ഉത്തരീയനാഥയുടെ സന്നിധിയിൽ ആയിരങ്ങൾ ഒഴുകിയെത്തും; രണ്ടാമത് എയ്‌ൽസ്‌ഫോർഡ് തീർത്ഥാടനം മെയ് 25 ന്;


എയ്‌ൽസ്‌ഫോർഡ്: ഇംഗ്ളണ്ടിന്റെ ആരാമമായ കെന്റിലെ പുണ്യപുരാതന മരിയൻ തീർഥാടനകേന്ദ്രമാണ്  എയ്‌ൽസ്‌ഫോർഡ് പ്രയറി. പരിശുദ്ധ ദൈവമാതാവ് വിശുദ്ധ സൈമൺ സ്റ്റോക്ക് പിതാവിന് പ്രത്യക്ഷപ്പെട്ട് ഉത്തരീയം (വെന്തിങ്ങ) നൽകിയ വിശുദ്ധ ഭൂമിയും ലോകമെമ്പാടുമുള്ള മരിയഭക്തരുടെ ആത്മീയ സങ്കേതവുമാണ് എയ്‌ൽസ്‌ഫോർഡ്. കേരളത്തിലെ സുറിയാനി ക്രിസ്ത്യാനികളുടെ  ആത്മീയ ജീവിതവുമായി അഭേദ്യം ബന്ധപെട്ടു നിൽക്കുന്ന വെന്തിങ്ങയുടെ ഉത്ഭവസ്ഥാനം എന്ന നിലയിൽ ബ്രിട്ടനിലെ സുറിയാനിക്രിസ്ത്യാനികളുടെ അനുഗ്രഹാരാമം കൂടിയാണ് ഈ പുണ്യഭൂമി.

ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയുടെ രണ്ടാമത് മരിയൻ തീർത്ഥാടനമാണ് മെയ് 25 ന് അഭിവന്ദ്യ മാർ ജോസഫ് സ്രാമ്പിക്കൽ പിതാവിന്റെ നേതൃത്വത്തിൽ ഇവിടെ നടക്കുന്നത്. വിശ്വാസികളുടെ ബാഹുല്യം നിമിത്തം ശ്രദ്ധേയമായ കഴിഞ്ഞവർഷത്തെ തീർത്ഥാടനം അനന്യമായ ആത്മീയ ഉണർവാണ് രൂപതയ്ക്ക് ആകമാനം നൽകിയത്. രൂപതയിലെ എട്ടു റീജിയനുകൾ കേന്ദ്രീകരിച്ചു തീർത്ഥാടനത്തിന്റെ വിജയത്തിനായി വിപുലമായ ഒരുക്കങ്ങളാണ് നടത്തിവരുന്നത്. 

കഴിഞ്ഞ ഞായറാഴ്ച എയ്‌ൽസ്‌ഫോർഡ് ഡിറ്റൻ ഹാളിൽ ചീഫ് കോ-ഓർഡിനേറ്റര്‍. ഫാ. ടോമി എടാട്ടിന്റെ അധ്യക്ഷതയിൽ കൂടിയ പൊതുയോഗത്തിൽ തീർത്ഥാടനത്തിന്റെ സുഗമമായ നടത്തിപ്പിനായി വിവിധ കമ്മറ്റികൾക്ക് രൂപം കൊടുത്തു.

ജനറൽ കോ-ഓർഡിനേറ്റേഴ്സ് ആയി ഡീക്കൻ ജോയ്‌സ് പള്ളിക്കമ്യാലിൽ, ലിജോ സെബാസ്റ്റ്യൻ മെയ്‌ഡ്‌സ്റ്റോൺ എന്നിവരെയും,  ഫിനാൻസ് കോ-ഓർഡിനേറ്റേഴ്സ്  ആയി ഷാജി ലോനപ്പൻ ക്യാറ്റ്‌ഫോർഡ്, ജസ്റ്റിൻ ജോസഫ് ആഷ്‌ഫോർഡ്  എന്നിവരെയും തെരഞ്ഞെടുത്തു.

വിവിധ കമ്മറ്റികൾക്ക് നേതൃത്വം കൊടുക്കുന്നവർ: ജോസുകുട്ടി ജില്ലിങ്‌ഹാം (ലിറ്റർജി), ബിനു മാത്യു മെയ്‌ഡ്‌സ്റ്റോൺ (റിസപ്ഷൻ), ടോമി വർക്കി സൗത്ത്ബറോ, ജോസഫ് കുര്യൻ ജില്ലിങ്‌ഹാം  (പ്രദിക്ഷണം), റോജോ കുര്യൻ മെയ്‌ഡ്‌സ്റ്റോൺ (ട്രാൻസ്‌പോർട്ട്, പാർക്കിംഗ്), ജോമി ടോൾവർത്ത് (കേറ്ററിംഗ്), അജീഷ് സെബാസ്റ്റ്യൻ മെയ്‌ഡ്‌സ്റ്റോൺ (ഡെക്കറേഷൻ), ആൽബി ജോസഫ് മെയ്‌ഡ്‌സ്റ്റോൺ (ഹെൽത്ത് ആൻഡ് സേഫ്റ്റി). കൂടാതെ സെന്റ് പാദ്രെ പിയോ മിഷൻ എയ്‌ൽസ്‌ഫോർഡ് ട്രസ്റ്റിമാരായ ജോബി ജോസഫ്, അനൂപ് ജോൺ, ജോഷി ആനിത്തോട്ടത്തിൽ എന്നിവർ തീർത്ഥാടനത്തിന്റെ സുഗമമായ നടത്തിപ്പിന് നേതൃത്വം നൽകും.

