ലണ്ടന്‍: പാക്കിസ്ഥാനിലെ മരിയ ഷഹബാസ് എന്ന പതിനാലുകാരി ക്രിസ്ത്യന്‍ പെണ്‍കുട്ടിക്ക് അഭയം നല്കണമെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണോട് ക്രൈസ്തവര്‍ അഭ്യര്‍ത്ഥിച്ചു. കാത്തലിക് ചാരിറ്റിയായ എയ്ഡ് റ്റു ചര്‍ച്ച് ഇന്‍ നീഡു വഴി ഓണ്‍ലൈന്‍ പെറ്റീഷനിലൂടെയാണ് ക്രൈസ്തവര്‍ ഈ അഭ്യര്‍ത്ഥന നടത്തിയിരിക്കുന്നത്. മരിയായുടെ ജീവന് ഭീഷണിയുണ്ടെന്നും ഈ സാഹചര്യത്തില്‍ ബ്രിട്ടണ്‍ അഭയം നല്കണമെന്നുമാണ് അഭ്യര്‍ത്ഥന.
ഏപ്രിലിലാണ് മരിയായെ മുസ്ലീമായ മുഹമ്മദ് നകാഷ് തട്ടിക്കൊണ്ടുപോയി മതംമാറ്റി വിവാഹം ചെയ്തത്. ചുരുങ്ങിയ മാസങ്ങള്‍ക്കുള്ളില്‍ തന്നെ നരകയാതനകളിലൂടെയാണ് ആ പെണ്‍കുട്ടി കടന്നുപോയത്. മരിയായക്ക് നീതി നടത്തിക്കിട്ടുന്നതിന് വേണ്ടി കോടതിയെ സമീപിച്ചെങ്കിലും വിധി പ്രതികൂലമായിരുന്നു. നല്ല കുട്ടിയായി ഭര്‍ത്താവിന് വിധേയപ്പെട്ട് ജീവിക്കാനായിരുന്നു ലാഹോര്‍ ഹൈക്കോടതിയുടെ കല്പന.
ഈ വിധിക്ക് ശേഷം തന്റെ ഭര്‍ത്താവെന്ന് അവകാശപ്പെടുന്ന മുഹമ്മദിന്റെ വീട്ടില്‍ നിന്ന് മരിയ രക്ഷപ്പെട്ടിരുന്നു.