തൃശൂര്‍: ലോക് ഡൗണ്‍ കാലം പലര്‍ക്കും നിഷ്‌ക്രിയതയുടെയും നിരുത്തരവാദിത്തത്തിന്റെയും കാലമായിരുന്നുവെങ്കില്‍ തൃശൂര്‍ വടക്കേ കാരമുക്ക് വടക്കേത്തല കറുത്തേടത്തുപറമ്പില്‍ റെജിന്‍ വിത്സണെ സംബന്ധിച്ച് അത് ആത്മീയതയുടെ വസന്തകാലമായിരുന്നു. ഏപ്രില്‍ ഒന്നുമുതല്‍ ജൂലൈ 22 വരെയുള്ള ദിവസങ്ങള്‍ വില്‍സണ്‍ കടന്നുപോയത് ബൈബിളിലൂടെയായിരുന്നു.
അതിന്റെ ഫലമായി ഇപ്പോഴിതാ അദ്ദേഹം 2755 എ ഫോര്‍ പേപ്പറുകളിലായി സമ്പൂര്‍ണ്ണ ബൈബിള്‍ പകര്‍ത്തിയെഴുതിയിരിക്കുന്നു. ലോക്ക് ഡൗണ്‍കാലം എങ്ങനെയാണ് ക്രിയാത്മകമായും ആത്മീയമായും പ്രയോജനപ്പെടുത്താന്‍ കഴിയുന്നതെന്ന നമ്മുടെ വര്‍ത്തമാനകാലത്തിന നല്ലൊരു ഉദാഹരണമായി മാറിയിരിക്കുകയാണ് ഈ ചെറുപ്പക്കാരന്‍.
പല ചെറുപ്പക്കാരും മൊബൈലും സോഷ്യല്‍ മീഡിയായിലും അമിതമായി ഇക്കാലയളവില്‍ സമയം ചെലവഴിച്ചപ്പോള്‍ ആ വഴിയെ പോകാതെ വിശുദ്ധഗ്രന്ഥത്തിലൂടെ യാത്ര ചെയ്യാന്‍ കാണിച്ച സന്നദ്ധതയെ എത്ര അഭിനന്ദിച്ചാലും മതിയാവുകയില്ല.
32 പേനകളാണ് ബൈബിള്‍ പകര്‍ത്തിയെഴുത്തിന് വേണ്ടി റെജിന്‍ ഉപയോഗിച്ചത്. കൊച്ചിന്‍. ഇന്റര്‍നാഷനല്‍ എയര്‍പോര്‍ട്ടില്‍ ഫയര്‍ ആന്റ് റെസ്‌ക്യൂ ജീവനക്കാരനാണ് റെജിന്‍.