സീറോ മലബാർ ലണ്ടൻ മിഷൻ ഡയറക്ടറായ . ഫാ. സെബാസ്റ്റ്യൻ ചാമക്കാല ഗാനശുസ്രൂഷകൾക്ക് നേതൃത്വം നൽകും.
ഉച്ചക്ക് പന്ത്രണ്ടുമണിക്കു എയ്‌ൽസ്‌ഫോർഡിലെ പ്രശസ്തമായ  ജപമാലരാമത്തിലൂടെ നടത്തപെടുന്ന കൊന്തപ്രദിക്ഷണത്തിൽ വിശ്വാസികൾ ഒന്നടങ്കം പങ്കുചേരും. അതിനുശേഷം ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കലിന്റെ മുഖ്യകാർമ്മികത്വത്തിൽ ആഘോഷപൂർവ്വമായ തിരുന്നാൾ കുർബാന നടക്കും.

സ്വര്ഗാരോപിതമാതാവിന്റെ ഗ്രോട്ടോയ്‌ക്ക്‌ മുൻപിൽ പ്രത്യേകം തയ്യാറാക്കിയ ബലിപീഠത്തിലായിരിക്കും കുർബാന അർപ്പണം. രൂപതയുടെ എല്ലാ റീജിയനുകളിൽനിന്നും വിശ്വാസികൾക്കൊപ്പം എത്തുന്ന വൈദികർ തിരുക്കർമ്മങ്ങൾക്ക് സഹകാർമ്മികരാകും. വിശുദ്ധകുർബാനക്കു ശേഷം വിശ്വാസപ്രഘോഷണത്തിന്റെ പ്രതീകമായി വാദ്യമേളങ്ങളുടെ അകമ്പടിയോടുകൂടി കർമ്മലമാതാവിന്റെയും മറ്റു വിശുദ്ധരുടെയും തിരുസ്വരൂപങ്ങൾ വഹിച്ചുകൊണ്ടുള്ള ആഘോഷമായ തിരുന്നാൾ പ്രദിക്ഷണം നടക്കും.

തീർത്ഥാടകർക്കായി കാറുകളും കോച്ചുകളും പാർക്ക് ചെയ്യുന്നതിനാവശ്യമായി വിശാലമായ പാർക്കിങ് സൗകര്യം  ഏർപ്പെടുത്തിയിട്ടുണ്ട്. മിതമായ നിരക്കിൽ ഭക്ഷണശാലകളും  ഭക്തസാധങ്ങളുടെ കൗണ്ടറുകളും ഒരുക്കിയിട്ടുണ്ട്. തീർത്ഥാടനത്തോടനുബന്ധിച്ചു നേർച്ചകാഴ്ചകൾ സമർപ്പിക്കാനും, കഴുന്ന്, മുടി, എന്നിവ എഴുന്നള്ളിക്കുന്നതിനും അടിമ വയ്ക്കുന്നതിനും സൗകര്യം ഉണ്ടായിരിക്കും.

തിരുനാൾ  പ്രസുദേന്തിയാകാൻ ആഗ്രഹിക്കുന്നവർ തങ്ങളുടെ മിഷൻ ഡയറക്ടേഴ്‌സുമായോ   തിരുനാൾ കമ്മറ്റി അംഗങ്ങളുമായോ ബന്ധപ്പെടാവുന്നതാണ്. പരിശുദ്ധ കന്യാമറിയത്തിന്റെ പ്രത്യക്ഷീകരണത്താൽ അനുഗ്രഹീതമായ ഈ പുണ്യഭൂമിയിലേക്ക് എല്ലാ വിശ്വാസികളെയും ഹൃദയപൂർവം സ്വാഗതം ചെയ്യുന്നതായി തിരുനാൾ കമ്മറ്റി അറിയിച്ചു.

കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക: ഫാ. ടോമി എടാട്ട് (07438434372), ഡീക്കൻ ജോയ്‌സ് പള്ളിക്കമ്യാലിൽ (07832374201), ലിജോ സെബാസ്റ്റ്യൻ (07828874708)
Addres of the Venue: The Friars, Aylesford, Kent, ME20 7BX



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.
Leave A Reply

Your email address will not be published.