ഇന്ന് ഫ്രാന്‍സിസ് മാര്‍പാപ്പയ്ക്ക് 84- ാം പിറന്നാള്‍

വത്തിക്കാന്‍ സിറ്റി: ഫ്രാന്‍സിസ് മാര്‍പാപ്പയ്ക്ക് ഇന്ന് 84 ാം പിറന്നാള്‍. 1936 ഡിസംബര്‍ 17 ന് അര്‍ജന്റീനയുടെ തലസ്ഥാനമായ ബ്യൂണസ് അയേഴ്‌സിലാണ് ജോര്‍ജ് മരിയോ ബര്‍ഗോളിയോ ജനിച്ചത്. ഇറ്റലിയില്‍ നിന്നും അര്‍ജന്റീനയിലേക്ക് കുടിയേറിയ കുടുംബമായിരുന്നു അദ്ദേഹത്തിന്റേത്.

റെയില്‍വേയില്‍ അക്കൗണ്ടന്റായിരുന്നു പിതാവ് മാരിയോ ഹൊസേ. അമ്മ റിജീന വീട്ടമ്മയും. നാലു സഹോദരങ്ങളായിരുന്നു ബെര്‍ഗോളിയോയ്ക്ക് ഉണ്ടായിരുന്നത്. 1958 മാര്‍ച്ച് 11 ന് ഈശോസഭയില്‍ ചേര്‍ന്നു. 1969 ഡിസംബര്‍ 13 ന് വൈദികനായി. 1973 ജൂലൈ 31 ന് അര്‍ജന്റീനയിലെ ഈശോസഭാ സമൂഹത്തിന്റെ പ്രൊവിന്‍ഷ്യാളായി. 1992 മെയ് 20 ന് മെത്രാനായി നിയമിച്ചുകൊണ്ടുള്ള ഉത്തരവ് ലഭിച്ചു.

1997 ജൂണ്‍ മൂന്നിന് സഹായ ആര്‍ച്ച് ബിഷപും 1998 ഫെബ്രുവരി 28 ന് ആര്‍ച്ചുബിഷപ്പുമായി. 2001 ഫെബ്രുവരി 21 ന് കര്‍ദിനാളായി. 2013 മാര്‍ച്ച് 13ന് ആഗോള സഭയുടെ പരമാധ്യക്ഷനായി തിരഞ്ഞെടുക്കപ്പെട്ടു. ചരിത്രം തിരുത്തിയ തിരഞ്ഞെടുപ്പായിരുന്നു അത്. ആദ്യത്തെ ജസ്യൂട്ട് പോപ്പ്, അമേരിക്കയില്‍ നിന്നുള്ള ആദ്യ മാര്‍പാപ്പ, യൂറോപ്പിന് വെളിയില്‍ നിന്നുള്ള ആദ്യ മാര്‍പാപ്പ തുടങ്ങിയ ബഹുമതികള്‍ ജോര്‍ജ് ബെര്‍ഗോളിയോയ്ക്ക് സ്വന്തമാണ്. ഫ്രാന്‍സിസ് എന്ന പേര് അതുവരെ ഒരു മാര്‍പാപ്പയും സ്വീകരിച്ചിരുന്നുമില്ല.

പല വിശുദ്ധ ഫ്രാന്‍സിസുമാര്‍ സഭയില്‍ നിലവിലുള്ളപ്പോള്‍ ഏതു ഫ്രാന്‍സിസിനെയാണ് തിരഞ്ഞെടുക്കുന്നത് എന്ന ചോദ്യത്തിന് അസ്സീസിയിലെ വിശുദ്ധ ഫ്രാന്‍സിസ് എന്ന് പറയാന്‍ ബെര്‍ഗോളിയോ തെല്ലും വൈകിയുമില്ല. മാര്‍പാപ്പമാര്‍ അതുവരെ താമസിച്ചിരുന്ന സ്ഥിരം അപ്പസ്‌തോലിക കൊട്ടാരം ഉപേക്ഷിച്ച് സാന്താ മാര്‍ത്തയില്‍ താമസമാക്കിയതിലൂടെയും ഫ്രാന്‍സിസ് മാര്‍പാപ്പ പുതിയ ചരിത്രം രചിക്കുകയായിരുന്നു. കരുണയുടെ പ്രവാചകനായിട്ടാണ് പാപ്പയെ ലോകം കാണുന്നത്.

കരുണയുടെ വര്‍ഷപ്രഖ്യാപനവും ഇപ്പോള്‍ സഭയില്‍ ആദ്യമായി ജോസഫ് വര്‍ഷവും പ്രഖ്യാപിച്ചതിലൂടെ ഫ്രാന്‍സിസ മാര്‍പാപ്പ തന്റെ ആത്മീയദര്‍ശനം കൂടി വ്യക്തമാക്കിയിരിക്കുകയാണ്.

ആഗോള സഭയുടെ കരുണയുടെ മഹാ ഇടയന് മരിയന്‍പത്രത്തിന്റെ ജന്മദിനാശംസകളും പ്രാര്‍ത്ഥനകളും…



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.
Leave A Reply

Your email address will not be published.