യൗസേപ്പിതാവിന്റെ മാതാപിതാക്കള്‍ ആരായിരുന്നു?

ചിലരുടെയെങ്കിലും മനസ്സില്‍ ഇങ്ങനെയൊരു സംശയം കടന്നുവന്നേക്കാം. ആരായിരുന്നു യൗസേപ്പിതാവിന്റെ മാതാപിതാക്കള്‍?

കാരണം മാതാവിന്റെ മാതാപിതാക്കളെക്കുറിച്ച് നമുക്ക അറിയാം.സഭ അവരുടെ തിരുനാള്‍ ആചരിക്കുന്നുമുണ്ട്. യോവാക്കിമും അന്നായുമാണല്ലോ മാതാവിന്റെ മാതാപിതാക്കള്‍? എന്നാല്‍ യൗസേപ്പിതാവിന്റെ മാതാപിതാക്കളെക്കുറിച്ച് വിശുദ്ധ ഗ്രന്ഥത്തിലോ മറ്റ് രേഖകളിലോ സൂചനകളൊന്നുമില്ല.

വിശുദ്ധ മത്തായിയുടെ സുവിശേഷം 1;16 ല്‍ നാം മനസ്സിലാക്കുന്നത് ജേക്കബിന്റെ പുത്രനാണ് യൗസേപ്പിതാവ് എന്നാണ്. എന്നാല്‍ ലൂക്കായുടെ സുവിശേഷത്തില്‍ അത് Heli എന്നാണ് കാണുന്നത്. എന്തുകൊണ്ടാണ് ഇങ്ങനെ സംഭവിച്ചിരിക്കുന്നത്?
രണ്ടാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന ചരിത്രകാരനായ ജൂലിയസ് ആഫ്രിക്കാനസിന്റെ വിവരണങ്ങളില്‍ നിന്ന് മനസ്സിലാക്കിയ കാര്യങ്ങള്‍ ഇങ്ങനെ കുറിക്കാം.

ജോസഫിന്റെ വല്യപ്പച്ചന്റെ പേര് Matthan എന്നായിരുന്നു. ഇദ്ദേഹം വിവാഹം ചെയ്തത് Estha എന്ന യുവതിയെയായിരുന്നു. അവര്‍ക്ക് ഒരു മകന്‍ പിറന്നു. ജേക്കബ്. Matthan മരണമടഞ്ഞതിന് ശേഷം Estha തന്റെ ബന്ധുവായ Melchi യെ വിവാഹം ചെയ്തു. അവര്‍ക്കൊരു മകന്‍ പിറന്നു. Heli. ബന്ധുക്കളെ വിവാഹം കഴിക്കുന്നത് അന്നത്തെ യഹൂദപാരമ്പര്യത്തില്‍ സാധാരണമായ കാര്യമായിരുന്നു.

ഇങ്ങനെ ജേക്കബും ഹെലിയും അര്‍ദ്ധസഹോദരന്മാരായി. ഹെലി സന്താനരഹിതനായി മരണമടഞ്ഞു. ജേക്കബ് അദ്ദേഹത്തിന്റെ വിധവയെ വിവാഹം കഴിക്കുകയും ജോസഫിന്റെ പിതാവായി മാറുകയും ചെയ്തു. ഇങ്ങനെയാണ് ജീവശാസ്ത്രപരമായി ജോസഫ് ജേക്കബിന്റെയും നിയമപരമായി ഹെലിയുടെയും മകനായത്.

പതിനെട്ടാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന വിഷനറിയായ മദര്‍ സിസിലിയ ബെയ്ജിയുടെ അഭിപ്രായത്തില്‍ ജോസഫിന്റെ അമ്മയുടെ പേര് റേച്ചല്‍ എന്നായിരുന്നു. ഇത് കൂറെക്കൂടി ശരിയായിരിക്കാനുള്ള സാധ്യതയുണ്ടെന്നാണ് ബൈബിള്‍ പണ്ഡിതര്‍ പറയുന്നത്. കാരണം റേച്ചല്‍ എന്നത് അക്കാലത്തെ പൊതുവായപേരുകളില്‍ പെട്ടിരുന്നു.

എങ്കിലും വ്യക്തിപരമായ വെളിപാടുകളെ സഭ ആധികാരികമായി കാണാത്തതുകൊണ്ട് വിഷനറിയുടെ അഭിപ്രായത്തെ വ്യക്തിപരമായി മാത്രമാണ് സ്വീകരിക്കേണ്ടത്.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.
Leave A Reply

Your email address will not be published.