ബെയ്ജിംങ്: ചൈനയില്‍ ക്രൈസ്തവര്‍ക്കു നേരെയുള്ള പീഡനങ്ങള്‍ വര്‍ദ്ധിക്കുന്നു. ക്രൈസ്തവവിശ്വാസത്തെ ഉന്മൂലനം ചെയ്യാനുളള സംഘടിതശ്രമങ്ങളാണ് അരങ്ങേറിക്കൊണ്ടിരിക്കുന്നതെന്ന് വിവിധ വാര്‍ത്തകള്‍ വ്യക്തമാക്കുന്നു. ഈയൊരു സാഹചര്യത്തില്‍ പതിനായിരക്കണക്കിന് സുവിശേഷപ്രവര്‍ത്തകര്‍ ഇപ്പോള്‍ ജീവരക്ഷാര്‍ത്ഥം ഒളിവില്‍ പോയിരിക്കുകയാണ്. മിഷ്യന്‍ ഗ്രൂപ്പായ ഏഷ്യ ഹാര്‍വെസ്റ്റാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
സുവിശേഷപ്രവര്‍ത്തകര്‍ തങ്ങളുടെ ഫോണ്‍ ബന്ധവും കമ്പ്യൂട്ടര്‍ ഉപയോഗവും ഉപേക്ഷിച്ചിരിക്കുകയാണെന്നും വാര്‍ത്തയില്‍ പറയുന്നു. ഇവരുടെ പ്രവര്‍ത്തനങ്ങള്‍ ഗവണ്‍മെന്റ് ട്രാക്ക് ചെയ്യാതിരിക്കാന്‍ വേണ്ടിയാണ് ഇത്.
ചൈനയിലെ എല്ലാവ്യക്തികള്‍ക്കും ഐഡി കാര്‍ഡുകളുണ്ട്. ബാങ്ക് അക്കൗണ്ട് ഓപ്പണ്‍ ചെയ്യാനോ ജോലി കിട്ടുന്നതിനോ വാടകയ്ക്ക് വീട് എടുക്കുന്നതിനോ ഐഡി കാര്‍ഡ് കൂടാതെ സാധ്യമല്ല. ഐഡി കാര്‍ഡില്‍ കമ്പ്യൂട്ടര്‍ ചിപ്പ് അടക്കം ചെയ്തിട്ടുണ്ട്. ഇതിലൂടെ ആളുകളുടെ ഓരോ ചലനങ്ങള്‍ പോലും സൂക്ഷ്മമായി നിരീക്ഷിച്ചറിയാന്‍ ഗവണ്‍മെന്റിന് കഴിയും.
ഈ ഒരു സാഹചര്യത്തിലാണ് ഐഡി കാര്‍ഡിലുള്ള മൈക്രോചിപ്പ്‌സ് നശിപ്പിക്കാന്‍ സുവിശേഷപ്രവര്‍ത്തകര്‍ തയ്യാറായിരിക്കുന്നത്. തങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ ഗവണ്‍മെന്റ് അറിയാതിരിക്കാന്‍ വേണ്ടിയാണ് ഇത്.