കാഞ്ഞിരപ്പള്ളി: കോവിഡ് 19-ന്റെ പശ്ചാത്തലത്തില്‍ എട്ടുനോമ്പിനൊരുക്കമായി രൂപതാധ്യക്ഷന്‍ മാര്‍ ജോസ് പുളിക്കലിനൊപ്പം കാഞ്ഞിരപ്പള്ളി രൂപതാക്കുടുംബം മുഴുവനും ദൈവസന്നിധിയില്‍ ഒരുമിച്ചു പ്രാര്‍ത്ഥിക്കും. ആഗസ്റ്റ് 30 ഞായറാഴ്ച വൈകുന്നേരം 6 മുതല്‍ 7 വരെ കാഞ്ഞിരപ്പള്ളി കത്തീദ്രലില്‍ മാര്‍ ജോസ് പുളിക്കല്‍ നയിക്കുന്ന ദിവ്യകാരുണ്യ ആരാധനയും വചനസന്ദേശവുമുള്‍പ്പെടുന്ന പ്രാര്‍്ത്ഥനാശുശ്രൂഷയില്‍ രൂപതയിലെ മുഴുവന്‍ വിശ്വാസികളും സ്വഭവനങ്ങളിലിരുന്നുകൊണ്ട് പങ്കുചേരും.
ഈ അടുത്തകാലത്തുണ്ടായ പ്രകൃതിദുരന്തങ്ങളിലും കോവിഡ് വ്യാപനസാഹചര്യങ്ങളിലും വേദനിക്കുന്നവരെയും അവരെ ശുശ്രൂഷിക്കുന്നവരെയും പ്രാര്‍ത്ഥനയില്‍ പ്രത്യേകം അനുസ്മരിക്കും. നമ്മുടെ നാടും ലോകവും ഇപ്പോള്‍ നേരിടുന്ന പ്രതിസന്ധികളിലും സമാധാനം തകര്‍ക്കുന്ന സാഹചര്യങ്ങളിലും പ്രാര്‍ത്ഥനയുടെ കരം ചേര്‍ത്തുപിടിച്ച് രൂപതാക്കുടുംബമൊന്നാകെ ഈ പ്രാര്‍ത്ഥാനാശുശ്രൂഷയില്‍ പങ്കുചേരണമെന്ന് മാര്‍ ജോസ് പുളിക്കല്‍ വിശ്വാസികളെ ആഹ്വാനം ചെയ്തു. ദൃശ്യ ന്യൂസ് ചാനലിലും, രൂപതാ വെബ്സൈറ്റിലും, സോഷ്യല്‍ മീഡിയ അപ്പസ്തോലേറ്റ്, ദര്‍ശകന്‍, അക്കരയമ്മ യൂട്യൂബ് ചാനലുകളിലും പ്രാര്‍ത്ഥനാശുശ്രൂഷ തല്‍സമയം ലഭ്യമായിരിക്കുമെന്ന് രൂപതാകേന്ദ്രം പത്രക്കുറിപ്പില്‍ അറിയിച്ചു.
ഫാ.സ്റ്റാന്‍ലി പുള്ളോലിക്കല്‍
പി.ആര്‍.ഓ
കാഞ്ഞിരപ്പള്ളി രൂപത