പ്രെസ്റ്റൻ . ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയിൽ പഞ്ചവത്സര അജപാലന പദ്ധതിയുടെ ഭാഗമായി ആചരിച്ച ദമ്പതീ വർഷാചരണം ഇന്നലെ കൊണ്ട് സമാപിച്ചതായും , ഇന്ന് മുതൽ വരുന്ന ഒരു വർഷത്തേക്ക് കുടുംബ കൂട്ടായ്മാ വർഷമായി ആചരിക്കുമെന്നും രൂപതാ കേന്ദ്രത്തിൽ നിന്നും അറിയിച്ചു .
കഴിഞ്ഞ വർഷം ഡിസംബറിൽ ബിർമിങ്ഹാമിൽ രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ ഉത്ഘാടനം ചെയ്ത ഒരു വർഷം നീണ്ടു നിന്ന ദമ്പതീവർഷാചരണം കോവിഡ് കാലമായിട്ടും ചലനാത്മകമായ ഒട്ടേറെ പരിപാടികളോടെ ആണ് സമാപിച്ചത് , രൂപതയിൽ വിവാഹ ജൂബിലി ആഘോഷിച്ച ദമ്പതികളെ ആദരിച്ചു കൊണ്ട് നടന്ന പരിപാടിയോടെ ആരംഭിച്ച ദമ്പതീ വർഷത്തിൽ രൂപത തലത്തിലും വിവിധ ഇടവക , മിഷൻ തലങ്ങളിലും , വൈവിധ്യമാർന്ന പരിപാടികൾ സംഘടിപ്പിച്ചിരുന്നു , വിശുദ്ധ കുർബാന വിശുദ്ധ ജീവിതത്തിന് എന്ന വിഷയത്തെ ആസ്പദമാക്കി പ്രത്യേകമായി നടത്തിയ ഉപന്യാസ മത്സരം . വിശുദ്ധ കുർബാനയെ അടിസ്ഥാനമാക്കി ദിവ്യാകാരുണ്യ മിഷനറി സഭയിലെ വൈദികർ ചേർന്ന് വിവിധ കേന്ദ്രങ്ങളിൽ നടത്തിയ പ്രത്യേക ധ്യാനം , ദമ്പതികൾക്കായി പ്രത്യേകം സംഘടിപ്പിച്ച സി ആൻ മരിയ എസ് .എച്ച് നടത്തിയ വചനപ്രഘോഷണം ,യുവജന ദമ്പതികൾക്കയായി ജസ്റ്റീസ് കുര്യൻ ജോസഫ് ,റൈഫെൻ , ടെസ്സി ദമ്പതികൾ എന്നിവരുടെ നേതൃത്വത്തിൽ നടത്തിയ സെമിനാർ ,സമാപനത്തിന്റെ മൂന്നു ദിവസങ്ങളിൽ വിശുദ്ധ കുർബാന വിശുദ്ധ ജീവിതത്തിന് എന്ന വിഷയം അ ടിസ്ഥാനമാക്കി പ്രശസ്ത വചന പ്രഘോഷകൻ റെവ. ഫാ . ഡാനിയേൽ പൂവണ്ണത്തിൽ നടത്തിയ വചന പ്രഘോഷണം , എന്നിവയുൾപ്പെടെ സാമൂഹ്യമാധ്യമങ്ങളുടെ സാധ്യതകൾ എല്ലാം പ്രയോജനപ്പെടുത്തിയാണ് ഈ ദമ്പതീ വർഷാചരണം ഏറ്റം മനോഹരമായി ആചരിച്ചത് .
ദമ്പതീ വർഷത്തിനായി റെവ . ഫാ ഷാജി തുമ്പേചിറയിൽ രചനയും , സംഗീതവും നിർവഹിച്ച പ്രത്യേക ഗാനവും പുറത്തിറക്കിയിരുന്നു , ദമ്പതീവർഷത്തിന്റെ വിജയത്തിനും , ദമ്പതികൾക്കായും പ്രത്യേക പ്രാർഥനകളും തയ്യാറാക്കി ഭവനങ്ങളിലും പള്ളികളിലും നൽകിയിരുന്നു . രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കലിന്റെ നിർദേശ പ്രകാരം വികാരി ജനറാൾ മോൺ . ജിനോ അരീക്കാട്ട് എം. സി .ബി .എസിന്റെ നേതൃത്വത്തിൽ രൂപതയിലെ വിവിധ കമ്മീഷനുകളുടെ ചെയർമാൻമാർ , വിവിധ ഇടവക/ മിഷൻ കേന്ദ്രങ്ങളിലെ വൈദികർ , അൽമായ നേതൃത്വം എന്നിവരാണ് ദമ്പതീ വർഷാചരണത്തിന്റെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയത് .
Fr Tomy Adattu
PRO, Catholic Syro-Malabar Eparchy of Great Britain