“ജീവിച്ചിരിക്കുന്നവനെ നിങ്ങള്‍ മരിച്ചവരുടെയിടയില്‍ അന്വേഷിക്കുന്നത് എന്തിന്? അവന്‍ ഇവിടെയില്ല, ഉയിര്‍പ്പിക്കപ്പെട്ടു.“(ലൂക്കാ 24 : 5)
ഒരു ഉത്ഥാന മഹോത്സവം കൂടി നാം സന്തോഷപൂർവ്വം ആഘോഷിക്കുന്നു. മരണത്തെ കീഴ്പ്പെടുത്തികൊണ്ട് യേശു വിജയശ്രീലാളിതനായി ഉയർത്തെഴുന്നേറ്റു. ആദിമകാലം മുതൽ നാളിതുവരെ ക്രൈസ്തവ വിശ്വാസികളുടെ വിശ്വാസജീവിതത്തിൽ ഊടും പാവും നൽകുന്ന അതിമനോഹരമായ ഒരു ചരിത്ര സംഭവമാണ് യേശുവിന്റെ ഉത്ഥാനം.
അതുകൊണ്ടുതന്നെയാണ് പല വിശുദ്ധരും ആവർത്തിച്ചു പറഞ്ഞത് ‘യേശു മരിച്ചവരിൽനിന്ന് ഉത്ഥാനം ചെയ്തില്ലായിരുന്നുവെങ്കിൽ നിങ്ങളുടെ വിശ്വാസവും ഞങ്ങളുടെ പ്രവർത്തനവും’ നിഷ്ഫലമാണെന്ന് .
ഒരു വാക്കുകൊണ്ട് സർവ്വവും സൃഷ്ടിച്ചവൻ അവസാനം മരണത്തെപ്പോലും കീഴടക്കിക്കൊണ്ട് എല്ലാത്തിനും മേലുമുള്ള തന്റെ അധികാരം വ്യക്തമാക്കുന്നു. യേശുവിൻറെ ഉത്ഥാനം വിശ്വാസികളെ സംബന്ധിച്ചിടത്തോളം സ്വർഗ്ഗീയ സമ്പത്തിന്റെ വലിയൊരു വിതരണം കൂടി നടത്തപ്പെടുന്ന അവസരമാണ് .
1.യേശു ഉത്ഥാനം ചെയ്തു പിതാവിന്റെ പക്കലേക്ക് പോകുന്നതിനുമുൻപ് സഹായകനായ പരിശുദ്ധാത്മാവിനെ നമുക്ക് നൽകുന്നു.
“ഇതു പറഞ്ഞിട്ട് അവരുടെമേല്‍ നിശ്വസിച്ചുകൊണ്ട് അവരോട് അരുളിച്ചെയ്‌തു: നിങ്ങള്‍ പരിശുദ്‌ധാത്‌മാവിനെ സ്വീകരിക്കുവിന്‍.”യോഹന്നാന്‍ 20 : 22.
2. പരിശുദ്ധാത്മാവിനെ നിരന്തര പ്രവർത്തനം നമ്മോടൊപ്പം എന്നും ഉണ്ടാകുന്നതിനുവേണ്ടി വചനം കൊണ്ടും അടയാളം കൊണ്ടും പ്രവർത്തനങ്ങളെ സാധൂകരിക്കുന്നു.
” കര്‍ത്താവ് അവരോടുകൂടെ പ്രവര്‍ത്തിക്കുകയും അടയാളങ്ങള്‍ കൊണ്ടു വചനം സ്‌ഥിരീകരിക്കുകയും ചെയ്‌തിരുന്നു.”(മര്‍ക്കോസ് 16 : 20.)
3.പരിശുദ്ധാത്മാവിനാൽ നിറഞ്ഞ് വിവിധരീതിയിലുള്ള വിവരങ്ങൾ ഉപയോഗിക്കാൻ കഴിവുള്ളവരായി തീരുന്നു
“അവര്‍ എന്‍െറ നാമത്തില്‍ പിശാചുക്കളെ ബഹിഷ്‌കരിക്കും. പുതിയ ഭാഷകള്‍ സംസാരിക്കും.അവര്‍ സര്‍പ്പങ്ങളെ കൈയിലെടുക്കും. മാരകമായ എന്തു കടിച്ചാലും അത് അവരെ ഉപദ്രവിക്കുകയില്ല. അവര്‍ രോഗികളുടെമേല്‍ കൈകള്‍ വയ്‌ക്കും; അവര്‍ സുഖം പ്രാപിക്കുകയും ചെയ്യും.”(മര്‍ക്കോസ് 16 : 17-18)
4.യേശുവിൽ വിശ്വസിക്കുന്ന ഓരോ വ്യക്തിയും അൾത്താരയെ അനുതാപത്തോടെ സമീപിക്കുന്നതിന് വേണ്ടി കുമ്പസാരം എന്ന കൂദാശ സ്ഥാപിക്കുന്നു.
