ഹൈദരാബാദ്: വെള്ളപ്പൊക്കം ഹൈദരാബാദിലെ ജനജീവിതം ദുരിതമയമാക്കിയപ്പോള്‍ ആശ്രയമറ്റ് നില്ക്കുന്ന ജനജീവിതങ്ങള്‍ക്ക് അഭയവും ആശ്വാസവുമായി മാറിയിരിക്കുന്നത് കത്തോലിക്കാ വൈദികരും കന്യാസ്ത്രീകളും. ദുരിതാശ്വാസപ്രവര്‍ത്തനങ്ങള്‍ക്ക് മുന്‍കൈ കൊടുക്കുന്നതും ഏകോപിപ്പിക്കുന്നതും വെള്ളപ്പൊക്കത്തില്‍ അകപ്പെട്ടു പോയവരെ രക്ഷിക്കാനും ഭക്ഷണവും മറ്റ് അത്യാവശ്യങ്ങള്‍ സാധിച്ചുകൊടുക്കാനും മുമ്പന്തിയിലുള്ളത് വൈദികരും കന്യാസ്ത്രീകളുമാണ്.
തുടര്‍ച്ചയായി സംഭവിച്ചുകൊണ്ടിരിക്കുന്ന വെള്ളപ്പൊക്കം സമീപഭാവിയില്‍ ഒഴിവാക്കാന്‍ വേണ്ട നടപടികള്‍ ആവിഷ്‌ക്കരിക്കുകയാണ് വേണ്ടതെന്ന് ദുരിതാശ്വാസപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം കൊടുക്കുന്ന മോണ്‍ട്‌ഫോര്ട്ട് സോഷ്യല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ ഫാ. വര്‍ഗീസ് തെക്കനത്ത് പറഞ്ഞു.
ഇന്ദ്രനഗര്‍ എന്ന ചേരിപ്രദേശത്താണ് കൂടുതലും ദുരന്തം വിതയ്ക്കപ്പെട്ടിരിക്കുന്നത്. ഇവിടെയുള്ളവര്‍ക്ക് എല്ലാം നഷ്ടമായി. ഔദ്യോഗികരേഖകള്‍, കമ്പ്യൂട്ടര്‍, ഉടുവസ്ത്രമല്ലാതെ മറ്റൊന്നും ഇല്ലാത്ത അവസ്ഥ. തെലങ്കാനയിലെ ഡൊമസ്റ്റിക് വര്‍ക്കേഴ്‌സ് യൂണിയന് നേതൃത്വം നല്കുന്ന സിസ്റ്റര്‍ ലിസി ജോസഫ് അറിയിച്ചു.
സഭയുടെ പല സ്ഥാപനങ്ങളും ദുരിതാശ്വാസപ്രവര്‍ത്തനങ്ങള്‍ക്കായി വിട്ടുകൊടുത്തിരിക്കുകയാണ്. ആയിരത്തോളം കുടുംബങ്ങള്‍ക്ക് ഭക്ഷ്യകിറ്റ് കൊടുക്കാനുള്ള തീവ്രശ്രമത്തിലാണ് ഇവര്‍.