സിഡ്‌നി: ലൈംഗിക ആരോപണക്കേസില്‍ കുറ്റവിമുക്തനാക്കപ്പെട്ട ഓസ്‌ട്രേലിയന്‍ കര്‍ദിനാള്‍ ജോര്‍ജ് പെല്ലിന്റെ ജയില്‍ ജീവിതത്തെക്കുറിച്ചുള്ള പുസ്തകം പുറത്തിറങ്ങി. പ്രിസണ്‍ ജേര്‍ണല്‍ എന്ന് പേരിട്ടിരിക്കുന്ന മൂന്നു വാല്യങ്ങളുള്ള പുസ്തകത്തിന്റെ ആദ്യ വാല്യമാണ് ഇപ്പോള്‍ പുറത്തിറങ്ങിയിരിക്കുന്നത്.
ഡിസംബര്‍ 15 ന് പുറത്തിറങ്ങിയ പുസ്തകത്തിന്റെ പ്രസാധകര്‍ ഇഗ്നേഷ്യസ് പ്രസാണ്.404 ദിവസത്തെ ഏകാന്തവാസത്തിന് ശേഷം 2020 ഏപ്രിലിലാണ് ഓസ്‌ട്രേലിയ കോടതി പെല്ലിനെ കുറ്റവിമുക്തനാക്കിയത്. 300 പേജുള്ള പുസ്തകത്തില്‍ കര്‍ദിനാള്‍ പെല്‍ നിരവധി പ്രാര്‍ത്ഥനകളും ചേര്‍ത്തിട്ടുണ്ട്. ജയില്‍ ദിവസങ്ങളുടെ വിശദവിവരണങ്ങളും ഇതിലുണ്ട്.
ക്രിസ്ത്യന്‍ ശിഷ്യത്വം ആവശ്യപ്പെടുന്ന സഹനത്തിന്റെ മൂല്യം മനസ്സിലാക്കാന്‍ ജയില്‍ജീവിതം ഏറെ സഹായകരമായി എന്ന് അദ്ദേഹം പുസ്തകത്തില്‍ എഴുതുന്നു. ക്രിസ്തീയ സഹനത്തോട് എന്റെ ജീവിതം വഴി തുറവിയുളളവനാകാന്‍ എനിക്ക് സാധിച്ചു. ക്രിസ്തുവിന്റെ സഹനവും മരണവും വഴിയാണ് നാം ഓരോരുത്തരും രക്ഷിക്കപ്പെട്ടിരിക്കുന്നത്. ജയില്‍ അധികാരികളില്‍ നിന്ന് ലഭിച്ച മനുഷ്യത്വപരമായ പെരുമാറ്റങ്ങളെക്കുറിച്ച് കര്‍ദിനാള്‍ പെല്‍ പ്രശംസിച്ചിട്ടുണ്ട്.
എന്നാല്‍ കോവിഡ് കാലത്ത് തികച്ചും ഒറ്റപ്പെട്ടുപോയതിന്റെ വേദനകളും എഴുതിയിരിക്കുന്നു. ആധുനികജീവിതത്തിലെ ഏറ്റവും വലിയ ശാപം ഏകാന്തതയും ഒറ്റപ്പെടലുമാണ്. നാലായിരത്തോളം കത്തുകളാണ് തനിക്ക് ഇക്കാലയളവില്‍ സുഹൃത്തുക്കളില്‍ നി്ന്നും അഭ്യുദയാകാാംക്ഷികളില്‍ നിന്നും ലഭിച്ചതെന്നും കര്‍ദിനാള്‍ പറയുന്നു.
പോപ്പ് എമിരത്തൂസ് ബെനഡിക്ട് പതിനാറാമന്റെയും പോപ്പ് ഫ്രാന്‍സിസിന്റെയും കത്തുകള്‍ അതില്‍ പ്രത്യേകം പരാമര്‍ശിക്കുന്നുമുണ്ട്.