“നിങ്ങള്‍ ആരുടെ പാപങ്ങള്‍ ക്‌ഷമിക്കുന്നുവോ അവ അവരോടു ക്‌ഷമിക്കപ്പെട്ടിരിക്കും. നിങ്ങള്‍ ആരുടെ പാപങ്ങള്‍ ബന്‌ധിക്കുന്നുവോ അവ ബന്‌ധിക്കപ്പെട്ടിരിക്കും.” (യോഹ 20 : 23)
5. ഉത്ഥാനശേഷം യേശു കടന്നുചെന്ന സ്ഥലങ്ങളിലൊക്കെ സമാധാനം ആശംസിക്കുന്നു. ദൗത്യം നൽകുന്നു.
“യേശു വീണ്ടും അവരോടു പറഞ്ഞു: നിങ്ങള്‍ക്കു സമാധാനം! പിതാവ് എന്നെ അയച്ചതുപോലെ ഞാനും നിങ്ങളെ അയയ്‌ക്കുന്നു.”(യോഹന്നാന്‍ 20 : 21.)
6.യേശുവിന്‍റെ സമാധാനം എന്നു പറയുന്നത് ലോകം തരുന്നത് പോലെയല്ല എന്ന് പല സ്ഥലത്തും തിരുവചനത്തിൽ എടുത്ത് പറയുന്നത് നമുക്കറിയാം .
“ഞാന്‍ നിങ്ങള്‍ക്കു സമാധാനം തന്നിട്ടു പോകുന്നു. എന്‍െറ സമാധാനം നിങ്ങള്‍ക്കു ഞാന്‍ നല്‍കുന്നു. ലോകം നല്‍കുന്നതുപോലെയല്ല ഞാന്‍ നല്‍കുന്നത്. നിങ്ങളുടെ ഹൃദയം അസ്വസ്‌ഥമാകേണ്ടാ. നിങ്ങള്‍ ഭയപ്പെടുകയും വേണ്ടാ.”(യോഹന്നാന്‍ 14 : 27).
7. ആത്മീയ അന്ധത നീക്കുന്നു..
“വിശുദ്‌ധലിഖിതങ്ങള്‍ ഗ്രഹിക്കാന്‍ തക്കവിധം അവരുടെ മനസ്‌സ് അവന്‍ തുറന്നു.”(ലൂക്കാ 24 : 45.)
8. വചന വ്യാഖ്യാനം വഴി വിശ്വാസ ജീവിതത്തെ ആഴപ്പെടുത്തുന്നു..
“വഴിയില്‍വച്ച് അവന്‍ വിശുദ്‌ധലിഖിതം വിശദീകരിച്ചുകൊണ്ട് നമ്മോടു സംസാരിച്ചപ്പോള്‍ നമ്മുടെ ഹൃദയം ജ്വലിച്ചിരുന്നില്ലേ?”(ലൂക്കാ 24 : 32.)
9. പ്രതീക്ഷയും പ്രത്യാശയും പകർന്ന് നൽകുന്നു..
“നിങ്ങള്‍ എന്നില്‍ സമാധാനം കണ്ടെത്തേണ്ടതിനാണ് ഞാന്‍ ഇതു നിങ്ങളോടു പറഞ്ഞത്. ലോകത്തില്‍ നിങ്ങള്‍ക്കു ഞെരുക്കമുണ്ടാകും. എങ്കിലും ധൈര്യമായിരിക്കുവിന്‍; ഞാന്‍ ലോകത്തെ കീഴടക്കിയിരിക്കുന്നു.”(യോഹന്നാന്‍ 16 : 33.)
രണ്ടായിരം വർഷം പിന്നിടുമ്പോഴും സജീവമായ ഒരു ദൈവത്തെയാണ് ഉത്ഥാനമഹോത്സവത്തിൽ നാം കണ്ടുമുട്ടുക. കാരണം ഒരു വ്യക്തി മരണംവഴി നമ്മിൽനിന്നും കടന്നുപോയി കഴിഞ്ഞാൽ പിന്നെ ആ വ്യക്തിയെക്കുറിച്ച് പറയുമ്പോഴൊക്കെ പരേതനായ / ദിവംഗതനായ (Late) എന്ന വിശേഷണമാണ് നാം ഉപയോഗിക്കുന്നത്. സാമൂഹിക, സാംസ്കാരിക, മത മേഖലകളിലുള്ള ഏത് വ്യക്തിയാണെങ്കിലും ഇപ്രകാരമുള്ള ഒരു അഭിസംബോധനയാണ്.
