വത്തിക്കാന്‍സിറ്റി: ഒരു വശത്ത് ആളുകള്‍ പട്ടിണി മൂലം ദുരിതം അനുഭവിക്കുകയും മരിച്ചുവീഴുകയും ചെയ്യുമ്പോള്‍ മറുവശത്ത് ആളുകള്‍ ടണ്‍കണക്കിന് ഭക്ഷണം പാഴാക്കിക്കളയുന്നുണ്ടെന്നും ഇതിനെല്ലാവരും ഉത്തരവാദികളാണെന്നും ഫ്രാന്‍സിസ് മാര്‍പാപ്പ. ലോകഭക്ഷ്യദിനത്തോട് അനുബന്ധിച്ച് സന്ദേശം നല്കുകയായിരുന്നു പാപ്പ.
മനുഷ്യവംശത്തെ സംബന്ധിച്ചിടത്തോളം വിശപ്പ് ഒരു ദുരന്തം മാത്രമല്ല അത് ലജ്ജാകരം കൂടിയാണ്. അനേകം ആളുകള്‍ ഇപ്പോഴത്തെ പകര്‍ച്ചവ്യാധിയുടെ പശ്ചാത്തലത്തില്‍ ദാരിദ്ര്യം അനുഭവിക്കുന്നുണ്ട്. ഭക്ഷ്യഅപര്യാപ്തത നേരിടുന്നുണ്ട്. നിലവിലുള്ള പ്രതിസന്ധികള്‍ നമ്മെ പ്രേരിപ്പിക്കേണ്ടത് ഈ ലോകത്ത് നിന്ന് ദാരിദ്ര്യം തുടച്ചുനീക്കാനുള്ള പദ്ധതികള്‍ ആവിഷ്‌ക്കരി്ക്കണമെന്നാണ്. ഈ ലക്ഷ്യം നേടുന്നതിന് ആശയപരമായി നാം അകന്നുനില്ക്കുകയാണെങ്കില്‍ നാം നമ്മുടെ സഹോദരങ്ങളെ വിശന്ന് മരിക്കാന്‍ അനുവദിക്കുകയായിരിക്കും ചെയ്യുന്നത്.
ഭക്ഷ്യവിതരണത്തിലെ അസമത്വം, കാലാവസ്ഥാ വ്യതിയാനംവരുത്തുന്ന മാറ്റങ്ങള്‍, വര്‍ദ്ധിച്ചുവരുന്ന സംഘര്‍ഷങ്ങള്‍ ഇവയെല്ലാം ലോകത്തിലെ ദാരിദ്ര്യത്തിന് കാരണമാണെന്നും പാപ്പ നിരീക്ഷിച്ചു. കോടിക്കണക്കിന് ആളുകള്‍ ദാരിദ്ര്യം അനുഭവിക്കുമ്പോള്‍ഭക്ഷണം പാഴാക്കിക്കളയുന്നതിനെയും പാപ്പ വിമര്‍ശിച്ചു.
രണ്ടാംലോക മഹായുദ്ധത്തെ തുടര്‍ന്ന് റോമില്‍ രൂപം കൊണ്ട സംഘടനയാണ് ഫുഡ് ആന്റ് അഗ്രിക്കള്‍ച്ചര്‍ ഓര്‍ഗനൈസേഷന്‍. ഇതിന്റെ ആഭിമുഖ്യത്തിലായിരുന്നു ലോകഭക്ഷ്യദിനാചരണം നടത്തിയത്.