കോട്ടയം: കഴിഞ്ഞ ദിവസങ്ങളില്‍ പെയ്ത അതിതീവ്ര മഴയെത്തുടര്‍ന്ന് പ്രളയബാധിതമായി തുടരുന്ന കുട്ടനാടന്‍ പ്രദേശങ്ങള്‍ക്ക് കാഞ്ഞിരപ്പള്ളി രൂപതയുടെ സാമൂഹ്യ സേവന പ്രസ്ഥാനമായ മലനാട് ഡവലപ്‌മെന്റ് സൊസൈറ്റി ഭക്ഷണമായി ബ്രഡും പാലും സൗജന്യമായി വിതരണം ആരംഭിച്ചു.
കെസിബിസി ജസ്റ്റിസ് പീസ് ആന്റ് ഡവലപ്‌മെന്റ് കമ്മീഷന്‍ ചെയര്‍മാനും കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷനുമായ മാര്‍ ജോസ് പുളിക്കലിന്റെ ആവശ്യപ്രകാരം മലനാട് ഡെവലപ്‌മെന്റ് സൊസൈറ്റി ഡയറക്ടര്‍ ഫാ. തോമസ് മറ്റമുണ്ടയില്‍ കെഎസ്എസ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. ജേക്കബ് മാവുങ്കലുമായി ആലോചിച്ചാണ് പദ്ധതി രൂപകല്‍പ്പന ചെയ്തത്.
വീടുകളില്‍ വെള്ളം കയറിയിട്ടും കോവിഡ് വ്യാപനം ഭയന്ന് ആളുകള്‍ വീടുകളില്‍ തുടരുന്ന സാഹചര്യത്തിലാണ് മേഖലയില്‍ പ്രവര്‍ത്തിക്കുന്ന വിവിധ സന്നദ്ധ സംഘടനകളുടെ നേതൃത്വത്തില്‍ ഇവര്‍ക്ക് ഭക്ഷണം വിതരണം ചെയ്യുന്നത്.
കേരള സോഷ്യല്‍ സര്‍വീസ് ഫോറം എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. ജേക്കബ് മാവുങ്കല്‍ വിതരണം ഫ്‌ളാഗ് ഓഫ് ചെയ്തു. കെഎസ്എസ്എഫിന്റെ ആഭിമുഖ്യത്തില്‍ വിജയപുരം സോഷ്യല്‍ സര്‍വീസ് സൊസൈറ്റി, ചങ്ങനാശേരി സോഷ്യല്‍ സര്‍വീസ് സൊസൈറ്റി, മാവേലിക്കര ചേതന എന്നിവയുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്.