ന്യൂഡല്‍ഹി: ഓസ്‌ട്രേലിയന്‍ മിഷനറിയായിരുന്ന കൊല്ലപ്പെട്ട ഗ്രഹാം സ്റ്റെയ്ന്‍സിനെതിരെ അപകീര്‍ത്തികരമായ പരാമര്‍ശവുമായി ബിജെപി നേതാവ്. ആദിവാസികളെ ഗ്രഹാം സ്‌റ്റെയ്ന്‍സ് മതപരിവര്‍ത്തനം നടത്തിയെന്നും ആദിവാസി പെണ്‍കുട്ടികളെ ലൈംഗികമായി ഉപദ്രവിച്ചിരുന്നുവെന്നുമാണ് സത്യപാല്‍സിംങിന്റെ പരാമര്‍ശം.
ഫോറിന്‍ കോണ്‍ട്രിബ്യൂഷന്‍ അമെന്‍ഡ്‌മെന്റ് ബില്ലിനെക്കുറിച്ചുളള ഡിബേറ്റില്‍ പാര്‍ലമെന്റില്‍ സംസാരിക്കുകയായിരുന്നു സത്യപാല്‍. സ്റ്റെയ്ന്‍സിന്റെ മേല്‍പ്പറഞ്ഞ പ്രവര്‍ത്തനങ്ങളോടുള്ള പ്രതികരണമാണ് അദ്ദേഹത്തെ തദ്ദേശവാസികള്‍ കൊലപ്പെടുത്താനുണ്ടായ കാരണമെന്നാണ് സത്യപാലിന്റെ ഭാഷ്യം.
ഈ അഭിപ്രായപ്രകടനത്തിന് എതിരെ ശക്തമായ പ്രതികരണമാണ് ക്രൈസ്തവസമൂഹത്തിന്റെ ഭാഗത്തുനിന്നുണ്ടായിരിക്കുന്നത്. തന്റെ ജീവിതത്തിന്റെ നല്ലവര്‍ഷങ്ങള്‍ മുഴുവന്‍ ഇന്ത്യയ്്ക്കും ഇവിടെയുള്ള പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവര്‍ക്കും വേണ്ടി ചെലവഴിച്ച ഒരു മനുഷ്യന്റെ ഓര്‍മ്മകളെ പോലും മുറി്‌പ്പെടുത്തുന്നതാണ് ഈ പരാമര്‍ശം എന്ന് ഇവാഞ്ചലിക്കല്‍ ഫെലോഷിപ്പ് ഓഫ് ഇന്ത്യയുടെ ജനറല്‍സെക്രട്ടറി റവ.വിജയേഷ് ലാല്‍ പറഞ്ഞു.
1999 ല്‍ ഒഡീഷയില്‍ വച്ചാണ് ഗ്രഹാം സ്റ്റെയ്ന്‍സിനെയും അദ്ദേഹത്തിന്റെ 9 ഉം 7 ഉം വയസ് പ്രായമുള്ള രണ്ട് ആണ്‍മക്കളെയും ജീപ്പില്‍വച്ച് തീ കൊളുത്തി കൊന്നത്.സംഭവത്തില്‍ കുറ്റക്കാരനായ ധാരാസിംങിനെ 2003 ല്‍ ജീവപര്യന്തം തടവിന് വിധിച്ചിരുന്നു.
പാര്‍ലമെന്ററി ഡിസ്‌ക്കഷനില്‍ ഗ്രഹാംസ്റ്റെയ്‌നെക്കുറിച്ച് ഉയര്‍ന്നുവന്ന പരാമര്‍ശം അപലപനീയമാണെന്ന് കാത്തലിക് സെക്കുലര്‍ ഫോറം സ്ഥാപകന്‍ ജോസഫ് ദയസ് അഭിപ്രായപ്പെട്ടു. ഇത്തരത്തിലുള്ള പ്രസ്താവനകള്‍ക്ക് കാരണം ക്രൈസ്തവര്‍ക്ക് നേരെ മതപീഡനം അഴിച്ചുവിടുന്ന ഹൈന്ദവതീവ്രവാദ ഗ്രൂപ്പുകളാണ്. ഇത്തരം അഭിപ്രായങ്ങള്‍ ക്രൈസ്തവര്‍ക്കുനേരെയുള്ള അക്രമം തന്നെയാണ്. അദ്ദേഹം വ്യക്തമാക്കി.