എന്നാൽ 2000 വർഷം പിന്നിടുമ്പോഴും യേശുവിനെ കുറിച്ച് പറയുമ്പോൾ ഇപ്രകാരമൊരു അഭിസംബോധന കാണാനില്ല. പരേതനായ യേശു എന്നോ ദിവംഗതനായ യേശു എന്നോ അഭിസംബോധന ചെയ്യുന്നത് കാണില്ല.ഇന്നും ജീവിക്കുന്ന, നമ്മുടെ ഉള്ളിൽ വസിക്കുന്ന, നമ്മോടൊപ്പം സഞ്ചരിക്കുന്ന ദിവ്യകാരുണ്യമായ യേശു എന്നാണ് അഭിസംബോധന ചെയ്യുന്നത്.
ക്രിസ്തുവിൽ വിശ്വസിക്കുന്നവർക്ക് ലഭിക്കുന്ന വലിയൊരു സൗഭാഗ്യമാണിത്. വിശുദ്ധ ഗ്രന്ഥത്തിൽ പറയപ്പെട്ടത് പോലെ, പ്രവാചകന്മാർ വഴി അരുളിച്ചെയ്തതുപോലെ അവൻ ഉയർത്തെഴുന്നേറ്റു. അവൻ ഇവിടെ ഇല്ല. നിങ്ങൾ ആരെയാണ് ഇവിടെ അന്വേഷിക്കുന്നത്.?.
യേശുവിന്റെ മരണത്തോടെ പലതും നഷ്ടപ്പെട്ടു പോയി എന്ന വേദനയോടെയാണ് യേശുവിനോടൊപ്പം ആയിരുന്ന സ്ത്രീകളും മറ്റും സെമിത്തേരിയിലേക്ക് / യേശുവിന്റെ കല്ലറയിലേക്ക് പോകുന്നത് .പക്ഷേ അവിടെ ഇരിക്കുന്ന ദൈവദൂതൻ അവരോട് ചോദിക്കുന്നത് ജീവിക്കുന്നവനെ നിങ്ങളെന്തിന് മരിച്ചവരുടെ ഇടയിൽ നോക്കുന്നു എന്നാണ്.
സെമിത്തേരി എന്നു പറയുന്നത് മരിച്ചവരുടെ ഇടമാണ്. അവിടെ ജീവിച്ചിരിക്കുന്നവർക്ക് സ്ഥാനമില്ല.
സദാ ജീവിക്കുന്നവനാണ് യേശു. ജീവനുള്ള യേശുവിനെ കണ്ടെത്തണമെങ്കിൽ കുമ്പസാരമെന്ന കൂദാശയിലൂടെ, പൂർണ്ണമായ യോഗ്യത യോടുകൂടി അൾത്താരയെ സമീപിക്കണം.
ഇപ്രകാരം സജീവമായ യേശുവുമായി ഒരു നിരന്തര ബന്ധം ഉണ്ടാകുമ്പോൾ പിതാവായ ദൈവവും പരിശുദ്ധാത്മാവായ ദൈവവും യേശുവിലൂടെ നമ്മുടെ ജീവിതത്തിൻറെ ഭാഗമാവുകയും, മറ്റുള്ളവർ പോലും അതിശയിക്കുന്ന പ്രവർത്തികൾ ചെയ്തുകൊണ്ട് ദൈവരാജ്യ വ്യാപനത്തിനു വേണ്ടി, സുവിശേഷ മൂല്യങ്ങൾക്ക് വേണ്ടി, സത്യത്തിനും നീതിക്കും സമാധാനത്തിനും വേണ്ടി നിലകൊള്ളുന്ന വ്യക്തികളായി നമ്മെ രൂപാന്തരപ്പെടുത്തും.
ക്രിസ്തീയ ഭവനങ്ങൾ ഉൾപ്പെടെ ഇന്ന് സമാധാനമില്ലാതെ പരക്കം പായുമ്പോൾ യേശു പറയുന്നു. ഭയപ്പെടേണ്ട ഞാൻ നിൻറെ കൂടെയുണ്ട്. എൻറെ സമാധാനം ഞാൻ നിനക്ക് തരുന്നു. അത് ലോകം തരുന്നത് പോലെയല്ല.
