വത്തിക്കാന്‍ സിറ്റി: യുവജനങ്ങളോട് നിങ്ങള്‍ മാതാവിനെ അനുകരിക്കുന്നവരായി മാറണമെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. മെഡ്ജിഗോറിയായില്‍ നടക്കുന്ന വാര്‍ഷിക യുവജന സമ്മേളനത്തിന് നല്കിയ സന്ദേശത്തിലാണ് പാപ്പ ഇക്കാര്യം പറഞ്ഞത്.
മാതാവിന്റെ യെസ് പ്രഖ്യാപനം എല്ലാ കാലത്തും പ്രകാശിപ്പിക്കുന്നു. മാലാഖയ്ക്ക് മുമ്പില്‍ മാതാവ് നടത്തിയ ഈ സമ്മതപ്രഖ്യാപനത്തിന്റെ അര്‍ത്ഥം എല്ലാവിധ വെല്ലുവിളികളും ഏറ്റെടുക്കാന്‍ താന്‍ തയ്യാറാണ് എന്നായിരുന്നു. യാതൊരുവിധത്തിലുള്ള സംരകഷണവും ആവശ്യപ്പെടാതെയാണ് പരിശുദ്ധ മറിയം ദൈവഹിതത്തിന് യെസ് മൂളിയത്. ഇതാ കര്‍ത്താവിന്റെ ദാസി എന്ന മാതാവിന്റെ വാക്കുകള്‍ തന്റെ ജീവിതത്തില്സംഭവിക്കുന്നതെന്തോ അതെല്ലാം ദൈവത്തിന്റെ കൈകളിലേക്ക് വച്ചുകൊടുക്കുന്നതിന്റെ ഏറ്റവും മനോഹരമായ ഉദാഹരണമാണ്. ഈ ഉദാഹരണം യുവജനങ്ങളെ സ്വാധീനിക്കണം. പാപ്പ പറഞ്ഞു.
2019 മെയ് മാസത്തില്‍ മെഡ്ജിഗോറിയായിലേക്കുള്ള തീര്‍ത്ഥാടനത്തിന് പാപ്പ അംഗീകാരം നല്‍കിയിരുന്നുവെങ്കിലും ഇവിടെ 1981 മുതല്‍ നടക്കുന്ന പ്രത്യക്ഷീകരണത്തെക്കുറിച്ച് ആധികാരികമായ പ്രഖ്യാപനമൊന്നും നടത്തിയിട്ടില്ല. മെഡ്ജിഗോറിയായിലെ മരിയന്‍ പ്രത്യക്ഷീകരണങ്ങളെക്കുറിച്ച് പഠിക്കാന്‍ വത്തിക്കാന്‍ ഒരു കമ്മറ്റിയെ നിയമിച്ചിരുന്നു.നാലു വര്‍ഷം നീണ്ട ഈ അന്വേഷണങ്ങളുടെ നിഗമനം 2014 ല്‍ ഫ്രാന്‍സിസ് മാര്‍പാപ്പയ്ക്ക് സമര്‍പ്പിച്ചിരിക്കുകയാണ്. കോണ്ഗ്രിഗേഷന് ഫോര്‍ ദ ഡോക്ട്രീന്‍ ഓഫ് ദ ഫെയ്ത്തിന്റെ മുമ്പിലാണ് ഇപ്പോള്‍ ആ റിപ്പോര്‍ട്ടുളളത്. കോണ്ഗ്രിഗേഷന് ഡോക്യുമെന്റ് പാപ്പയ്ക്ക് മുമ്പില്‍ സമര്‍പ്പിച്ചുകഴിയുന്നതോടെ അക്കാര്യത്തില്‍ അന്തിമതീരുമാനമുണ്ടാകും.