മാര്‍ യൗസേപ്പിതാവിന്റെ വര്‍ഷാചരണം കുടുംബങ്ങളുടെ വിശുദ്ധീകരണത്തിന്: മാര്‍ ജോസ് പുളിക്കല്‍

കാഞ്ഞിരപ്പള്ളി: പരിശുദ്ധ പിതാവ് ഫ്രാന്‍സീസ് പാപ്പ പ്രഖ്യാപിച്ച മാര്‍ യൗസേപ്പിതാവിന്റെ വര്‍ഷാചരണത്തോട് ചേര്‍ന്ന് കുടുംബവിശുദ്ധീകരണത്തിന് ഊന്നല്‍ നല്‍കി കര്‍മ്മപദ്ധതികള്‍ രൂപതയില്‍ ആവിഷ്‌കരിക്കുമെന്ന് കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷന്‍ മാര്‍ ജോസ് പുളിക്കല്‍. കാഞ്ഞിരപ്പള്ളി സെന്റ് ഡോമിനിക്‌സ് കത്തീദ്രലില്‍വച്ച് ഡിസംബര്‍ 15 മുതല്‍ ഫാ.ജോസഫ് പുത്തന്‍പുരയ്ക്കല്‍ ഒഎഫ്എം (കപ്പുച്ചിന്‍) നയിച്ച രൂപതാ കുടുംബനവീകരണധ്യാനത്തിന്റെ സമാപനത്തില്‍ വിശുദ്ധ യൗസേപ്പിതാവിന്റെ വര്‍ഷാചരണത്തിലെ കര്‍മ്മപദ്ധതികളുടെ തുടക്കം കുറിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ജീവിതത്തിന്റെ സന്തോഷങ്ങളിലും സങ്കടങ്ങളിലും ദൈവം സ്‌നേഹവും കരുണയും കരുതലുമാണെന്ന് വിശ്വസിച്ച യൗസേപ്പിതാവിനെപ്പോലെ നമ്മുടെ ജീവിതങ്ങളും നവീകരിക്കപ്പെടണം. ദൈവസ്‌നേഹത്തെയും പരിപാലനയെയും സംശയിക്കുവാന്‍ മാനുഷികമായ കാരണങ്ങളുണ്ടായിട്ടും അടിയുറച്ച വിശ്വാസം യൗസേപ്പിതാവിന്റെ തീരുമാനങ്ങളെയും പ്രവൃത്തികളെയും തേജസുള്ളതാക്കി. പ്രശ്‌നങ്ങളിലും പ്രതിസന്ധികളിലും ദൈവനിഷേധത്തിന്റെയോ സംശയത്തിന്റെയോ വഴിതേടാതെ കൂടുതല്‍ ദൈവാശ്രയത്വത്തിനുള്ള അവസരമായി അവയെ ദര്‍ശിച്ച യൗസേപ്പിതാവ് നമ്മുടെ കുടുംബങ്ങള്‍ക്ക് മാതൃകയാണ്. നമ്മുടെ കുടുംബങ്ങള്‍ നിസംഗതയുടെയോ പഴിപറച്ചിലിന്റെയോ സ്ഥലങ്ങളാകാതെ ദൈവഹിതം ധ്യാനപൂര്‍വ്വം തേടുവാനും അതനുസരിക്കുവാനും പരിശീലിപ്പിക്കപ്പെടുന്ന വേദികളാണ്. മക്കളുടെയും മാതാപിതാക്കളുടെയും കൂട്ടുത്തരവാദിത്വത്തിലാണിത് സാധ്യമാകുന്നതെന്നും മാര്‍ ജോസ് പുളിക്കല്‍ ഓര്‍മ്മിപ്പിച്ചു.

കാഞ്ഞിരപ്പള്ളി രൂപതയില്‍ പ്രത്യേക വര്‍ഷാചരണത്തിന്റെ ഭാഗമായുള്ള കര്‍മ്മപദ്ധതികള്‍ക്ക് തുടക്കം കുറിച്ചുകൊണ്ട് രൂപതയിലെ എല്ലാ കുടുംബങ്ങളെയും പ്രതിനിധീകരിച്ച് കാഞ്ഞിരപ്പള്ളി കത്തീദ്രല്‍ കുടുംബ കൂട്ടായ്മ ഏകോപനസമിതി കോര്‍ഡിനേറ്റര്‍ ശ്രീ.റെജി കൊച്ചുകരിപ്പാപ്പറമ്പിലും കുടുംബാംഗങ്ങളും രൂപതാധ്യക്ഷന്‍ മാര്‍ ജോസ് പുളിക്കലില്‍ നിന്നും കത്തിച്ച തിരി ഏറ്റുവാങ്ങി.

കഴിഞ്ഞ അഞ്ച് ദിവസങ്ങളിലായി നടന്നുകൊണ്ടിരുന്ന രൂപതാ കുടുംബനവീകരണധ്യാനത്തില്‍ രൂപതയുടെ വിവിധ ഭാഗങ്ങളിലുള്ള വിശ്വാസികള്‍ ദൃശ്യമാധ്യമങ്ങളിലൂടെ ഒരേ മസസ്സോടെ സംബന്ധിച്ചു. കോവിഡ് നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തിലും രൂപത ഒരു കുടുംബമെന്ന നിലയില്‍ നടത്തപ്പെട്ട ധ്യാനം രൂപതാ കൂട്ടായ്മയുടെ പ്രകാശനമായിരുന്നു. വിശ്വാസ ജീവിത പരിശീലന ആനിമേറ്റര്‍ ശ്രീ. ജോബി ധ്യാനത്തിന്റെ ക്രമീകരണങ്ങള്‍ക്ക് നന്ദിയര്‍പ്പിച്ചു



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.
1 Comment
  1. Anu Thomas says

    I am very thankful for the MarianPathram

Leave A Reply

Your email address will not be published.