പോര്‍ച്ചുഗല്‍: കൊറോണ വൈറസ് വ്യാപനത്തെ തുടര്‍ന്ന് നിര്‍ത്തിവച്ചിരിക്കുകയായിരുന്ന ലോകയുവജനദിനത്തിനുള്ള ഒരുക്കങ്ങള്‍ പുനരാരംഭിച്ചു. സെപ്തംബര്‍ അഞ്ചുമുതല്‍ പ്രവര്‍ത്തനങ്ങള്‍ പുനരാരംഭിച്ചതായി വത്തിക്കാന്‍ അറിയിച്ചു.
2019 ജനുവരി 27 ന് പനാമ സിറ്റിയില്‍ നടന്ന ലോകയുവജനദിനത്തിന്റെ സമാപനവേളയിലെ വിശുദ്ധ കുര്ബാനയക്കിടയിലാണ് അടുത്ത ലോകയുവജനദിന സംഗമം പോര്ച്ചുഗല്ലിലായിരിക്കും നടക്കുക എന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ അറിയിച്ചത്. 2022 ഓഗസ്റ്റില്‍ നടത്താനാണ് പ്ലാന്‍ ചെയ്തിരുന്നതെങ്കിലും ഇപ്പോഴത്തെ പ്രത്യേകസാഹചര്യത്തില്‍ അത് 2023 ലേക്ക് മാറ്റുകയായിരുന്നു.
യൂറോപ്പില്‍ ആഴ്ചതോറും വിശുദ്ധ കുര്‍ബാനയില്‍ പങ്കെടുക്കുന്ന യുവജനങ്ങളുടെ എണ്ണത്തില്‍ ഏറ്റവും മുമ്പന്തിയിലുള്ളത് പോര്‍ച്ചുഗല്ലാണ്.
വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമനാണ് ലോകയുവജനദിനസ്ഥാപകന്. 1985 ല്‍ ആരംഭിച്ച ലോകയുവജനദിനം മൂന്നുവര്‍ഷം കൂടുമ്പോഴാണ് സംഘടിപ്പിക്കാറുള്ളത്. ലോകത്തിലെ വിവിധഭാഗങ്ങളില്‍ നിന്ന് പതിനായിരക്കണക്കിന് യുവജനങ്ങള്‍ ഈ ആത്മീയ ഉതസവത്തില് പങ്കെടുക്കാനായി എത്തിച്ചേരാറുണ്ട്.