ഗബ്രിയേല്‍ മാലാഖ മംഗളവാര്‍ത്ത അറിയിക്കാനെത്തിയപ്പോള്‍ വീട്ടുജോലികളെല്ലാം അവസാനിപ്പിച്ച ശേഷം ദേവാലയത്തിലേക്ക് ആവശ്യമായ തിരശ്ലീല നെയ്യുകയായിരുന്നു മറിയം എന്നാണ് പാരമ്പര്യവിശ്വാസം. ചെറുപ്രായത്തിലേ ദേവാലയത്തില്‍ എത്തിച്ചേര്‍ന്ന മറിയം തിരശ്ശീല നെയ്യുവാന്‍ പഠിച്ചത് അവിടെ നിന്നായിരുന്നു.
സാമുവല്‍ പുരോഹിതന്റെ നിര്‍ദ്ദേശപ്രകാരമാണ് തിരശ്ശീല നെയ്യുവാന്‍ തിരഞ്ഞെടുക്കപ്പെട്ടവരില്‍ മറിയവും ഉള്‍പ്പെട്ടത്. സ്വര്‍ണ്ണം, വെളുപ്പ്, നേര്‍മ്മയേറിയ ലിനന്‍, പട്ട്, നീല, കടുംചുവപ്പ് എന്നീ നിറങ്ങളിലുള്ളതായിരുന്നു തിരശ്ശീല നെയ്യുവാനുള്ള നൂലുകള്‍. അതില്‍ കടുചുമപ്പിലുള്ള തിരശ്ശീല നെയ്യുവാനുള്ള നറുക്കു വീണത് മറിയത്തിനായിരുന്നു. മറിയത്തിന് ഏറ്റവും ഇഷ്ടപ്പെട്ട നിറം കൂടിയായിരുന്നു കടുംചുവപ്പ്.
വിശുദ്ധകുടാരത്തിലും ദൈവാലയത്തിലും വിശുദ്ധ സ്ഥലത്തെ അതിവിശുദ്ധ സ്ഥലത്ത് നിന്ന് വേര്‍തിരിച്ചിരിക്കുന്ന, ഭംഗിയായി നെയ്‌തെടുത്ത തുണിയാണ് തിരശ്ശീല. ഇത്തരത്തിലുള്ള തിരശ്ശീല തുന്നിക്കൊണ്ടിരുന്ന വേളയിലാണ് ഗബ്രിയേല്‍ മാലാഖ മംഗളവാര്‍ത്തയുമായി മറിയത്തെ സമീപിച്ചത്.