നിന്നെക്കുറിച്ച് എനിക്കൊരു പദ്ധതിയുണ്ട്,നിന്റെ നാശത്തിനുള്ളതല്ല ക്ഷേമത്തിനുള്ളത് (ജെറമിയ 29 : 11)എന്ന തിരുവചനഭാഗം ചില വ്യക്തികളുടെ ജീവിതകഥ അറിയുമ്പോള്‍ അക്ഷരം പ്രതി സത്യമാണെന്ന നാം അറിയാതെ പറഞ്ഞു പോകും. ഫാ. ബിനോയി ആലപ്പാട്ടിന്റെ ജീവിതകഥ അത്തരമൊരു വിചാരങ്ങള്‍ക്ക് അടിവരയിടുന്നതാണ്.
മറ്റേതൊരു ചെറുപ്പക്കാരനെയും പോലെ സാധാരണ ജീവിതം ജീവിച്ചിരുന്ന അദ്ദേഹത്തിന്റെ ജീവിതത്തിലും ദൈവം ഇടപെട്ടപ്പോള്‍ അപ്രതീക്ഷിതമായ ഒരു ട്വിസ്റ്റ് സംഭവിച്ചു. കബഡി കളിച്ച് ആലപ്പുഴ, മങ്കൊമ്പില്‍ നിന്ന് ഡല്‍ഹിയിലെത്തിയ ബിനോയി പിന്നെ അവിടെ നിന്ന് മടങ്ങിയില്ല. സര്‍ക്കാര്‍ ജോലിക്കു വേണ്ടിയുള്ള അന്വേഷണങ്ങള്‍ക്കൊടുവില്‍ ഡല്‍ഹി പോലീസില്‍ പ്രവേശനം കിട്ടിയതായിരുന്നു ആദ്യത്തെ വഴിത്തിരിവ്. അതും തീഹാര്‍ ജയിലില്‍. കിരണ്‍ ബേദിയുടെ കീഴിലെ ആ ജോലിക്കിടയില്‍ മൂന്നുവര്‍ഷങ്ങള്‍ക്ക് ശേഷം എസ് ഐ ആയി സ്ഥാനക്കയറ്റം.
വീണ്ടും ജോലിക്ക് ഉയര്‍ന്ന പദവികള്‍ നേടാനുള്ള സാഹചര്യമുണ്ടായിരുന്നുവെങ്കിലും ഇതല്ലതന്റെ വഴിയെന്ന് മനസ്സിലിരുന്ന് ആരോ പറയുന്നതുപോലെ. ആ സ്വരത്തിന് കീഴ്പ്പെട്ട് ജോലിയില്‍ നിന്ന് അവധിയെടുത്ത് നേരെ നാട്ടിലേക്ക്. പുളിങ്കുന്ന് സെന്റ് മേരീസ് ഐറ്റിഐ യില്‍ അധ്യാപകനായിട്ടുള്ളതായിരുന്നു അടുത്ത ഘട്ടം.
ഈ ഘട്ടത്തിലാണ് ദൈവദൂതരെന്ന് പിന്നീട് തിരിച്ചറിഞ്ഞ സിസ്റ്റര്‍ റാണിറ്റ, സിസ്റ്റര്‍ ജെസി, ചാക്കോച്ചന് സാര്‍ എന്നിവരുമായുളള കണ്ടുമുട്ടല്‍. ബിനോയിയെ ദൈവവേല തിരഞ്ഞെടുക്കാന്‍ പ്രേരിപ്പിച്ചത് ഇവരായിരുന്നു. തുടര്‍ന്ന് ക്ലരീഷ്യന്‍ സന്യാസസഭയില്‍ ചേരുകയായിരുന്നു.
ഇന്ന് ദൈവം തന്നെ നയിച്ച വഴികളെയോര്‍ത്ത് അത്ഭുതപ്പെട്ടും നന്ദിപറഞ്ഞും ദൈവം ഏല്പിച്ചുകൊടുത്ത അജഗണങ്ങള്‍ക്കായി സ്വന്തം ജീവിതം സമര്‍പ്പിച്ചും മുന്നോട്ടുപോകുകയാണ് ഫാ. ബിനോയ് ആലപ്പാട്ട്.