍ത്ഥനകളില്‍ മുഴുകിയും നാം നമ്മെതന്നെ നീതികരിക്കാന്‍ ശ്രമിക്കുന്നു.
കപടവും ബാഹ്യവുമായ ആചാരങ്ങളിലല്ല നാം മുഴുകേണ്ടത്. മറിച്ച് നമ്മുടെ തന്നെ ഹൃദയത്തിന്റെ സത്യസന്ധതയിലായിരിക്കണം നാം വ്യാപരിക്കേണ്ടത്. വസ്ത്രമല്ലാതെ എന്റെ ഹൃദയം കീറുന്നുണ്ടോ.. മറ്റുള്ളവരോട് ഞാനാണ് മോശമായി പെരുമാറിയതെന്നും അതിന്റെ പേരില്‍ അവരോട് മുഖം വീര്‍പ്പിച്ചിരിക്കാതെ ഞാന്‍തന്നെ അനുരഞ്ജനത്തിലാകണമെന്നുമുള്ള വിചാരം നമുക്കുണ്ടോ.. ഇനി അതല്ല മറ്റുള്ളവരാണ് തെറ്റു ചെയ്തതെങ്കില്‍ പോലും രമ്യതപ്പെടാന്‍ ഞാന്‍ തയ്യാറാകുന്നുണ്ടോ. രോഗികള്‍ക്കും വൃദ്ധര്‍ക്കും ദുര്‍ബലര്‍ക്കും പരിഗണന കൊടുക്കാതെ സ്വന്തം സുഖം മാത്രമാണ് ഞാന്‍ തേടുകയും നേടുകയും ചെയ്യുന്നതെങ്കില്‍ എന്റെ ഉപവാസവും പ്രാര്‍ത്ഥനയും നോമ്പും ദൈവത്തിന് പ്രീതികരമാവി്‌ല്ലെന്ന് തിരിച്ചറിയണം.
ഉപവാസം എന്നത് ദൈവത്തോടൊത്ത് വസിക്കുക എന്നതാണ്. ദൈവത്തോടൊത്ത് വസിക്കാന്‍ ഉപയുക്തമല്ലാത്തതെല്ലാം എന്നില്‍ നിന്ന് അകന്നുപോകണം. മനുഷ്യരെ എനിക്ക് വഞ്ചിക്കാം, കാപട്യത്തോടെ പെരുമാറാം. പക്ഷേ ദൈവത്തെ എനിക്ക് വഞ്ചിക്കാനാവില്ല. ദൈവമെന്റെ കാപട്യം മനസ്സിലാക്കുന്നുണ്ട്. ഇത്തരമൊരു തിരിച്ചറിവ് എനിക്കുണ്ടാകണം, നിങ്ങള്‍ക്കും. അപ്പോള്‍ നമ്മുടെ നോമ്പാചരണം ഫലവത്താകും. അതുകൊണ്ട് നമുക്കുമാത്രമല്ല ചുറ്റുമുളളവര്‍ക്കും നന്മയുണ്ടാകും.
അര്‍ത്ഥപൂര്‍ണ്ണമായ നോമ്പാചരണത്തിലേക്ക് നമുക്ക് പ്രവേശിക്കാം.