സർവ്വ ക്രിസ്ത്യാനികളുടെയും വിശ്വാസം പരിശുദ്ധ ത്രിത്വത്തിൽ അധിഷ്ഠിതമാണ് (CCC 232). പരിശുദ്ധതമ ത്രിത്വത്തെ സംബന്ധിക്കുന്ന രഹസ്യം ക്രൈസ്തവ വിശ്വാസത്തിൻ്റെയും ജീവിതത്തിൻ്റെയും കേന്ദ്ര രഹസ്യമാണ്. ദൈവത്തിൻറെ തന്നെ അന്തസത്തയെ സംബന്ധിക്കുന്ന ദിവ്യരഹസ്യമാണിത്. ഇക്കാരണത്താൽ വിശ്വാസത്തെ സംബന്ധിക്കുന്ന മറ്റ് എല്ലാ രഹസ്യങ്ങളുടെയും ഉറവിടവും അവയെ പ്രകാശിപ്പിക്കുന്ന വെളിച്ചവുമാണിത്. വിശ്വാസ സത്യങ്ങളുടെ ശ്രേണിയിൽ ഏറ്റവും മൗലികവും സത്താപരവുമായ പ്രബോധനമാണ് പരിശുദ്ധ ത്രിത്വരഹസ്യം (CCC 234). ദൈവം സ്വയം വെളിപ്പെടുത്തിയില്ലെങ്കിൽ മനുഷ്യർക്ക് അറിയാൻ കഴിയാത്ത ദൈവത്തിൽ നിഗൂഢമായിരിക്കുന്ന രഹസ്യങ്ങളിൽ ഒന്നാണിത്. പഴയ നിയമത്തിൽ പരിശുദ്ധ ത്രിത്വത്തെക്കുറിച്ച് പല സൂചനകൾ ഉണ്ട്. എങ്കിലും പരിശുദ്ധാത്മാവിൻ്റ ആഗമനത്തോടെയാണ് അത് ഗ്രഹിക്കുവാൻ മനുഷ്യർക്ക് യഥാവിധി സാധിച്ചത്. ദൈവത്തെ കുറിച്ച് അറിയുവാൻ ദൈവത്തിനു മാത്രമേ സാധിക്കൂ. അതിനാൽ ദൈവം മനുഷ്യനായി അവതരിച്ച് ദൈവത്തെ വെളിപ്പെടുത്തി. ദൈവത്തെ വെളിപ്പെടുത്തിയതാകട്ടെ പരിശുദ്ധ ത്രിത്വം ആയിട്ടാണ്. പരിശുദ്ധ ത്രിത്വമാണ് സത്യദൈവം. മറ്റു മതങ്ങളിൽ ദൈവത്തെക്കുറിച്ച് പറയുന്നുണ്ട്. എന്നാൽ പരിശുദ്ധ ത്രിത്വത്തെക്കുറിച്ച് അവ വെളിപ്പെടുത്താത്തതിനാൽ ദൈവത്തെക്കുറിച്ച് പൂർണ്ണമായ അറിവ് അല്ല ആ മതങ്ങൾ നൽകുന്നത്. ഇസ്ലാംമതം ദൈവം ഏകനാണ് എന്ന് പറയുന്നുണ്ട്. അത് കത്തോലിക്കാ വിശ്വാസത്തിൻ്റെയും ഭാഗമാണ്. എന്നാൽ ഇസ്ലാം മതം പരിശുദ്ധ ത്രിത്വത്തിൽ വിശ്വസിക്കുന്നില്ല എന്നുമാത്രമല്ല ആ വിശ്വാസത്തിന് എതിരായി രൂപപ്പെട്ട മതമാണ് എന്നതാണ് സത്യം. അതിനാൽ ഒരേ ദൈവത്തെ അല്ല ഇരുകൂട്ടരും ആരാധിക്കുന്നത്.
പരിശുദ്ധ ത്രിത്വത്തെ കുറിച്ചുള്ള കൂടുതൽ പഠനങ്ങൾക്ക് ചുവടെ നൽകുന്ന ലിങ്ക് കാണുക.https://youtu.be/fgwfVJX-lW4