എന്തുകൊണ്ടാണ് വിശുദ്ധ അന്തോനീസിന്റെ കൈയില്‍ ഉണ്ണീശോയെ ചിത്രീകരിച്ചിരിക്കുന്നത് എന്ന് അറിയാമോ?

വിശുദ്ധ അന്തോനീസിന്റെ ഭക്തരായിരിക്കാം നമ്മളില്‍ ഭൂരിപക്ഷവും. ഒരിക്കലെങ്കിലും വിശുദ്ധ അന്തോണീസിനോട് പ്രാര്‍ത്ഥിക്കാത്തവരായും നമ്മുടെ ഇടയില്‍ ആരെങ്കിലും ഉണ്ടെന്ന് തോന്നുന്നില്ല. എന്നാല്‍ അന്തോനീസിനെ നോക്കി നാം പ്രാര്‍ത്ഥിക്കുമ്പോള്‍ ഒരിക്കലെങ്കിലും ചിന്തിച്ചിട്ടുണ്ടോ എന്തുകൊണ്ടാണ് അന്തോനീസിന്റെ കയ്യില്‍ ഉണ്ണീശോയെ ചിത്രീകരിച്ചിരിക്കുന്നതെന്ന്?

അതേക്കുറിച്ച് 1895 ല്‍ പ്രസിദ്ധീകരിച്ച വിശുദ്ധ അന്തോനീസിന്റെ ജീവിതം എന്ന ഗ്രന്ഥത്തില്‍ എഴുതിയിരിക്കുന്നത് ഇപ്രകാരമാണ്.:

ഒരു യാത്രയ്ക്കിടയില്‍ അന്തോനീസിന് താമസസ്ഥലം ഒരുക്കിയത് അദ്ദേഹത്തെ ഏറെ ഇഷ്ടപ്പെടുന്ന ഒരു വ്യക്തിയുടെ വീട്ടിലായിരുന്നു. പ്രത്യേകമായ ഒരു മുറിയായിരുന്നു അദ്ദേഹത്തിന് നല്കിയിരുന്നത്. രാത്രിയായപ്പോള്‍ വിശുദ്ധന്റെ മുറിയുടെ സമീപത്തുകൂടി നടന്നുപോയ വീട്ടുടമ കണ്ടത് ആ മുറിയില്‍ നിന്ന് അലൗകികമായ ഒരു പ്രകാശം പ്രസരിക്കുന്നതാണ്. അത്ഭുതപരതന്ത്രനായ അദ്ദേഹം ആകാംക്ഷയോടെ നോക്കിയപ്പോള്‍ കണ്ടത് അന്തോനീസ് പ്രാര്‍ത്ഥനാനിരതനായി മുട്ടുകുത്തിനില്ക്കുന്നതും അസാമാന്യസൗന്ദര്യമുള്ള ഒരു ബാലന്‍ അദ്ദേഹത്തെ കെട്ടിപിടിച്ചുനില്ക്കുന്നതുമാണ്. ആ ബാലനുമായുള്ള സംഭാഷണത്തില്‍ നിന്ന് വീട്ടുടമസ്ഥന് തീര്‍ച്ചയായി അത് ഉണ്ണീശോയാണെന്ന്.

ഇതിനെ തുടര്‍ന്നാണ് വിശുദ്ധ അന്തോനീസിനെ ഉണ്ണീശോയെ കൈയിലെടുത്തുപിടിച്ച രീതിയില്‍ ചിത്രീകരിച്ചിരിക്കുന്നതെന്നാണ് പാരമ്പര്യം.

വിശുദ്ധന്റെ ശിശുസഹജമായ ലാളിത്യവും വിശ്വാസത്തിന്റെ തീക്ഷണതയും പരിശുദ്ധിയും ഈ ചിത്രീകരണത്തിലൂടെ വെളിവാക്കപ്പെടുന്നുണ്ട്.

വിശുദ്ധന്റെ മരണത്തിന് ഒരു വര്‍ഷത്തിന് ശേഷം തന്നെ അദ്ദേഹത്തെ വിശുദ്ധനായി പ്രഖ്യാപിച്ചതും ആ ജീവിതനൈര്‍മ്മല്യത്തിന്റെ തെളിവാണ്,

വിശുദ്ധ അന്തോനീസേ ഞങ്ങള്‍ക്കുവേണ്ടി അപേക്ഷിക്കണമേ.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.
Leave A Reply

Your email address will not be published.