ലോകത്തിന്റെ കണ്ണഞ്ചിപ്പിക്കുന്ന മായിക പ്രപഞ്ചങ്ങളുടെ പുറകെ പരക്കം പാഞ്ഞു ,പൈശാചിക ബന്ധനങ്ങളിൽ പെട്ട് വിവിധ തരത്തിലുള്ള പരാജയങ്ങൾ ഏറ്റു വാങ്ങുമ്പോൾ യേശു പറയുന്നു ,വരുവിൻ എൻറെ സമാധാനം ആസ്വദിക്കുക.
യേശുവിൽ ആയിരിക്കുന്നവൻ പുതിയ സൃഷ്ടിയാണ്. പഴയതെല്ലാം കഴിഞ്ഞു പോയി . യേശു മരണത്തെപ്പോലും കീഴടക്കി കല്ലറ തുറന്ന് പുറത്തുവന്നു. പാപത്തിന്റെ അന്തകാരമാകുന്ന കല്ലറയിൽ നിന്ന് കുമ്പസാരം വഴി നമുക്കും ഈ ഉത്ഥാന അനുഭവം ആസ്വദിക്കാൻ സാധിക്കും .അതാണ് ഈസ്റ്റർ ദിനം നമുക്ക് നൽകുന്ന ഏറ്റവും വലിയ സമ്മാനം.
വലിയ ശനിയാഴ്ച ദേവാലയത്തിൽ പോയവരൊക്കെ പുതിയ വെള്ളവും പുതിയ തിരികളും വെഞ്ചിരിച്ചു ഭവനങ്ങളിലേക്ക് കൊണ്ടുപോവുകയും, ജ്ഞാനസ്നാന വ്രതം പുതുക്കുകയും ചെയ്തു. പെന്തക്കോസ്ത വിശ്വാസികൾ കത്തോലിക്കാ വിശ്വാസികളെ കളിയാക്കുന്ന ഒന്നാണ് എട്ടും പൊട്ടും തിരിയാത്ത പ്രായത്തിൽ മാമോദീസാ കൊടുത്ത് അവനെ കത്തോലിക്ക അടിമയാകുന്നു എന്ന്. ഇത് തികച്ചും തെറ്റായ ഒരു പ്രസ്താവനയാണ്.
ശിശു ആയിരിക്കുന്ന വ്യക്തി മാമ്മോദീസാ സ്വീകരിച്ച അന്നുമുതൽ എല്ലാവർഷവും വലിയ ശനിയാഴ്ച നമ്മുടെ ജ്ഞാനസ്നാനവ്രതം വിശ്വാസപ്രമാണം സുബോധത്തോടെയും പൂർണ്ണമനസ്സോടെയും ഏറ്റുചൊല്ലി കൊണ്ട് പുതുക്കുകയാണ്.
ഉയിർപ്പ് തിരുനാളിന് തൊട്ടുമുൻപുള്ള ശനിയാഴ്ച ദേവാലയത്തിൽ പോകുന്ന എല്ലാ വിശ്വാസികളും ഇപ്രകാരം യേശുവിലുള്ള അവരുടെ വിശ്വാസം ഏറ്റുപറയുകയും അത് കൂടുതൽ ദൃഢമാകുകയും ചെയ്യുന്നു . അങ്ങനെ യേശു നൽകുന്ന ശാന്തിയും സമാധാനവും പൂർണ്ണമായി അനുഭവിക്കുന്നതിന് യോഗ്യതയുള്ളവർ ആയിത്തീരുകയും ചെയ്യുന്നു. ഇപ്രകാരം നമുക്ക് കരഗതമാകുന്ന യേശുവിന്റെ സ്നേഹവും ശാന്തിയും സമാധാനവും മറ്റുള്ളവർക്ക് പകർന്നു കൊടുക്കാൻ ഇനിയുള്ള ദിവസങ്ങൾ നമുക്ക് പ്രയോജനപ്പെടുത്താം.
ഉയിർപ്പ് തിരുന്നാൾ ഏറ്റവും മനോഹരമായ ഒരു പ്രതിസമ്മാനമായി നമ്മുടെ ജീവിത നവീകരണംവഴി യേശുവിനും തിരികെ നൽകാൻ നമുക്ക് ശ്രമിക്കാം.
പ്രേംജി മുണ്ടിയാങ്കൽ