വാഷിംങ്ടണ്‍: വംശഹത്യയുടെ പേരില്‍ അമേരിക്കയില്‍ കലാപങ്ങള്‍ അരങ്ങേറുകയും വിശുദ്ധരുടെ രൂപങ്ങള്‍ക്ക് നേരെയുള്ള അക്രമങ്ങള്‍ തുടര്‍ക്കഥയാകുകയും ചെയ്യുന്ന സാഹചര്യത്തില്‍ ഉപവാസത്തിനും പ്രാര്‍ത്ഥനയ്ക്കും ആഹ്വാനം ചെയ്തുകൊണ്ട് അമേരിക്കയിലെ വൈദികരും പ്രാര്‍ത്ഥനാഗ്രൂപ്പുകളും. ജൂലൈ നാലിനാണ് ഫാ. ബില്‍ പെക്ക്മാന്‍, ഫാ. ജെയിംസ് അല്‍ട്ടമാന്‍, ഫാ. റിച്ചാര്‍ഡ് ഹെയ്ല്‍മാന്‍ എന്നിവര്‍ തങ്ങളുടെ രാജ്യത്തെ പിടിമുറുക്കിയിരിക്കുന്ന സാത്താനിക ബാധയില്‍ നി്ന്ന് രക്ഷനേടാനായി 40 ദിവസത്തെ ഉപവാസപ്രാര്‍ത്ഥനയ്ക്ക് ആഹ്വാനം ചെയ്തത്.
ഉപവാസം, പ്രായശ്ചിത്തപ്രവൃത്തികള്‍, കാരുണ്യപ്രവൃത്തികള്‍, പ്രാര്‍ത്ഥന,കൂദാശസ്വീകരണം എന്നിവയിലൂടെ ദൈവികശക്തി ആര്‍ജ്ജിക്കുകയും കുടുംബങ്ങള്‍, ഇടവകകള്‍, രൂപതകള്‍ എന്നിവിടങ്ങളില്‍ നിന്നും രാജ്യത്തില്‍ നിന്നുമുള്ള സാത്താനികപീഡകള്‍ വിട്ടുപോകാന്‍ പ്രാര്‍ത്ഥിക്കുകയും ചെയ്യണമെന്നും പത്രക്കുറിപ്പ് വ്യക്തമാക്കി. തിന്മയില്‍നിന്നുള്ള മോചനത്തിനു വേണ്ടിയുള്ള നാല്പത് ദിവസത്തെ ഉപവാസപ്രാര്‍ത്ഥനകള്‍ ജൂലൈ ഏഴിന് ആരംഭിച്ച് ഓഗസ്റ്റ് 15 ന് സമാപിക്കത്തക്കരീതിയിലാണ് ക്രമീകരിച്ചിരിക്കുന്നത്.
ഭൂതോച്ചാടന പ്രാര്‍ത്ഥനകളും ലുത്തീനിയാകളും ചൊല്ലണമെന്നും നിര്‍ദ്ദേശമുണ്ട്.
ഇതൊരു ദേശീയ മുന്നേറ്റമാണെന്നും എല്ലാവരും പങ്കുചേരണമെന്നുംവൈദികര്‍ ആഹ്വാനം ചെയ്യുന്നു. ഇതിലൂടെ സാത്താനെ തോല്പിക്കുകയും ദൈവകൃപ സ്വന്തമാക്കുകയും ചെയ്യുമെന്നും വൈദികര്‍ പ്രത്യാശ പ്രകടിപ്പിക്കുന്നു.